പ്രവാചക ദര്‍ശനങ്ങള്‍ ഏകമുഖ സ്വഭാവമുള്ളതല്ല: ഖലീല്‍ തങ്ങള്‍

Posted on: January 13, 2014 1:29 am | Last updated: January 13, 2014 at 1:30 am

കോഴിക്കോട്: പ്രവാചക ദര്‍ശനങ്ങള്‍ ഏകമുഖ സ്വഭാവമുള്ളതല്ലെന്നും അതിനെ മതസംബന്ധമായി മാത്രം വ്യാഖ്യാനിക്കുന്നത് ചരിത്രത്തോടുള്ള അനീതിയാണെന്നും സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി. കോഴിക്കോട് പന്തീരാങ്കാവ് ഹിദായ ക്യാമ്പസില്‍ നടന്ന പ്രൊഫ്‌സമ്മിറ്റില്‍ സുഭാഷിതം സെഷനില്‍ വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാചക നിര്‍ദേശങ്ങളും ശാസനകളും സര്‍വലോകത്തിനും നന്മ കാംക്ഷിച്ചിട്ടുള്ളതാണ്. ആത്മവിചാരങ്ങള്‍ മാത്രമല്ല തിരുനബി പഠിപ്പിച്ചത്. രാഷ്ട്രനിര്‍മാണ പ്രക്രിയയില്‍ ജനങ്ങളെ പങ്കാളികളാക്കുന്ന നിര്‍ദേശങ്ങള്‍ തിരുവചനങ്ങളിലുണ്ട്. ഭരണാധികാരികള്‍ ജനങ്ങളോട് സ്വീകരിക്കേണ്ട സമീപനവും അവരുടെ മേലുള്ള ബാധ്യതയും പ്രവാചകര്‍ ഓര്‍മപ്പെടുത്തിയിട്ടുണ്ട്. അത് പ്രാവര്‍ത്തികമാക്കുമെങ്കില്‍ ലോകം ഇന്ന് അനുഭവിക്കുന്ന ദാരിദ്ര്യമുള്‍പ്പെടെയുള്ള സാമൂഹിക ദുരിതങ്ങളെ മറികടക്കാന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.