Connect with us

Kerala

ഹയര്‍ സെക്കന്‍ഡറിയില്‍ അഞ്ച് പീരിയഡാക്കും: മന്ത്രി

Published

|

Last Updated

മലപ്പുറം: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരുടെ ജോലി ഭാരം കുറക്കുന്നതിനായി ആഴ്ചയില്‍ അഞ്ച് പീരിയഡാക്കി പ്രിന്‍സിപ്പല്‍മാരുടെ അധ്യാപനം കുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ്. ഇതു സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഉടന്‍ ഉത്തരവിറക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
മലപ്പുറത്ത് കേരള ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍സ് അസോസിയേഷന്‍ നാലാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ സ്ഥാനക്കയറ്റം സംബന്ധിച്ച വിഷയം സജീവ പരിഗണനയിലാണ്. ഹയര്‍ സെക്കന്‍ഡറി മേഖലയിലെ ക്ലര്‍ക്ക്, പ്യൂണ്‍ തസ്തികകളില്‍ നിയമനം നടത്തുന്നതിന് കാലതാമസമെടുക്കില്ലെന്നും മന്ത്രി അറിയിച്ചു. ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ച് സമര്‍പ്പിച്ച ലബ്ബാ കമ്മിറ്റി റിപ്പോര്‍ട്ട് പടിപടിയായി നടപ്പാക്കും. പ്ലസ് ടൂ തലത്തില്‍ പഠനദിനം ആഴ്ചയില്‍ അഞ്ചാക്കി കുറക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിച്ചു വരികയാണ്.
ഈ വിഷയത്തില്‍ പോസിറ്റീവായ നിലപാടാണ്. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഇത് കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. ഈ മേഖലയില്‍ ഒഴിഞ്ഞു കിടക്കുന്ന 2000 തസ്തികള്‍ പി എസ് സിയെ അറിയിച്ചു കഴിഞ്ഞു.
ഉടന്‍ തന്നെ പി എസ് സി നടപടി കൈക്കൊള്ളും. കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ച 174 ബാച്ചുകളില്‍ നിയമനങ്ങള്‍ നടത്തി. പുതുതായി 668 ബാച്ചുകള്‍ അനുവദിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി തടഞ്ഞതിനാല്‍ നടപ്പിലായിട്ടില്ല. കേസില്‍ അനുകൂല വിധി ലഭിക്കുന്നതോടെ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഹയര്‍ സെക്കന്‍ഡറി ബോര്‍ഡിലെ ജോലിത്തിരക്ക് കുറക്കാന്‍ പുതുതായി കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ വരുന്ന റീജ്യനല്‍ ഓഫീസുകള്‍ക്ക് സാധിക്കും. അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ ഉടന്‍ അച്ചടി ആരംഭിക്കും. ഇതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മന്ത്രി പറഞ്ഞു. പരിപാടിയില്‍ കെ എച്ച് എസ് എസ് പി എ സംസ്ഥാന പ്രസിഡന്റ് സി എച്ച് മൂസ അധ്യക്ഷത വഹിച്ചു.

---- facebook comment plugin here -----

Latest