കെ വി തോമസും ഗൗരിയമ്മയും ചര്‍ച്ച നടത്തി

Posted on: January 13, 2014 1:18 am | Last updated: January 13, 2014 at 1:18 am

gouri-amma-1ആലപ്പുഴ: കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായപ്രൊഫ. കെ വി തോമസ്, ജെ എസ് എസ് നേതാവ് കെ ആര്‍ ഗൗരിയമ്മയെ സന്ദര്‍ശിച്ചു. യു ഡി എഫ് വിടുന്ന കാര്യം ഈ മാസം നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരിക്കെയാണ് ഗൗരിയമ്മയെ കെ വി തോമസ് സന്ദര്‍ശിച്ചതെന്നതിനാല്‍ ഏറെ രാഷ്ട്രീയ പ്രാധാന്യം ഉണ്ട്. എന്നാല്‍ സന്ദര്‍ശനത്തില്‍ രാഷ്ട്രീയലക്ഷ്യമില്ലെന്നും സൗഹൃദം പുതുക്കല്‍ മാത്രമായിരുന്നെന്നും ഇരുവരും പറഞ്ഞു. പുറക്കാട് സെന്‍ട്രല്‍ വെയര്‍ ഹൗസിന്റെ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുത്തശേഷം ഇന്നലെ ഉച്ചക്ക് ഒരുമണിയോടെയാണ് കെ വി തോമസ് ഗൗരിയമ്മയുടെ വീട്ടിലെത്തിയത്.
ഭക്ഷണം കഴിച്ചശേഷം അര മണിക്കൂറോളം ഇരുവരും ചര്‍ച്ച നടത്തി. എന്നാല്‍, രാഷ്ട്രീയ കാര്യങ്ങളൊന്നും സംസാരിച്ചില്ലെന്ന് പിന്നീട് മാധ്യമപ്രവര്‍ത്തകരോട് കേന്ദ്ര മന്ത്രി കെ വി തോമസ് പറഞ്ഞു. യു ഡി എഫ് രാഷ്ട്രീയം സംസാരിക്കേണ്ടത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ പി സി സി പ്രസിഡന്റുമൊക്കെയാണ്. കുട്ടനാട് പാക്കേജിന് ഏറെ സംഭാവന ചെയ്ത നേതാവെന്ന നിലയില്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഗൗരിയമ്മയുമായി സംസാരിച്ചെന്നും കെ വി തോമസ് പറഞ്ഞു.