Connect with us

Kerala

രജിസ്‌ട്രേഷനില്ലാത്ത സ്വകാര്യ മെഡിക്കല്‍ ലാബുകള്‍ ഭീഷണിയാകുന്നു

Published

|

Last Updated

കൊല്ലം: ആരോഗ്യ വകുപ്പിന്റെ രജിസ്‌ട്രേഷനില്ലാത്ത സ്വകാര്യ മെഡിക്കല്‍ ലാബുകള്‍ സംസ്ഥാനത്ത് വ്യാപകമാകുന്നു. വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ലാബുകളില്‍ ഭൂരിഭാഗവും ഇത്തരത്തിലുളള താണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ തന്നെ സമ്മതിക്കുന്നുണ്ട്.

മെഡിക്കല്‍ ലാബ് തുടങ്ങണമെങ്കില്‍ ആരോഗ്യ വകുപ്പിന്റെ അനുമതിയോ രജിസ്‌ട്രേഷനോ വേണമെന്ന് കര്‍ശനമായ വ്യവസ്ഥയുണ്ട്. ലാബുകളില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ സന്ദര്‍ശനം നടത്തി യോഗ്യതയുള്ള ജീവനക്കാരാണോ ജോലി ചെയ്യുന്നതെന്നും അവശ്യം ഉണ്ടായിരിക്കേണ്ട സൗകര്യങ്ങള്‍ ഉണ്ടോയെന്നും ഉറപ്പ് വരുത്തണമെന്നിരിക്കെ ഇതൊന്നും നടക്കുന്നില്ലെന്നതാണ് വാസ്തവം. നിയമങ്ങള്‍ കാറ്റില്‍ പറത്തി മെഡിക്കല്‍ ലാബുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ മൗനാനുവാദം നല്‍കുകയാണെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. വന്‍ തോതില്‍ അഴിമതിയും ഇക്കാരത്തില്‍ നടക്കുന്നതായി വിവരം പുറത്തുവന്നിട്ടുണ്ട്.
വ്യവസ്ഥകള്‍ ലംഘിക്കുന്ന ഇത്തരം ലാബുകളുടെ പ്രവര്‍ത്തനം ജനങ്ങളുടെ ജീവന് കനത്ത ഭീഷണി സൃഷ്ടിക്കുന്നു എന്ന് മാത്രമല്ല തെറ്റായ മെഡിക്കല്‍ ലാബ് റിപ്പോര്‍ട്ടുകള്‍ നല്‍കി സ്വകാര്യ മെഡിക്കല്‍ ലാബുകള്‍ ജനങ്ങളെ കൊള്ളയടിക്കുന്നുമെന്നാണ് ആരോപണം. സമീപനാളില്‍ കൊല്ലം ജില്ലയിലെ ഒരു ലാബില്‍ കൊളസ്‌ട്രോളും ഹീമോഗ്ലോബിനും പരിശോധിച്ചപ്പോള്‍ കൊളസ്‌ട്രോള്‍ 164, ഹീമോഗ്ലോബിന്‍ 12.2 എന്നുള്ള ഫലമാണ് ലഭിച്ചത്. സംശയം തോന്നി മറ്റൊരു ലാബില്‍ പരിശോധിച്ചപ്പോള്‍ കൊളസ്‌ട്രോള്‍- 260, ഹീമോഗ്ലോബിന്‍ 13 .4 എന്നാണ് റിപ്പോര്‍ട്ട് ലഭിച്ചത്.
രണ്ട് റിപ്പോര്‍ട്ടുകളും തമ്മിലുള്ള വ്യത്യാസം ബോധ്യപ്പെട്ട് മൂന്നാമത്തെ ലാബില്‍ പരിശോധിച്ചപ്പോള്‍ കൊളസ്‌ട്രോള്‍- 230, ഹീമോഗ്ലോബിന്‍- 14 എന്നും ഫലം കിട്ടി. ഇത്തരത്തിലുള്ള റിസല്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് മരുന്ന് നല്‍കിയാല്‍ വളരെ അപകടകരമായ സ്ഥിതിവിശേഷമാണ് സംഭവിക്കുകയെന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.
യോഗ്യതയില്ലാത്ത ജീവനക്കാരും സൗകര്യങ്ങളില്ലാത്ത ലാബുമാണ് ഫലത്തില്‍ കാര്യമായ വ്യത്യാസമുണ്ടാകാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. തെറ്റായ റിപ്പോര്‍ട്ട് മൂലം ടൈഫോയ്ഡിന് ചികിത്സയില്‍ കഴിഞ്ഞിരുന്ന പതിമൂന്നുകാരി ഭാഗ്യംകൊണ്ട് മാത്രം രക്ഷപ്പെട്ട സംഭവം നേരത്തെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
പനി ബാധിച്ച പെണ്‍കുട്ടിയുടെ രക്തപരിശോധന നടത്തിയപ്പോള്‍ ടൈഫോയ്ഡാണെന്ന റിപ്പോര്‍ട്ടാണ് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ ചികിത്സയും തുടങ്ങി. പിന്നീട് സംശയം തോന്നിയ ഡോക്ടര്‍ മറ്റൊരു ലാബില്‍ പരിശോധിക്കാന്‍ നിര്‍ദേശിച്ചു. ഇവര്‍ക്ക് വൈറല്‍ ഫീവര്‍ മാത്രമാണെന്നായിരുന്നു റിപ്പോര്‍ട്ട്.
മനുഷ്യ ജീവന് ഭീഷണിയായി അംഗീകാരമോ രജിസ്‌ട്രേഷനോ ഇല്ലാതെ സ്വകാര്യ ലാബുകള്‍ പ്രവര്‍ത്തിക്കുമ്പോഴും ആരോഗ്യ വകുപ്പ് ചെറുവിരല്‍ പോലും അനക്കുന്നില്ല. ഇതിന് കൂട്ട് നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.