Connect with us

National

ബീഹാറില്‍ 2004 ആവര്‍ത്തിക്കാന്‍ 'മഹാസഖ്യ'ത്തിന് ശ്രമം ഊര്‍ജിതം

Published

|

Last Updated

പാറ്റ്‌ന: ബീഹാറിലെ 40 ലോക്‌സഭാ സീറ്റുകളില്‍ 29 എണ്ണവും കൈയടക്കിയ 2004ലെ “മഹാസഖ്യം” പുനരുജ്ജീവിപ്പിക്കാന്‍ കോണ്‍ഗ്രസും ലാലുപ്രസാദ് യാദവിന്റെ ആര്‍ ജെ ഡിയും രാം വിലാസ് പസ്വാന്റെ ലോക്ജനശക്തി പാര്‍ട്ടിയും (എല്‍ ജെ പി) ഊര്‍ജിത ശ്രമം ആരംഭിച്ചു. കഴിഞ്ഞയാഴ്ച, ലാലുപ്രസാദ് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി, വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി എന്നിവരുമായി കൂടിയാലോചനകള്‍ നടത്തിയിരുന്നു.

2009ലെ തിരഞ്ഞെടുപ്പില്‍ ലാലുപ്രസാദിന്റെ അതിരുകവിഞ്ഞ അവകാശവാദം കാരണം മഹാസഖ്യം പൊളിഞ്ഞിരുന്നു. തനിച്ച് മത്സരിച്ച കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമായി. എല്‍ ജെ പിക്ക് ഒരു സീറ്റ് പോലും നേടാനായില്ല. ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ ഗിന്നസ് ബുക്കില്‍ ലോക റെക്കോര്‍ഡ് രേഖപ്പെടുത്തിയ ഹാജിപൂര്‍ മണ്ഡലത്തില്‍ പോലും രാം വിലാസ് പസ്വാന്‍ അമ്പേ പരാജയപ്പെട്ടു. 2004ലെ “മഹാസഖ്യ”ത്തിന്റെ പുനര്‍ജനിക്കായി ലാലുവിന്റെ കഠിന ശ്രമങ്ങള്‍ ബീഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍-യു നേതാവുമായ നിതീഷ് കുമാറിന്റെ ഉറക്കം കെടുത്തുന്നുണ്ട്. 2005 മുതല്‍ ബീഹാറില്‍ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ജൈത്രയാത്ര നടത്തുന്ന നിതീഷ്‌കുമാര്‍ ഇതിന് കടപ്പെട്ടിരിക്കുന്നത് ബി ജെ പിയോടാണ്. വികസനപ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ നിതീഷ്, ബീഹാറില്‍ പുതിയൊരു പാത തന്നെ വെട്ടിത്തുറന്നിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പില്‍ ജയപരാജയങ്ങള്‍ തീരുമാനിക്കുന്നത് ജാതി മത സമവാക്യങ്ങള്‍ ആണ്. ഇക്കാര്യത്തില്‍ ബി ജെ പിക്ക് കാര്യമായ പങ്ക് വഹിക്കാനുമാകും.

2010ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വിലയിരുത്തിയാല്‍ ഇത് ബോധ്യമാകും. അന്ന് 23 ശതമാനം വോട്ട് നേടിയ ജനതാദള്‍-യു 115 സീറ്റുകള്‍ നേടി. 16.5 ശതമാനം വോട്ട് നേടിയ ബി ജെ പിക്ക് 91 സീറ്റുകളും നേടാനായി. ജനതാദള്‍-യു വും ബി ജെ പി യും ചേര്‍ന്ന് 39.5 ശതമാനം വോട്ടും 206 സീറ്റുകളും നേടി. 243 അംഗ നിയമസഭയില്‍ അവര്‍ അഞ്ചില്‍ നാല് ഭൂരിപക്ഷം നേടി. ഇത് ബീഹാറിന്റെ ചരിത്രത്തില്‍ അപൂര്‍വമാണ്.
അതേസമയം 19 ശതമാനം വോട്ട് നേടിയ ആര്‍ ജെ ഡിക്ക് കൈക്കലാക്കാന്‍ കഴിഞ്ഞത് 22 സീറ്റുകള്‍ മാത്രമാണ്. ആര്‍ ജെ ഡിയേക്കാള്‍ ഏതാണ്ട് മൂന്ന് ശതമാനം വോട്ട് മാത്രം കൂടുതല്‍ ലഭിച്ച ബി ജെ പിക്ക് ലഭിച്ചത് 91 സീറ്റുകള്‍. ഏഴ് ശതമാനം വോട്ട് ലഭിച്ച എല്‍ ജെ പിക്ക് മൂന്ന് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. എട്ട് ശതമാനം വോട്ട് ലഭിച്ച കോണ്‍ഗ്രസിന് നാല് സീറ്റാണ് നേടാനായത്. ഈ കക്ഷികള്‍ ഒന്നിച്ച് മത്സരിച്ചിരുന്നുവെങ്കില്‍ നിതീഷ്‌കുമാറിന് ഈ തകര്‍പ്പന്‍ വിജയം നേടാനാകുമായിരുന്നില്ല.
ഇപ്പോള്‍ ബി ജെ പി നിതീഷിനൊപ്പമില്ല. അതുകൊണ്ടുതന്നെ സവര്‍ണ വോട്ടുകള്‍ ബി ജെ പിക്കൊപ്പം പോകുമെന്ന് അദ്ദേഹത്തിനറിയാം. ഈ പശ്ചാത്തലത്തില്‍ ത്രികോണ മത്സരത്തെ ജനതാദള്‍-യു ഏറെ ഭയപ്പെടുന്നു.

സാമുദായിക ബലാബലം കണക്കിലെടുത്താല്‍ നിതീഷിന്റെ കുര്‍മികള്‍ മൂന്ന് ശതമാനം മാത്രമാണ്. ലാലുവിന്റെ യാദവ സമുദായക്കാര്‍ 12 ശതമാനം വരും. മുസ്‌ലിംകള്‍ 17 ശതമാനമുണ്ട്. ഇതായിരിക്കും ബീഹാറിലെ തിരഞ്ഞെടുപ്പ് ഫലത്തെ നിര്‍ണയിക്കുക. കോണ്‍ഗ്രസ്, ലാലുവുമായി സഖ്യത്തിന് ആഗ്രഹിക്കുമ്പോള്‍ വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ജനതാദള്‍-യുവുമായി സഖ്യമാകുന്നതാണ് നല്ലതെന്ന് കരുതുന്നു.