കല്‍ക്കരി: സി ബി ഐ റിപ്പോര്‍ട്ട് ഇന്ന് സുപ്രീം കോടതിയില്‍

Posted on: January 13, 2014 6:00 am | Last updated: January 13, 2014 at 6:15 pm

coal-mine-odishaന്യൂഡല്‍ഹി: അറുപത് കല്‍ക്കരിപ്പാടങ്ങളെ അഴിമതി സംബന്ധിച്ച അന്വേഷണത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് സി ബി ഐ. കല്‍ക്കരിപ്പാടം അനുവദിച്ച ഇവിടങ്ങളില്‍ കുറ്റകരമായ യാതൊന്നും നടന്നിട്ടില്ലെന്നാണ് സി ബി ഐയുടെ നിഗമനം. ഇവക്കെതിരെയുള്ള അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടി സി ബി ഐ സുപ്രീം കോടതിയില്‍ ഹരജി നല്‍കും.
60 ഇടങ്ങളില്‍ കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ അഴിമതി നടന്നിട്ടില്ലെന്ന് സി ബി ഐ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഈ പാടങ്ങളെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തില്‍ നിന്ന് ഒഴിവാക്കുമോ എന്നത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുക സുപ്രീം കോടതിയായിരിക്കും. അതിനിടെ, കല്‍ക്കരി പ്പാടം അഴിമതിക്കേസില്‍ ഇന്ന് സുപ്രീം കോടതിയില്‍ നിജസ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സി ബി ഐ വൃത്തങ്ങള്‍ അറിയിച്ചു.

നിലവില്‍ 195 കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതിലാണ് അന്വേഷണം നടത്തിയത്. ഇതില്‍ പതിനാറ് ഇടങ്ങളില്‍ അഴിമതി, വഞ്ചന, കുറ്റകരമായ ഇടപെടല്‍ എന്നിവ പ്രഥമദൃഷ്ട്യാ സി ബി ഐ കണ്ടെത്തിയിരുന്നു. ഇതനുസരിച്ച് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. എന്നാല്‍ അറുപത് പാടങ്ങളിലെ ഇടപാടുകള്‍ തികച്ചും സുതാര്യമാണെന്നാണ് സി ബി ഐ കണ്ടെത്തിയത്.

സംസ്ഥാന സര്‍ക്കാറുകളുടെ റിപ്പോര്‍ട്ടുകള്‍, ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍, സ്‌ക്രീനിംഗ് കമ്മിറ്റിയുടെ മിനിട്ട്‌സ്, കല്‍ക്കരി കമ്പനികള്‍ സമര്‍പ്പിച്ച രേഖകള്‍ എന്നിവ അന്വേഷണ ഘട്ടത്തില്‍ സി ബി ഐ വിശദമായ പരിശോധനക്ക് വിധേയമാക്കിയിരുന്നു. കല്‍ക്കരിപ്പാടങ്ങള്‍ സ്വന്തമാക്കിയ കമ്പനികളുടെ എക്‌സിക്യൂട്ടീവുകളെ സി ബി ഐ വിളിച്ചുവരുത്തി പല ഘട്ടങ്ങളിലും ചോദ്യം ചെയ്തിരുന്നു. എ എം ആര്‍ അയണ്‍ ആന്‍ഡ് സ്റ്റീല്‍, ജെ എല്‍ ഡി യവാത്മല്‍ എനര്‍ജി, വിനി അയണ്‍ ആന്‍ഡ് സ്റ്റീല്‍ ഉദ്യോഗ്, ജെ എ എസ് ഇന്‍ഫ്രാസ്ട്രക്ചര്‍ ക്യാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ്, വികാഷ് മെറ്റല്‍സ്, ഗ്രേസ് ഇന്‍ഡസ്ട്രീസ്, ഗഗന്‍ സ്‌പോഞ്ച്, ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍, രതി സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡ്, ഝാര്‍ഖണ്ഡ് ഇസ്പത്, ഗ്രീന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, കമല്‍ സ്‌പോഞ്ച്, പുഷ്പ് സ്റ്റീല്‍, പിന്‍ഡല്‍കോ, ബി എല്‍ എ ഇന്‍ഡസ്ട്രീസ്, കാസ്‌ട്രോണ്‍ ടെക്‌നോളജീസ്, കാസ്‌ട്രോണ്‍ മൈനിംഗ് എന്നീ കമ്പനികള്‍ക്കെതിരെ 16 എഫ് ഐ ആറുകളാണ് സമര്‍പ്പിച്ചിട്ടുള്ളത്. 2006 മുതല്‍ 2009 വരെ, 1993, 2004 എന്നിങ്ങനെ കല്‍ക്കരിപ്പാടം അനുവദിച്ച മൂന്ന് ഘട്ടങ്ങളായി തിരിച്ചുള്ള പ്രാഥമികാന്വേഷണശേഷമാണ് ഈ എഫ് ഐ ആറുകള്‍ തയ്യാറാക്കിയത്. ഇത് കൂടാതെ ഫയല്‍ കാണാതായതുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലും അന്വേഷണം നടത്തിയിരുന്നു.

കല്‍ക്കരിപ്പാടം അനുവദിച്ചതുമായി ബന്ധപ്പെട്ട ഒട്ടുമിക്ക ഫയലുകളും പരിശോധിച്ചുവെന്നും ഇതുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്നും സി ബി ഐ ഇന്ന് സുപ്രീം കോടതിയോട് അഭ്യര്‍ഥിക്കുമെന്നാണ് അറിയുന്നത്. ആറോളം എഫ് ഐ ആറുകളിലെ അന്വേഷണം സി ബി ഐ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. അന്തിമ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും.

കല്‍ക്കരിപ്പാടം അഴിമതിക്കേസ് അന്വേഷണം നീണ്ടുപോകുന്നതില്‍ സി ബി ഐയെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതില്‍ വീഴ്ച സംഭവിച്ചെന്ന് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കുറ്റസമ്മതം നടത്തുകയും ചെയ്തു. ‘നല്ല ഉദ്ദേശ്യത്തോടെയാണ് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. പക്ഷേ, ചില തെറ്റുകള്‍ സര്‍ക്കാറിന് പറ്റി. ആ തെറ്റുകള്‍ തിരുത്തും’ എന്നായിരുന്നു അറ്റോര്‍ണി ജനറല്‍ ഗുലാം ഇ വഹന്‍വതി സുപ്രീം കോടതിയില്‍ പറഞ്ഞത്.