Connect with us

Kerala

ഗതാഗത നിയമലംഘനം തടയാന്‍ മൂന്നാം കണ്ണ്

Published

|

Last Updated

തിരുവനന്തപുരം: പോലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെയും കണ്ണുവെട്ടിച്ച് രക്ഷപ്പെടുന്നവര്‍ സൂക്ഷിക്കുക, ഇനി നിങ്ങളെ പിടിക്കാന്‍ ഒരു മൂന്നാം കണ്ണ്. മോട്ടോര്‍ വാഹന വകുപ്പ് രൂപം നല്‍കിയ “തേര്‍ഡ് ഐ” പദ്ധതി ഉടന്‍ സംസ്ഥാനത്ത് നിലവില്‍ വരും. നിയമലംഘനം പൊതുജന പങ്കാളിത്തതോടെ തടയാന്‍ ലക്ഷ്യമിട്ടാണിത്. പ്രഥമദൃഷ്ട്യാ കാണുന്ന നിയമ ലംഘനങ്ങള്‍ മൊബൈലിലോ ക്യാമറയിലോ പകര്‍ത്തി എസ് എം എസ് വഴിയോ ഇ- മെയില്‍ വഴിയോ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നതാണ് പദ്ധതി. അപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ചികിത്സയും പുനരധിവാസവും ഉറപ്പ് വരുത്താന്‍ ലക്ഷ്യമിട്ട് തിരുവനന്തപുരത്ത് നടപ്പാക്കിയ ട്രസ്റ്റ് പദ്ധതി സംസ്ഥാനവ്യാപകമാക്കാനും തീരുമാനിച്ചിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പ് നടപടികള്‍ കര്‍ശനമാക്കിയതോടെ വാഹനാപകടങ്ങള്‍ വന്‍തോതില്‍ കുറയുന്ന പശ്ചാത്തലത്തിലാണ് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്.
രണ്ടില്‍ കൂടുതല്‍ പേര്‍ ബൈക്കില്‍ സഞ്ചരിക്കുക, ഹെല്‍മെറ്റില്ലാതെ ബൈക്കോടിക്കുക, നമ്പര്‍ പ്ലേറ്റില്‍ കൃത്രിമം കാണിക്കുക, കൂളിംഗ് ഫിലിം ഒട്ടിച്ച് വാഹനം ഓടിക്കുക തുടങ്ങിയ പ്രഥമദൃഷ്ട്യായുള്ള നിയമലംഘനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലളിതമായി ഉദ്യോഗസ്ഥരെ അറിയിക്കാന്‍ തേര്‍ഡ് ഐ വഴി കഴിയും. ഇത്തരം നിയമലംഘനങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഉദ്യോഗസ്ഥര്‍ക്ക് ഇ- മെയില്‍, എസ് എം എസ് വഴി കൈമാറിയാല്‍ മതി. സന്ദേശങ്ങളുടെ ആധികാരികത ഉറപ്പുവരുത്തിയ ശേഷം ബന്ധപ്പെട്ട മോട്ടോര്‍ വാഹനവകുപ്പ് ഓഫീസില്‍ നിന്ന് തുടര്‍നടപടികള്‍ സ്വീകരിക്കും.
നിയമലംഘനം തടയാന്‍സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ മോട്ടോര്‍ വാഹന വകുപ്പ് വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ക്ലോസ്ഡ് ഗ്രൂപ്പ് സിസ്റ്റത്തിലൂടെയുള്ള മൊബൈല്‍ ഫോണ്‍ സംവിധാനം ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെല്ലാം നല്‍കിയിട്ടുണ്ട്. വാട്‌സ് അപ്പ് സംവിധാനവും ഫേസ്ബുക്ക് അക്കൗണ്ടും തുടങ്ങണമെന്ന കര്‍ശന നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
ഇ- മെയില്‍ വഴിയുള്ള പരാതികള്‍ പരിശോധിക്കാനും തുടര്‍ നടപടികള്‍ക്കുമായി സംസ്ഥാനതലത്തില്‍ പ്രത്യേക മോനിറ്ററിംഗ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് 2013ല്‍ വാഹനാപകട നിരക്ക് കുറഞ്ഞെന്നാണ് സ്റ്റേറ്റ് െ്രെകം റിക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍. വേഗപ്പൂട്ട് ഘടിപ്പിച്ചതിലൂടെ കൈവന്ന, സംസ്ഥാനത്ത് ഉടനീളമുള്ള വലിയ വാഹനങ്ങളുടെ അമിത വേഗനിയന്ത്രണവും ചേര്‍ത്തല മുതല്‍ മണ്ണുത്തി വരെയുള്ള ഹൈവേയില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറകളിലൂടെയുള്ള വേഗ നിയന്ത്രണം, തിരുവനന്തപുരം സിറ്റിയില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറകളിലൂടെയുള്ള നിയമലംഘന നിയന്ത്രണം, ഹെല്‍മറ്റ് നിയമം കര്‍ക്കശമാക്കിയതിലൂടെ കേരളത്തിലെ നിരത്തുകളില്‍ 60 ശതമാനം വരുന്ന ഇരുചക്ര വാഹന ഉപയോക്താക്കളിലുണ്ടായ നിയന്ത്രണം തുടങ്ങിയവയിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്. നാലുവരിപ്പാതകളിലും ആറുവരിപ്പാതകളിലും പൊതുവായി പാലിക്കേണ്ട ലൈന്‍ ട്രാഫിക്കിനെ കുറിച്ചുള്ള ബോധവത്കരണം, ബ്രത്ത് അനലൈസര്‍ ഉപയോഗിച്ചുള്ള പരിശോധന വഴി നിയന്ത്രണത്തിലാക്കിയ മദ്യം കഴിച്ചതിന് ശേഷമുള്ള വാഹന ഉപയോഗം, മൊബൈല്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളുടെ ശക്തമായ ഇടപെടല്‍, മോട്ടോര്‍ വാഹന വകുപ്പ് മുന്‍കൈയെടുത്ത് നടപ്പാക്കി വരുന്ന വിവിധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയും പ്രയോജനം ചെയ്തു. കൂടുതല്‍ നവീന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിലൂടെ അപകടം ഇനിയും കുറക്കാന്‍ കഴിയുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്കുകൂട്ടല്‍.
അപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് പ്രാഥമിക ശുശ്രൂഷയും പിന്നീട് അവരുടെ പുനരധിവാസവും ഉറപ്പ് വരുത്താന്‍ ലക്ഷ്യമിട്ടാണ് ട്രോമ കെയര്‍ ആന്‍ഡ് റോഡ് സേഫ്റ്റി സര്‍വീസ് ഇന്‍ ട്രിവാന്‍ഡ്രം (ട്രസ്റ്റ്) തുടങ്ങിയത്. എല്ലാ ജില്ലകളിലേക്കും ഇത് വ്യാപിപ്പിക്കണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. അപകടത്തില്‍പ്പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നതിനും പുതിയ ഗതാഗത സംസ്‌കാരം കൊണ്ടുവരുന്നതിനുമായി വളണ്ടിയര്‍മാര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കുന്നുണ്ട്. റോഡ് സുരക്ഷാ പ്രവര്‍ത്തനങ്ങളില്‍ താത്പര്യമുള്ളവര്‍ക്കെല്ലാം ഇതുമായി സഹകരിക്കാം.

Latest