Connect with us

Editorial

തെക്കന്‍ സുഡാനെ ആര് രക്ഷിക്കും?

Published

|

Last Updated

മാസം തികയും മുമ്പേ ജന്മമെടുത്ത കുഞ്ഞിന്റെ ഉപമയാണ് തെക്കന്‍ സുഡാന് ചേരുക. ഹിതപരിശോധനക്കൊടുവില്‍ ലോകത്തെ ഏറ്റവും പുതിയ രാഷ്ട്രമായി പിറന്നുവീണത് 2011 ജൂലൈ ഒന്‍പതിനാണ്. ഐക്യ സുഡാനില്‍ നിന്ന് വേര്‍പെട്ടുകിട്ടാന്‍ വേണ്ടി ചിന്തിയ ചോരക്ക് കണക്കില്ല. ഗറില്ലാ യുദ്ധമുറകളിലൂടെ ഗോത്ര സൈനിക ശക്തി ഉപയോഗിച്ച് നിരന്തരം ആക്രമണം അഴിച്ചുവിട്ടാണ് ദക്ഷിണ സുഡാന്‍ എന്ന ആവശ്യം സ്ഥാപിക്കപ്പെട്ടത്. ഉമര്‍ അല്‍ ബാശിര്‍ പ്രസിഡന്റായ സുഡാന്‍ അഥവാ ഇന്നത്തെ വടക്കന്‍ സുഡാന്‍ ശക്തമായ അടിച്ചമര്‍ത്തല്‍ നടത്തുകയും ചെയ്തു. എണ്ണസമ്പന്നമായ ഭൂപ്രദേശമാണ് എന്ന ഒറ്റക്കാരണത്താല്‍ പാശ്ചാത്യപൗരസ്ത്യവ്യത്യാസമില്ലാതെ വന്‍ ശക്തികള്‍ ഈ ഏറ്റുമുട്ടലുകളില്‍ പക്ഷം പിടിച്ചു. ഇസ്‌റാഈല്‍, അമേരിക്ക, ബ്രിട്ടന്‍, ചൈന തുടങ്ങിയ ശക്തികള്‍ എങ്ങനെയെങ്കിലും ദക്ഷിണ സുഡാന്‍ വേര്‍പെട്ട് കിട്ടാനാണ് യത്‌നിച്ചത്. എണ്ണസമ്പത്ത് ദേശസാത്കരിക്കാനും സ്വന്തം സംവിധാനം ഉപയോഗിച്ച് എണ്ണ ശുദ്ധീകരണവും വിപണനവും നടത്താനുമാണ് ഉമര്‍ ബാശിര്‍ ശ്രമിച്ചത്. സ്വയംഭരണം അനുവദിക്കപ്പെട്ട ദക്ഷിണ സുഡാനുമായി ഇക്കാര്യത്തില്‍ വ്യവസ്ഥാപിതമായ കരാര്‍ രൂപപ്പെടുത്താന്‍ അദ്ദേഹത്തിന് സാധിക്കുകയും ചെയ്തിരുന്നു. പക്ഷേ വേര്‍പെടുകയെന്ന സ്വപ്‌നത്തില്‍ സല്‍വാ കിര്‍ അടക്കമുള്ള തെക്കന്‍ നേതാക്കള്‍ അകപ്പെട്ടു പോയിരുന്നു. ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമെന്ന നിലയില്‍ അത്തരമൊരു വൈകാരികതയും ഈ വേര്‍പെടലിന് പിന്നിലുണ്ടായിരുന്നു.
പക്ഷേ, പിറന്ന് മൂന്ന് വര്‍ഷം പിന്നിടുമ്പോഴേക്ക് ആന്തരിക സംഘര്‍ഷത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ് ഈ രാഷ്ട്രം. ഗോത്രവൈരം തീര്‍ത്ത ആക്രമണ പരമ്പരകളില്‍ മനുഷ്യര്‍ മരിച്ചു വീഴുകയാണ്. സമ്പദ്‌വ്യവസ്ഥ തകര്‍ന്നടിഞ്ഞിരിക്കുന്നു. എണ്ണ ഉത്പാദനം നിര്‍ത്തിവെക്കേണ്ടി വന്നു. വിദേശ കമ്പനികള്‍ ഒന്നൊന്നായി രാജ്യം വിടുകയാണ്. പുതിയ രാഷ്ട്രത്തിനായി ഒത്താശ ചെയ്ത ഇസ്‌റാഈലും അമേരിക്കയും അടക്കമുള്ളവര്‍ക്ക് സമാധാനപാലനത്തിനായി ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. കലാപബാധിത പ്രദേശത്ത് നിന്ന് ജനങ്ങളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച അമേരിക്കന്‍ വിമാനം വരെ ആക്രമിക്കപ്പെട്ടു. യു എന്‍ സൈന്യത്തിനും രക്ഷയില്ല. ബോര്‍, ബെന്‍തിയു തുടങ്ങിയ വിമത കേന്ദ്രങ്ങളില്‍ നിന്ന് ജനങ്ങള്‍ കൂട്ടത്തോടെ പലായനം ചെയ്യുകയാണ്. ഡിസംബര്‍ മധ്യത്തില്‍ തുടങ്ങിയ സംഘര്‍ഷം ജനുവരി പകുതിയാകുമ്പോഴും ശമനമില്ലാതെ തുടരുകയാണ്. ആഫ്രിക്കന്‍ യൂനിയന്‍ നടത്തിയ ഇടപെടലുകളും ഫലം കണ്ടിട്ടില്ല. ആയിരം പേര്‍ ഇതിനകം മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. രണ്ട് ലക്ഷം പേര്‍ അഭയാര്‍ഥി ക്യാമ്പുകളിലാണ്.
ദക്ഷിണ സുഡാനില്‍ ഭരണം കൈയാളുന്ന സുഡാന്‍ പീപ്പിള്‍സ് ലിബറേഷന്‍ മൂവ്‌മെന്റി (എസ് പി എല്‍ എം)ലെ അധികാര വടംവലിയാണ് പുതിയ ചോരക്കളിക്ക് കാരണം. ഗോത്ര വൈരം തന്നെയാണ് അടിസ്ഥാന പ്രശ്‌നം. ഐക്യ സുഡാനില്‍ നിന്ന് വേര്‍പെടാനായി ദശകങ്ങള്‍ നീണ്ട ഗറില്ലാ ആക്രമണങ്ങളും രക്തരൂഷിത പോരാട്ടങ്ങളും നടത്തിയ എസ് പി എല്‍ എമ്മിന് അധികാരം കൈവന്നപ്പോള്‍ സംഘടനക്കകത്തെ ഗോത്രങ്ങള്‍ക്കിടയില്‍ അത് എങ്ങനെ വീതിക്കണമെന്ന് അറിയാതെ പോയി. വന്‍ ശക്തികളുടെ ആശീര്‍വാദമുണ്ടായതിനാല്‍ കണ്ണടച്ചു തുറക്കും മുമ്പ് അന്താരാഷ്ട്ര വേദികളില്‍ അംഗീകാരങ്ങളുടെ രക്ഷാകര്‍തൃത്വം കൈവന്നെങ്കിലും സുസ്ഥിരമായ ഭരണം കാഴ്ചവെക്കുംവിധം അധികാര വിഭജനം നടത്തുന്നതില്‍ എസ് പി എല്‍ എം നേതാക്കള്‍ അമ്പേ പരാജയപ്പെട്ടു.
ഉമര്‍ ബാശിര്‍ ഭരണകൂടത്തിനെതിരെ ജോണ്‍ ഗാരംഗിന്റെ നേതൃത്വത്തില്‍ ക്രൂരമായ ആക്രമണങ്ങള്‍ അഴിച്ചുവിട്ടപ്പോള്‍ രണ്ടാം നിരക്കാരായിരുന്നു ഇപ്പോഴത്തെ പ്രസിഡന്റ് സല്‍വാ കിറും പുറത്താക്കപ്പെട്ട വൈസ് പ്രസിഡന്റ് റീക് മച്ചറും. ദക്ഷിണ സുഡാന്റെ രാഷ്ട്രപിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗാരംഗിന്റെ കാലത്ത് തന്നെ ഈ രണ്ടാം നിരക്കാര്‍ തമ്മില്‍ വടംവലി ശക്തമായിരുന്നു. ദിങ്കാ ഗോത്രക്കാരനാണ് സല്‍വാ കിര്‍. മച്ചര്‍, നുവര്‍ ഗോത്രക്കാരനും. ദിങ്കാ വിഭാഗമാണ് ഭൂരിപക്ഷം. 2005ല്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ ഗാരംഗ് കൊല്ലപ്പെട്ടതോടെ സംഘടനക്കകത്തെ വിമത പ്രവര്‍ത്തനം അവസാനിപ്പിച്ച മച്ചര്‍, സല്‍വാ കിറുമായി കൈകോര്‍ക്കാന്‍ തയ്യാറായി. ഒടുവില്‍ തന്റെ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ കരുക്കള്‍ നീക്കിയെന്നാരോപിച്ച് വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മച്ചറെ പുറത്താക്കിയതോടെയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ തുടങ്ങിയത്.
മച്ചര്‍ക്ക് കൂടുതല്‍ ഗോത്രവിഭാഗങ്ങള്‍ പിന്തുണ പ്രഖ്യാപിക്കുന്ന ഈ ഘട്ടത്തില്‍ വീണ്ടുമൊരു വിഭജനമാണ് മണക്കുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങള്‍ കോളനികളായി കൈവശം വെച്ച കാലം തൊട്ട് പാശ്ചാത്യ ശക്തികള്‍ വിതച്ച വിഘടന വിത്തുകള്‍ പുതിയ രൂപങ്ങളില്‍ മുളച്ചു പൊങ്ങിക്കൊണ്ടേയിരിക്കുന്നു. അതുകൊണ്ട് നിരപാരാധികളായ മനുഷ്യര്‍ മരിച്ചു വീഴുമ്പോള്‍ വന്‍ ശക്തികളെന്നും അന്താരാഷ്ട്ര സമൂഹമെന്നുമുള്ള ഓമനപ്പേരില്‍ അറിയപ്പെടുന്നവര്‍ക്ക് ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാനാകില്ല. തങ്ങളുടെ സാമ്പത്തിക, ഊര്‍ജ താത്പര്യങ്ങള്‍ക്കായി വെട്ടിമുറിച്ചും കലാപം വിതച്ചും ഇടപെടുന്നവര്‍ക്ക് തുറന്നുവിട്ട ഭൂതത്തെ കുടത്തിലടക്കാനുമുള്ള ബാധ്യതയുണ്ട്. ഗോത്ര വൈരത്തിനപ്പുറമുള്ള രാഷ്ട്ര ബോധത്തിലേക്ക് തെക്കന്‍ സുഡാനുകാര്‍ ഉണരുകയെന്നത് മാത്രമാണ് ആത്യന്തിക പരിഹാരം.

Latest