Connect with us

Articles

മടങ്ങിയെത്തിയ യഡിയൂരപ്പ ബി ജെ പിയെ സഹായിക്കുമോ?

Published

|

Last Updated

ദേശീയ രാഷ്ട്രീയത്തെ തന്നെ നിര്‍ണായകമായി സ്വാധീനിക്കാവുന്ന ഒരു സംഭവമാണ് യഡിയൂരപ്പ ബി ജെ പിയിലേക്ക് മടങ്ങിവന്നു എന്നത്. കെ ജി പി എന്ന, താന്‍ രൂപവത്കരിച്ച രാഷ്ട്രീയ പാര്‍ട്ടിയോടൊപ്പം യഡിയൂരപ്പ ബി ജെ പിയിലേക്ക് മടങ്ങിവന്നത് ബി ജെ പി ക്യാമ്പില്‍ ഒരു പക്ഷേ, ബാഹ്യമായ ഒരാവേശം ഉണ്ടാക്കിയിട്ടുണ്ടാകാം. പക്ഷേ, നരേന്ദ്ര മോദിക്ക് മേല്‍ക്കൈയുള്ള ബി ജെ പി കേന്ദ്ര കമ്മിറ്റിയുടെ യഡിയൂരപ്പയെ പാര്‍ട്ടിയില്‍ പുനഃപ്രവേശിപ്പിക്കുക എന്ന തീരുമാനം വിനാശകാലേ വിപരീത ബുദ്ധി എന്നതിനല്ലാതെ മറ്റൊന്നിനും തെളിവാകുകയില്ലെന്ന് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ പൊതവേ ബി ജെ പിക്കും പ്രത്യേകിച്ച് നരേന്ദ്ര മോദിക്കും മനസ്സിലാകും. എന്തുകൊണ്ടിങ്ങനെ പറയുന്നു എന്ന് വ്യക്തമാക്കാം.
യഡിയൂരപ്പ ബി ജെ പി വിട്ട് പുറത്തുപോകേണ്ടിവന്നത് അയാള്‍ മുഖ്യമന്ത്രിപദം വിട്ടിറങ്ങേണ്ടിവന്നതിനാലാണ്. യഡിയൂരപ്പക്ക് മുഖ്യമന്ത്രി പദം വിട്ടിറങ്ങേണ്ടിവന്നത് എന്തു കാരണത്താലായിരുന്നെന്ന് ഇന്ത്യയൊട്ടുക്ക് എല്ലാ വോട്ടര്‍മാര്‍ക്കും അറിയാം. ലോകായുക്ത കണ്ടെത്തിയതും ഒട്ടേറെ വാര്‍ത്താപ്രാധാന്യം നേടിയതുമായ സ്വജനപക്ഷപാതപരമായ കൊടിയ അഴിമതികളുടെ പേരിലാണ് യഡിയൂരപ്പക്ക് മുഖ്യമന്ത്രി പദം നഷ്ടപ്പെട്ടത്. അതിനാല്‍, ബി ജെ പിയിലേക്കിപ്പോള്‍ തിരിച്ചു വന്നിരിക്കുന്നത് കൊടിയ അഴിമതിക്കാരനാണ്. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യാ മഹാരാജ്യത്ത് നിലവില്‍ വന്ന സ്വദേശി ഭരണത്തിന്റെ 66 വര്‍ഷങ്ങളില്‍ മുക്കാല്‍ പങ്കും നാട് വാണിട്ടുള്ളത് കോണ്‍ഗ്രസും നെഹ്‌റു കുടുംബക്കാരായ പ്രധാനമന്ത്രിമാര്‍ നേതൃത്വം നല്‍കിയ സര്‍ക്കാറുകളുമാണ്. തിരിവായ്ക്ക് എതിര്‍വായില്ലാത്ത നിരന്തര ഭരണവാഴ്ചകൊണ്ടാണ് കോണ്‍ഗ്രസിന്റെ വെളുത്ത പ്രതിച്ഛായയില്‍ എഴുന്നു കാണാവുന്ന അഴിമതിയുടെ കറകള്‍ പറ്റിയത്. എന്നാല്‍ കോണ്‍ഗ്രസ് ഇത്രയും നീണ്ട കാലത്തെ ഭരണാധിപത്യം കൊണ്ട് ചെയ്തുകൂട്ടിയ അഴിമതികള്‍ കുറഞ്ഞ കാലം കൊണ്ട് ചെയ്യാന്‍ കഴിവുള്ളവര്‍ കോണ്‍ഗ്രസിനു ബദലെന്ന് സ്വയം അവകാശപ്പെടുന്ന ബി ജെ പിയിലും ഉണ്ടെന്നതിന്റെ കറുത്ത ദൃഷ്ടാന്തമായിരുന്നു കര്‍ണാടകയിലെ യഡിയൂരപ്പ. അത്തരമൊരു അഴിമതിവീരനെ കൂടെ നിര്‍ത്താതെ കര്‍ണാടകയില്‍ പച്ച തൊടാനാകില്ലെന്നു ബി ജെ പി തന്നെ സമ്മതിച്ചിരിക്കുന്നു എന്നാണ് യഡിയൂരപ്പയുടെ പുനഃപ്രവേശം വിളംബരപ്പെടുത്തുന്നത്.
ചുരുക്കത്തില്‍ അഴിമതി വീരനായ യഡിയൂരപ്പയെ കൂടെ നിര്‍ത്തിയാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയാകാന്‍ വോട്ട് ചോദിക്കാന്‍ പോകുന്നത്. വോട്ട് ചോദിക്കുമ്പോള്‍, കോണ്‍ഗ്രസിന്റെ നേതൃത്വില്‍ നിലവിലുള്ള രണ്ടാം യു പി എ സര്‍ക്കാര്‍ ചെയ്ത അഴിമതികളെക്കുറിച്ച് ബി ജെ പിക്ക് വിമര്‍ശങ്ങള്‍ ഉന്നയിക്കേണ്ടിവരും. പക്ഷേ, കോണ്‍ഗ്രസ് ഭരണത്തിലെ അഴിമതിക്കെതിരായ അത്തരം വിമര്‍ശങ്ങള്‍ യഡിയൂരപ്പയെ കൂടെ നിര്‍ത്തി ബി ജെ പി നിര്‍വഹിച്ചാല്‍ ഒരു ബൈബിള്‍ വാക്യം ഓര്‍മവരും: “സ്വന്തം മന്ത് മണലില്‍ പൂഴ്ത്തി മറ്റുള്ളവരെ മന്തുകാലന്‍” എന്ന് ആക്ഷേപിക്കുന്നവര്‍ മാത്രമാണ് യഡിയൂരപ്പയെ കൂടെ നിര്‍ത്തുന്ന ബി ജെ പി എന്ന് ജനങ്ങള്‍ തിരിച്ചറിയും എന്ന് ചുരുക്കം. അതിനാല്‍, യഡിയൂരപ്പയുടെ പുനഃപ്രവേശം യഥാര്‍ഥത്തില്‍ സഹായകമായിരിക്കുന്നത് കോണ്‍ഗ്രസിനാണ്. അഴിമതിക്കെതിരെ ഉയര്‍ന്നുവന്നേക്കാവുന്ന ശബ്ദങ്ങളെ പ്രതിരോധിക്കാന്‍ ആയുധം ഇല്ലാത്ത അവസ്ഥയിലായിരുന്നു ഇന്നലെ വരെ കോണ്‍ഗ്രസ്. എന്നാല്‍ യഡിയൂരപ്പ എന്ന, കുറഞ്ഞ കാലം കൊണ്ട് കൂടുതല്‍ അഴിമതികള്‍ ചെയ്ത ഒരു മുന്‍ മുഖ്യമന്ത്രിയെ കൂടെ നിര്‍ത്തിയാണ് ബി ജെ പി ലോക്‌സഭാ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നത് എന്ന് തീര്‍ച്ചയായതോടെ കോണ്‍ഗ്രസിന് അഴിമതിക്കെതിരായി ഉയര്‍ന്നേക്കാവുന്ന ശബ്ദങ്ങളെ നേരിടാന്‍ ഒരു തക്കതായ ആയുധം ലഭിച്ചുകഴിഞ്ഞു. ഇനി കോണ്‍ഗ്രസുകാര്‍ക്ക് “യഡിയൂരപ്പയെ മാറ്റി നിര്‍ത്തി നിങ്ങള്‍ ഞങ്ങളെ അഴിമതിക്കാരെന്ന് വിളിക്കൂ” എന്ന് ഏത് ബി ജെ പിക്കാരന്റെ മുഖത്തുനോക്കിയും പറയാം. അതിനാല്‍, ബി ജെ പി വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എത്ര ശക്തിയോടെ രണ്ടാം മന്‍മോഹന്‍ സര്‍ക്കാറിന്റെ അഴിമതികളെ തിരഞ്ഞെടുപ്പ് വിഷയമാക്കുമോ അതേ ശക്തിയില്‍ യഡിയൂരപ്പയുടെ മുഖ്യമന്ത്രി പദത്തില്‍ നിന്നുള്ള രാജി, ബി ജെ പി വിട്ട് കെ ജെ പി രൂപവത്കരിച്ചത്, ബി ജെ പിയിലേക്കുള്ള മടങ്ങിവരവ് ഇതിനെല്ലാം മൂലകാരണമായ യഡിയൂരപ്പ ഭരണകാലത്തെ അഴിമതികള്‍ എന്നു തുടങ്ങിയ കാര്യങ്ങളും തിരഞ്ഞെടുപ്പ് വിഷയമാകും.
ഈ വിഷമവൃത്തത്തിനൊരു പരിഹാരമുള്ളത്, കേരളത്തിലെ ചാനലുകള്‍ വലിയ നേതാവാക്കിയ ബി ജെ പിയുടെ കെ സുരേന്ദ്രന്റെ ഫോര്‍മുലയാണ്; ഒത്തുകളി രാഷ്ട്രീയം. “ഞങ്ങള്‍ കോണ്‍ഗ്രസിന്റെ അഴിമതിയെപ്പറ്റി മിണ്ടൂല, നിങ്ങള്‍ യഡിയൂരപ്പയെപ്പറ്റിയും മിണ്ടരുത്” എന്നതിലൂന്നിയ ഒരു ഒത്തുതീര്‍പ്പ് നാടകം. പക്ഷേ, അരവിന്ദ് കെജരിവാളിന്റെ അഴിമതി തൂത്തുമാറ്റുന്ന ചൂല് രാഷ്ട്രീയത്തിന് ഇത്രയേറെ ദേശീയ പ്രാധാന്യം ലഭിച്ചിരിക്കുന്ന സാഹചര്യത്തില്‍, അഴിമതിയെപ്പറ്റി മിണ്ടാവ്രതം അനുഷ്ഠിച്ചുകൊണ്ട് കോണ്‍ഗ്രസിനോ ബി ജെ പിക്കോ പൊതുതിരഞ്ഞെടുപ്പിനെ നേരിടാനാകില്ല. അതിനാല്‍, യു പി എ സര്‍ക്കാറിന്റെ അഴിമതികളെപ്പറ്റി ബി ജെ പിക്ക് പറയേണ്ടിവരും. ബി ജെ പി അത് മോദിയുടെ താടിയും മോടിയും മുന്‍നിര്‍ത്തി പറഞ്ഞാല്‍, യഡിയൂരപ്പ അഴിമതിചരിതവും ചര്‍ച്ചാവിധേയമാക്കാന്‍ കോണ്‍ഗ്രസും നിര്‍ബന്ധിതമാകും. അങ്ങനെ വന്നാല്‍, കാവി ഭീകരതയും അഴിമതിയും സ്വഭാവമായ ബി ജെ പിയാണോ മതേതരത്വും അഴിമതിയും സ്വഭാവമായ കോണ്‍ഗ്രസാണോ സമാധാനപൂര്‍ണമായ ഇന്ത്യക്ക് ഗുണകരമാകുക എന്ന് ചിന്തിക്കാന്‍ ജനങ്ങളും പ്രേരിതരാകും. ആ ചിന്തയുടെ ഗുണം കോണ്‍ഗ്രസിന് അനുകൂലമായി വരാനാണ് സാധ്യത. ഇതിനാല്‍, നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രിയാകാനുള്ള സാധ്യതക്ക് കടുത്ത തടസ്സമുണ്ടാക്കാന്‍, ഒരു കാലത്ത് ബി ജെ പി ക്കാര്‍ തെന്നിന്ത്യയിലെ മോദി എന്ന് വിശേഷിപ്പിച്ച യഡിയൂരപ്പയുടെ ബി ജെ പിയിലേക്കുള്ള മടങ്ങിവരവും ബലം നല്‍കിയിരിക്കുന്നു എന്ന് വേണം വിലയിരുത്താന്‍. മാത്രമല്ല, കോണ്‍ഗ്രസുകാര്‍ ഉള്‍പ്പെടെയുള്ളവരുടെ അഴിമതിക്കെതിരെ കടുത്ത നടപടികള്‍ എടുക്കും എന്ന അര്‍ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയ എ എ പിക്ക് ഡല്‍ഹി ഭരിക്കാന്‍ നിരുപാധിക പിന്തുണ നല്‍കിയ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നടപടി, പരാജയത്തെ വിജയമാക്കുന്ന അപൂര്‍വ കലകൊണ്ട് അഭിനന്ദനീയമാണ്.
അതിനാല്‍, അഴിമതി ചെയ്തിട്ടില്ല എന്നു കോണ്‍ഗ്രസിനു പറയാനാകില്ലെങ്കിലും അഴിമതിയെ ചെറുക്കുന്നവര്‍ക്കൊപ്പം നില്‍ക്കാനുള്ള ധാര്‍മികത ഗാന്ധിജിയുടെ കോണ്‍ഗ്രസിന് രാഹുല്‍ ഗാന്ധിയുടെ കാലത്തും തെല്ലെങ്കിലുമുണ്ടെന്നെങ്കിലും പറയാന്‍ കോണ്‍ഗ്രസുകാര്‍ക്ക് കഴിയും. അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയായിരിക്കുന്നിടത്തോളം കാലം, പറയുന്നതിന് തെളിവ് ചൂണ്ടിക്കാണിക്കാനും കോണ്‍ഗ്രസുകാര്‍ക്ക് കഴിയും. എന്തായാലും ആര്‍ എസ് എസിന്റെ സ്വയം സേവകരെല്ലാം ആദര്‍ശശുദ്ധിയുള്ളവരാണെന്ന സംഘ്പരിവാരത്തിന്റെ വെച്ചുപറച്ചിലിന് തിരിച്ചടി നല്‍കിയ സ്വയം സേവകനാണ് അഴിമതിവീരനായ യഡിയൂരപ്പ. അയാളുടെ ബി ജെ പിയിലേക്കുള്ള മടങ്ങിവരവ് കോണ്‍ഗ്രസിന് സഹായകരമാണ്.

 

Latest