Connect with us

Gulf

യു എ ഇയില്‍ നിരക്ഷരത ഒരു ശതമാനത്തിലും താഴെ എത്തിയതായി വിദ്യാഭ്യാസ മന്ത്രി

Published

|

Last Updated

അബുദാബി: യു എ ഇയില്‍ നിരക്ഷരത ഒരു ശതമാനത്തിലും താഴ്ന്നതായി വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും വിദ്യാഭ്യാസമെന്ന ലക്ഷ്യത്തെ യുനെസ്‌കോ പ്രശംസിച്ചതിന് പിന്നാലെയാണ് എഴുത്തും വായനയും അറിയാത്തവരുടെ സംഖ്യ ഒരു ശതമാനത്തിനും താഴെ എത്തിയതായി വിദ്യാഭ്യാസ മന്ത്രി ഹുമൈദ് അല്‍ ഖാത്തമി വ്യക്തമാക്കിയത്.
നാഷനല്‍ ആന്‍ഡ് അറബ് ലിറ്ററസി ഡേയുമായി ബന്ധപ്പെട്ടു നടത്തിയ പരിപാടിയില്‍ സംസാരിക്കവേ പൗരന്മാരുടെ വിദ്യാഭ്യാസം അടക്കമുള്ള സര്‍വ മേഖലയിലും ശാക്തീകരണം സാധ്യമാക്കാന്‍ യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാനും വൈസ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും നടത്തുന്ന പ്രവര്‍ത്തനങ്ങളെ മന്ത്രി പ്രശംസിച്ചു. പൗരന്മാരുടെ വിദ്യാഭ്യാസം ഉയര്‍ത്താന്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുന്ന നാഷ്ണല്‍ ഫെഡറല്‍ കൗണ്‍സില്‍ അംഗങ്ങളെയും മന്ത്രി അനുസ്മരിച്ചു. യുനെസ്‌കോയുടെ നേതൃത്വത്തില്‍ 2000ല്‍ നടന്ന ദാകര്‍ കോണ്‍ഫ്രന്‍സില്‍ 2015 ആവുമ്പോഴേക്കും ലോകത്ത് നിന്നും നിരക്ഷരത തുടച്ചുനീക്കണമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഇതിന്റെ ചുവട് പിടിച്ച് കഴിഞ്ഞ വര്‍ഷങ്ങളില്‍ യു എ ഇ നടത്തിയ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് നിരക്ഷരത ഒരു ശതമാനത്തിനും താഴെ എത്താന്‍ ഇടയാക്കിയത്. ലക്ഷ്യമിട്ട കാലാവധി ആവുമ്പോഴേക്കും വിദ്യഭ്യാസ നിലവാരം മെച്ചപ്പെടുത്തുക, എല്ലാ കുട്ടികള്‍ക്കും പ്രാഥമിക വിദ്യാഭ്യാസം നേടാനുള്ള സൗകര്യം ഏര്‍പ്പെടുത്തുക, കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവരെയും അക്ഷരാഭ്യാസമുള്ളവരാക്കി മാറ്റുക, മുതിര്‍ന്നവര്‍ക്കിടയില്‍ എഴുത്തും വായനയും അറിയാത്തവരുടെ എണ്ണം ഗണ്യമായി കുറക്കുക, മുതിര്‍ന്നവര്‍ക്കുള്ള തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുക തുടങ്ങിയവയാണ് ദാകര്‍ കോണ്‍ഫ്രന്‍സ് മുന്നോട്ടു വച്ചിരുന്ന പ്രധാന ലക്ഷ്യങ്ങള്‍്. വിദ്യാഭ്യാസ മന്ത്രാലയം അബുദാബി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അല്‍ ഇത്തിഹാദ് ദിനപത്രവുമായി സഹകരിച്ചാണ് സര്‍വേ നടത്തിയത്.