Connect with us

Gulf

പൂര്‍ത്തിയാകാത്ത കെട്ടിടത്തിലെ ഫഌറ്റ് വില്‍പ്പന; നിക്ഷേപകര്‍ക്ക് നഷ്ടപരിഹാരത്തിനു വിധി

Published

|

Last Updated

ദുബൈ: പണി പൂര്‍ത്തിയാകാത്ത കെട്ടിടത്തിലെ ഫഌറ്റുകള്‍ വില്‍പ്പന നടത്തി വഞ്ചിച്ച റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിനെതിരെ കോടതി വിധി. രണ്ട് നിക്ഷേപകര്‍ക്കായി 12 ലക്ഷം ദിര്‍ഹം നല്‍കാനാണ് കോടതി വിധിച്ചത്.
ദുബൈ അപ്പീല്‍ കോടതിയാണ് കമ്പനിക്കെതിരെ വിധി പറഞ്ഞത്. നിര്‍മിക്കാനുദ്ദേശിക്കുന്ന കെട്ടിടത്തിന്റെ സ്‌കെച്ച് കാണിച്ച് നിക്ഷേപകരെ റിയല്‍ എസ്റ്റേറ്റ് സ്ഥാപനം ആകര്‍ഷിക്കുകയായിരുന്നു. വന്‍ തുകക്ക്, സങ്കല്‍പ്പത്തിലുള്ള ഫഌറ്റുകള്‍ വില്‍പ്പന നടത്തി കബളിപ്പിച്ച സ്ഥാപനത്തിനെതിരെ നിക്ഷേപകര്‍ കോടതിയെ സമീ പിച്ചിരുന്നു.
റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിനു പുറമെ വില്‍പ്പനയില്‍ പങ്കാളികളായ സ്ഥാപനത്തിനെതിരെയും നിക്ഷേപകര്‍ കോടതിയെ സമീപിച്ചിരുന്നു. വില്‍പ്പനക്കരാറില്‍ പേരില്ലാത്തതിനാല്‍ ഈ സ്ഥാപനത്തെ കോടതി കേസില്‍ നിന്നൊഴിവാക്കുകയായിരുന്നു.
വില്‍പ്പന കരാര്‍ പ്രകാരം നിക്ഷേപകര്‍ കരാര്‍ തുക സമയത്തു തന്നെ കൈമാറിയിരുന്നെങ്കിലും പറഞ്ഞ സമയത്ത് ഫഌറ്റുകള്‍ കൈമാറാന്‍ സ്ഥാപന ഉടമകള്‍ക്ക് കഴിഞ്ഞില്ല.
നിര്‍മാണം പൂര്‍ത്തിയാകാത്തതിന്റെ കാര്യ കാരണങ്ങള്‍ അപ്പപ്പോള്‍ നിക്ഷേപകരെ അറിയിക്കാനും അവര്‍ തയാറായില്ല. ഈ സാഹചര്യത്തിലാണ് നിക്ഷേപകര്‍ സ്ഥാപനത്തിനെതിരെ നിയമ നടപടിക്കൊരുങ്ങിയത്.
12 ലക്ഷം നല്‍കാന്‍ വിധിച്ച കോടതി അതിന്റെ ഒമ്പത് ശതമാനം പലിശയും നല്‍കാന്‍ വിധിച്ചിട്ടുണ്ട്.