ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Posted on: January 12, 2014 10:05 am | Last updated: January 13, 2014 at 10:20 am

ഫുജൈറ: പാചകാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ കുടുംബാംഗങ്ങള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഫുജൈറയിലെ അല്‍ ഫസീല്‍ പ്രദേശത്താണ് സംഭവം. സ്‌ഫോടനം കാരണമായുണ്ടായ തീപിടുത്തത്തില്‍ വീടിനു ഭാഗികമായി കേടുപാട് പറ്റി. വന്‍ ശബ്ദത്തോടെയുണ്ടായ സ്‌ഫോടനം പരിസരവാസികളെ പരിഭ്രാന്തിയിലാക്കി. പരിസരത്തെ വീടുകളില്‍ നേരിയ തോതില്‍ കുലുക്കവും അനുഭവപ്പെട്ടു.
വിവരമറിഞ്ഞെത്തിയ ഫുജൈറ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ തീ നിയന്ത്രണ വിധേയമാക്കി. ശക്തമായ സ്‌ഫോടനത്തില്‍ വീട്ടുകാര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്ന് ഫുജൈറ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ അലി ഉബൈദ് അല്‍ തനീജി പറഞ്ഞു. വീടിന്റെ ചുവരുകള്‍ക്ക് സ്‌ഫോടനത്തില്‍ കേടുപാടുകള്‍ സംഭവിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.