Connect with us

Gulf

നഗരസഭാ നിയമങ്ങള്‍ ലംഘിച്ച 2,771 വില്ലകള്‍ കണ്ടെത്തി

Published

|

Last Updated

അബുദാബി: നഗരത്തിലും പരിസരങ്ങളിലും ബാച്ചിലര്‍മാര്‍ താമസിക്കുന്ന വില്ലകള്‍ കേന്ദ്രീകരിച്ച് നഗരസഭ പരിശോധന കര്‍ശനമാക്കി. നഗരസഭയുടെ നിയമങ്ങള്‍ ലംഘിച്ച് നഗരഭംഗിക്ക് വിഘാതമാകുന്നതുമായ താമസ സ്ഥലങ്ങള്‍ കണ്ടെത്താനാണ് പരിശോധന.
നിയമം ലംഘിച്ചും സുരക്ഷാ ഭീഷണിക്ക് കാരണമാകുന്ന രീതിയിലുമായ 2,771 ബാച്ചിലര്‍മാര്‍ താമസിക്കുന്ന വില്ലകള്‍ കണ്ടെത്തിയതായി നഗരസഭ അറിയിച്ചു. നഗര പരിധിയിലും പുറത്തുമായാണ് ഇവ കണ്ടെത്തിയത്.
ഇതില്‍ കൂടുതലും അനധികൃതമായി പാര്‍ട്ടീഷന്‍ ചെയ്ത വില്ലകളാണ്. സുരക്ഷിതമല്ലാത്ത രീതിയില്‍ കൂടുതല്‍ ആളുകളെ താമസിപ്പിച്ചതും ഇതിലുണ്ട്.
നിയമലംഘനം നടത്തിയ വില്ലകളില്‍ 41,000 ത്തോളം ആളുകള്‍ താമസിക്കുന്നതായി കണ്ടെത്തിയെന്നും അധികൃതര്‍ അറിയിച്ചു. നഗരസഭാ ഉദ്യോഗസ്ഥര്‍ക്ക് പുറമെ അബുദാബി ഇമിഗ്രേഷന്‍, സാമ്പത്തിക വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുത്തു. വില്ലകള്‍ വാടകക്കെടുത്ത് അനധികൃതമായി പാര്‍ട്ടീഷന്‍ ചെയ്ത് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മേല്‍വാടകക്ക് കൊടുത്തവര്‍ക്കെതിരെ കേസെടുക്കുകയും വന്‍ തുക പിഴ ഈടാക്കുകയും ചെയ്തുവെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു.

Latest