Connect with us

Gulf

നഗരവാസികള്‍ക്കിടയില്‍ കോഫി ഷോപ്പുകള്‍ക്ക് പ്രചാരം വര്‍ധിക്കുന്നു

Published

|

Last Updated

ദുബൈ: നഗരവാസികള്‍ക്കിടയില്‍ കോഫി ഷോപ്പുകള്‍ക്കും കഫേകള്‍ക്കും പ്രചാരം വര്‍ധിക്കുന്നതായി സര്‍വേ. സാമ്പത്തിക വികസന വിഭാഗത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കൊമേഴ്‌സ്യല്‍ കണ്‍ട്രോള്‍ ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. കോഫി ഷോപ്പുകളും കഫേകളും മിക്കസമയത്തും ജനനിബിഢമായാണ് കാണപ്പെടുന്നത്, ഇത് കോഫി ഷോപ്പുകളുടെയും കഫേകളുടെയും ജനസമ്മതിയാണ് വെളിപ്പെടുത്തുന്നത്. മിക്കയിടത്തും യുവാക്കളാണ് ഉപഭോക്താക്കളായി എത്തുന്നത്.
പലര്‍ക്കും ഇത്തരം സ്ഥാപനങ്ങള്‍ കണ്ടുമുട്ടാനും സംസാരത്തിനും ചര്‍ച്ചകള്‍ക്കുമുള്ള സ്ഥലം കൂടിയാണ്. കുടുംബങ്ങളും പ്രായമായവരും നഗരത്തിലെ കഫേകളില്‍ സന്ദര്‍ശനം നടത്താറുണ്ട്. ഈ വിഭാഗങ്ങള്‍ ആഴ്ച അവധി ദിനങ്ങളിലാണ് കഫേകളിലേക്ക് നീങ്ങുന്നത്. റമസാന്‍ മാസ രാവുകളിലാണ് സ്ഥാപനങ്ങളില്‍ ആളുകളുടെ തിരക്ക് പാരമ്യത്തിലെത്തുന്നതായി കാണുന്നത്.
വിവിധ തരം കാപ്പികള്‍, ഫ്രഷ് ജ്യൂസുകള്‍, ലഘുപാനീയങ്ങള്‍, മധുരപലഹാരം, ലഘുഭക്ഷണം തുടങ്ങിയവയാണ് ഇവിടങ്ങളില്‍ വില്‍ക്കുന്നത്. ഒട്ടുമിക്കവയും ആളുകള്‍ക്ക് കണ്ടുമുട്ടാനും സംസാരിക്കാനുമെല്ലാം സൗകര്യം ലഭിക്കാന്‍ ലക്ഷ്യമാക്കി ഷോപ്പിംഗ് മാളുകള്‍ക്കും മറ്റും സമീപത്താണ് സ്ഥാപിച്ചിരിക്കുന്നത്. സെക്കന്റ് കപ്പ്, ഗ്ലോറിയ ജീനസ്, ഡോം, ക്യാരിബു കഫേ, ടിം ഹോര്‍ട്ടണ്‍സ് തുടങ്ങിയവയില്‍ സന്ദര്‍ശനം നടത്തുന്ന 700 ഓളം ഉപഭോക്താക്കളില്‍ നിന്നാണ് സര്‍വേയുടെ ഭാഗമായി അഭിപ്രായം ആരാഞ്ഞത്.
ഉല്‍പ്പന്നത്തിന്റെ വില, ഗുണനിലവാരം, ബില്ലിലെ സുതാര്യത, ഉപഭോക്താവിന്റെ തൃപ്തി എന്നിവ ഉള്‍പ്പെടുത്തിയ ചോദ്യവലിയെ അടിസ്ഥാനമാക്കിയായിരുന്നു സര്‍വേ. 40.4 ശതമാനം ഉപഭോക്താക്കള്‍ കോഫി ഷോപ്പുകളിലും കഫേകളിലും ഒരു പരിധി വരെ വില കൂടുതലാണെന്ന് പ്രതികരിച്ചു. 11.4 ശതമാനം ഉപഭോക്താക്കളാണ് വില വളരെ കൂടുതലാണെന്ന് പ്രതികരിച്ചത്. 5.9 ശതമാനമാണ് വില കുറവാണെന്ന് വ്യക്തമാക്കിയത്. വില ഏറ്റവും കുറവാണെന്ന് സര്‍വേയില്‍ പ്രതികരിച്ചവര്‍ 0.3 ശതമാനം മാത്രമായിരുന്നു.
കോഫിക്ക് ഗുണമേന്മ വളരെ കൂടുതലാണെന്ന് പ്രതികരിച്ചവര്‍ 63.7 ശതമാനമായിരുന്നു. 29.1 ശതമാനം യാതൊരു അഭിപ്രായവും കാപ്പിയെക്കുറിച്ച് വ്യക്തമാക്കിയില്ല. നഗരത്തില്‍ രാജ്യന്തര നിലവാരത്തിലുള്ള ചെയിന്‍ കോഫി ഷോപ്പുകളാണ് കൂടുതലായി പ്രവര്‍ത്തനം ആരംഭിക്കുന്നതും പ്രചാരം നേടുന്നതും. ഉപഭോക്താക്കള്‍ക്ക് ഇത്തരം ബ്രാന്റുകളിലുള്ള വിശ്വാസമാണ് ഇതിന് അടിസ്ഥാനം. സര്‍വേയിലൂടെ ബോധ്യപ്പെടുന്നത് നഗരത്തില്‍ കാപ്പി ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ക്കുള്ള വര്‍ധിച്ച ആവശ്യമാണെന്നും കൊമേഴ്‌സ്യല്‍ കണ്‍ട്രോള്‍ ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അധികൃതര്‍ പറഞ്ഞു.