ശാരീരിക വൈഷമ്യങ്ങള്‍ നേരിടുന്നവര്‍ക്ക് ട്രാന്‍സിറ്റ് സര്‍വീസുമായി ആര്‍ ടി എ

Posted on: January 12, 2014 10:08 am | Last updated: January 13, 2014 at 10:13 am

ദുബൈ: ശാരീരിക വൈഷമ്യങ്ങള്‍ നേരിടുന്നവര്‍ക്കായി അവ്‌നാക് എന്ന പേരില്‍ ട്രാന്‍സിറ്റ് സര്‍വീസുമായി ആര്‍ ടി എ രംഗത്ത്. അത്യാഹിത വിഭാഗത്തില്‍ ഉള്‍പ്പെടാത്ത രോഗികള്‍ക്കും ഈ സര്‍വീസിന്റെ പ്രയോജനം ലഭിക്കും. അറേബ്യന്‍ മേഖലയില്‍ അദ്യത്തേതും രാജ്യാന്തര തലത്തില്‍ മൂന്നാമത്തേതുമാണ് ഇത്തരം ഒരു സേവനമെന്ന് ആര്‍ ടി എ ചെയര്‍മാന്‍ മതര്‍ അല്‍ തായര്‍ വ്യക്തമാക്കി.
യു എ ഇ വൈസ് പ്രസിഡ ന്റും പ്രധാനമന്ത്രിയും യു എ ഇ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇത്തരം ഒരു സേവന പദ്ധതിക്ക് ആര്‍ ടി എ തുടക്കം കുറിച്ചിരിക്കുന്നത്. സമൂഹത്തിലെ ദുര്‍ബലരുടെ അവകാശങ്ങള്‍ വകവെച്ചുകൊടുക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദിന്റെ ‘എന്റെ സമൂഹത്തില്‍ എല്ലാവര്‍ക്കും സ്ഥാനം നല്‍കുക’യെന്ന കാമ്പയിന്റെ ഭാഗം കൂടിയാണ് പദ്ധതിയെന്നും അല്‍ തായര്‍ വിശദീകരിച്ചു.
2020 ആവുമ്പോഴേക്കും ദുബൈയെ ഡിസേബിള്‍ഡ് ഫ്രന്റലി ആക്കാനാണ് ലക്ഷ്യമിടുന്നത്. ശാരീരിക വൈഷമ്യങ്ങള്‍ അനുഭവിക്കുന്നവര്‍ക്കൊപ്പം പ്രായമയവര്‍ക്ക് ആശുപത്രിയിലും ക്ലിനിക്കിലും ചെന്നെത്താനും തിരിച്ച് താമസ സ്ഥലത്തേക്ക് മടങ്ങാനും ശസ്ത്രക്രിയ വേണ്ട രോഗികള്‍ക്ക് ആശുപത്രിയില്‍ എത്താനുമെല്ലാം സേവനം പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.