സോഷ്യല്‍ മീഡിയയെ സൂക്ഷിക്കണമെന്ന് സ്യൂക്കന്‍ബര്‍ഗിന്റെ സഹോദരി

Posted on: January 12, 2014 9:19 pm | Last updated: January 12, 2014 at 9:19 pm

randiവാഷിംഗ്ടണ്‍: സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളുടെ അമിത ഉപയോഗത്തെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ഫെയ്‌സ്ബുക്കിന്റെ സ്ഥാപകന്‍ മാര്‍ക് സ്യൂക്കന്‍ബര്‍ഗിന്റെ സഹോദരി റാന്‍ഡി സ്യൂക്കന്‍ബര്‍ഗ്. ഇതുസംബന്ധിച്ച് റന്‍ഡിയുടെ രണ്ട് പുസ്തകങ്ങള്‍ പുറത്തിറക്കി.

ഡോട്ട് കോംപ്ലിക്കേറ്റഡ് എന്നാണ് ഒരു പുസ്തകത്തിന്റെ പേര്. സോഷ്യല്‍ മീഡിയകളിലെ സജീവത നമ്മുടെ വ്യക്തിത്വത്തിനെയും സ്വകാര്യതയെയും എങ്ങനെ ബാധിക്കുമെന്നതാണ് ഇതില്‍ വിശദീകരിക്കുന്നത്. തന്റെ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ഇത് പറയുന്നതെന്നും റന്‍ഡി അവകാശപ്പെടുന്നു.

ഡോട്ട് എന്നാണ് രണ്ടാമത്തെ പുസ്തകത്തിന്റെ പേര്. ആധുനിക വിവരസാങ്കേതിക ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന കുട്ടികളെ ഉദ്ദേശിച്ചുള്ള കഥയാണിത്. ലാപ്‌ടോപ്പും ഡെസ്‌ക്‌ടോപ്പും അമ്മ മാറ്റിവെച്ചതിനെത്തുടര്‍ന്ന് വീടിന്റെ അകത്തളത്തില്‍ ചടഞ്ഞുകൂടിയിരുന്ന കുട്ടി പുറത്തിറങ്ങി കളികളില്‍ മുഴുകുന്ന ഡോട്ട് എന്ന് പെണ്‍കുട്ടിയുടെ കഥയാണ് ഈ പുസ്തകത്തില്‍ പറയുന്നത്. പെന്‍ഗ്വിന്‍ റാന്റം ഹൗസാണ് പുസ്‌കങ്ങള്‍ പുറത്തിറക്കിയത്.

ഫെയ്‌സ്ബുക്കില്‍ ആറ് വര്‍ഷം മാര്‍ക്കറ്റിംഗ് ഡയറക്ടറായിരുന്നു മാര്‍ക് സ്യൂക്കന്‍ബര്‍ഗിന്റെ മൂത്ത സഹോദരിയായ റന്‍ഡി. 2011ല്‍ ഫെയ്‌സ്ബുക്ക് വിട്ടതിനു ശേഷം യു എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്യൂക്കന്‍ബര്‍ഗ് മീഡിയയില്‍ പ്രവര്‍ത്തിക്കുകയാണ്. .