Connect with us

National

ഹെല്‍പ്‌ലൈന്‍ ഇഫക്ട്: ഡല്‍ഹിയില്‍ കൈക്കൂലി ആവശ്യപ്പെട്ട രണ്ട് പോലീസുകാര്‍ അറസ്റ്റില്‍

Published

|

Last Updated

ന്യൂഡല്‍ഹി: അഴിമതി തടയുന്നതിനായി ഡല്‍ഹി സര്‍ക്കാര്‍ തുടങ്ങിയ ഹെല്‍പ്‌ലൈനിലൂടെ പരാതിയുടെ അടിസ്ഥാനത്തില്‍ വ്യാപാരിയില്‍ കൈക്കൂലി ആവശ്യപ്പെട്ട രണ്ട് പോലീസുകാരെ ഡല്‍ഹി വിജിലന്‍സ് വിഭാഗം അറസ്റ്റ് ചെയതു. ജാനക്പുരി പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍മാരായ ഈശ്വര്‍ സിംഗ്, സന്ദീപ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.

ജനക്പുരിയിലെ കമ്പിളിപ്പുതപ്പ് വ്യാപാരിയില്‍ നിന്ന് 3000 രൂപയാണ് പോലീസുകാര്‍ കൈക്കൂലി വാങ്ങിയത്. അടുത്ത മാസവും 3000 രൂപ കൈക്കൂലി നല്‍കണമെന്ന് ഇവര്‍ വ്യാപാരിയോട് ആവശ്യപ്പെട്ടിട്ടുണ്ടെത്രെ. അതേസമയം സംഭവത്തില്‍ സ്റ്റേഷനിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്.

ഹെല്‍പ്പ്‌ലൈനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അധികൃതര്‍ നടത്തിയ സ്റ്റിംഗ് ഓപ്പേഷനില്‍ കൈക്കൂലി വാങ്ങാന്‍ ശ്രമിച്ച പാര്‍ലിമെന്റ് സ്ട്രീറ്റിലെ കോപ്പറേറ്റീവ് ഗ്രൂപ്പ് ഹൗസിംഗ് സൊസൈറ്റിയിലെ അസിസ്റ്റന്റ് രജിസ്ട്രാറുടെ ഓഫീസിലെ ജീവനക്കാരന്‍ വെള്ളിയാഴ്ച്ച അറസ്റ്റിലായിരുന്നു. കൈക്കൂലി വാങ്ങുന്നതിന് കൂട്ടുനിന്ന അസിസ്റ്റന്റ് രജിസ്ട്രാര്‍ ഒളിവിലാണ്.

അഴിമതി വിരുദ്ധ ഹൈല്‍പ്പ് ലൈനില്‍ കഴിഞ്ഞ ദിവസമാണ് പുതിയ നാലക്ക നമ്പര്‍ പുറത്തിറക്കിയത്. 1031 ആണ് പുതിയ നമ്പര്‍. ആളുകള്‍ക്ക് ഓര്‍മ്മിക്കാന്‍ എളുപ്പമായതിനാലാണ് നാലക്ക നമ്പര്‍ പുറത്തിറക്കിയത്.

Latest