കുടിയേറ്റ സെമിനാറില്‍ നിറഞ്ഞുനിന്നത് മലയോരത്തിന്റെ ആശങ്കകള്‍

Posted on: January 12, 2014 8:11 am | Last updated: January 12, 2014 at 8:11 am

ഇരിട്ടി: മലബാര്‍ കുടിയേറ്റത്തിന്റെ ചരിത്രവും വര്‍ത്തമാനം എന്ന തലക്കെട്ടില്‍ സി പി എം നേതൃത്വത്തിലുള്ള പാട്യം ഗവേഷണ കേന്ദ്രം ഇരിട്ടിയില്‍ നടത്തിയ സെമിനാറില്‍ നിറഞ്ഞുനിന്നത് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയാലുണ്ടാവുന്ന ആശങ്കകളും ആകുലതകളും മലയോര സിരാകേന്ദ്രമായ ഇരിട്ടിയില്‍ നടന്ന സെമിനാര്‍ നൂറുക്കണക്കിനാളുടെ പങ്കാളിത്തവും മുഴുദിന ചര്‍ച്ചകളും കൊണ്ട് ശ്രദ്ധേയമായി മാറി. കുടിയേറ്റ സെമിനാറിന്റെ പിന്നില്‍ ക്രൈസ്തവ വോട്ട് ബേങ്ക് ലക്ഷ്യമാണെന്ന സി പി എമ്മിനെതിരെയുള്ള പ്രചാരണം മലയോരത്തെ കുടിയേറ്റ വിഭാഗത്തിലെ നായര്‍-ഈഴവ വിഭാഗത്തെ കൂടി ഗണ്യമായ രീതിയില്‍ പങ്കെടുപ്പിച്ച് കൊണ്ട് തിരുത്താനായി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആറളം-കൊട്ടിയൂര്‍ വില്ലേജുകള്‍ പരിസ്ഥിതി ദുര്‍ബല പ്രദേശമായി കണക്കാക്കാനുള്ള നിര്‍ദേശവും തുടര്‍ന്ന് ഈ മേഖലകളില്‍ പ്രത്യേകിച്ച് കുടിയേറ്റ ജനതയ്ക്കിടയിലുണ്ടായ ആശങ്കകളും ഇതിനെ പിന്തുണച്ച് പാര്‍ട്ടി നടത്തിയ സമരങ്ങളുമൊക്കെ കുടിയേറ്റ ജനതയുടെ വികാരമാക്കി മാറ്റി സെമിനാറില്‍ നൂറുക്കണക്കിന് കര്‍ഷകരെ പങ്കെടുപ്പിക്കാന്‍ സാധിച്ചത് പാര്‍ട്ടിക്ക് ഏറെ ആശ്വാസമായി. എന്‍ എസ് എസ്, എസ് എന്‍ ഡി പി പോലുള്ള സാമുദായിക സംഘടനകള്‍ക്ക് പുറമെ ആലക്കോട് സംഘടിപ്പിച്ച സെമിനാറില്‍ യു ഡി എഫ് പക്ഷത്ത് നിന്നും ക്രൈസ്തവ ആഭിമുഖ്യമുള്ള കേരള കോണ്‍ഗ്രസ് എമ്മിനെ മാത്രമാണ് ക്ഷണിച്ചതെങ്കില്‍ ഒരുപടി കൂടി കടന്ന് ഇരിട്ടിയില്‍ ജേക്കബ് വിഭാഗത്തെ കൂടി ഉള്‍പ്പെടുത്തിയായിരുന്നു സെമിനാര്‍ സംഘടിപ്പിച്ചത്. സമാപന ചടങ്ങ് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷക താത്പര്യം സംരക്ഷിക്കാന്‍ കമ്യൂണിസ്റ്റ്-ക്രൈസ്തവ ഐക്യം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കസ്തൂരിരംഗന്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകള്‍ നടപ്പിലായാല്‍ കര്‍ഷകര്‍ സ്വയം കുടിയിറങ്ങേണ്ടി വരുമെന്നും ഇപ്പോള്‍ ചില നിര്‍ദേശങ്ങളുയര്‍ന്ന് വന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. വി ജി പത്മനാഭന്‍ അധ്യക്ഷത വഹിച്ചു.