Connect with us

Kozhikode

നിശബ്ദമായ മഹാമൗനം

Published

|

Last Updated

കോഴിക്കോട്: ആള്‍ക്കൂട്ടത്തിലിരിക്കുമ്പോഴും ഒറ്റക്കായിരുന്നു ടി പി വെള്ളലശ്ശേരി. ചുറ്റിലുമുള്ള ബഹളങ്ങള്‍ തന്നെ ബാധിക്കുന്നതല്ലെന്ന മനസ്സുറപ്പ് അദ്ദേഹത്തിനുണ്ടായിരുന്നു. വാര്‍ത്തയുടെ മഹാപ്രവാഹത്തിന്റെ കരയിലും തെളിനീര്‍ കാത്തിരിക്കാറുണ്ടായിരുന്നു അദ്ദേഹം. തനിക്ക് ആവശ്യമുള്ള തെളിനീര്‍ കൂലംകുത്തിയൊഴുകുന്ന മഹാപ്രവാഹത്തില്‍ നിന്നും ടി പി തിരഞ്ഞെടുത്തു. അല്ലെങ്കില്‍ അവ ടി പിയെ തേടിയെത്തി. തെളിച്ചമുള്ള ചിന്തകള്‍ ആ തൂലികത്തുമ്പില്‍ നിന്ന് പരന്നൊഴുകിയത് അങ്ങനെയാണ്.
സിറാജ് ദിനപത്രത്തില്‍ 23 വര്‍ഷമായി ജോലി ചെയ്യുന്ന വെള്ളലശ്ശേരിയുടെ ഓരോ ദിവസവും വായനയുടെയും പുതിയ ചിന്തയുടെയും എഴുത്തിന്റെതുമായിരുന്നു. ലീഡര്‍ റൈറ്ററായി ശ്രദ്ധിക്കപ്പെട്ട ടി പി, ഈ കാലയളില്‍ വിവിധ വിഷയങ്ങളിലായി ശ്രദ്ധേയമായ എഡിറ്റോറിയലുകളാണ് എഴുതിത്തീര്‍ത്തത്. മതപണ്ഡിതനായി തുടങ്ങി വായനാനുഭവത്തിന്റെ വെളിച്ചത്തില്‍ പുതിയ ചിന്തകള്‍ മാധ്യമരംഗത്ത് പകര്‍ന്നുനല്‍കിയ ടി പി വെള്ളിലശ്ശേരി വിടപറയുമ്പോള്‍ പതിഞ്ഞ സ്വരത്തിലെങ്കിലും വലിയ കാര്യങ്ങള്‍ പറഞ്ഞ ഒരു ചിന്തിക്കുന്ന പത്രപ്രവര്‍ത്തകനെയാണ് നഷ്ടമാകുന്നത്.
ആഴത്തിലുള്ള വായനയും അഗാധമായ ചിന്തയുമായിരുന്നു സഖാഫിയുടെ അനുഭവസമ്പത്ത്. കാച്ചിക്കുറുക്കി ടി പി എഴുതിയ എഡിറ്റോറിയലുകള്‍ പലരും കാണാത്തതോ പറയാത്തതോ ആയിരുന്നു. ചിലപ്പോഴൊക്കെ പലരും കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച വിഷയങ്ങളാണ് ടി പി എഡിറ്റോറിയലിന് വിഷയമായി തിരഞ്ഞെടുത്തിരുന്നത്. അതു കൊണ്ട് തന്നെ അതില്‍ പലതും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു.
സാംസ്‌കാരിക രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്ത ശ്രദ്ധേമായ എഡിറ്റോറിയലുകള്‍ ടി പിയുടേതായി പിറന്നിട്ടുണ്ട്. പലപ്പോഴും മാധ്യമ നിരൂപണങ്ങള്‍ക്ക് വിഷയമായും ടി പിയുടെ എഡിറ്റോറിയലുകള്‍ മാറിയിട്ടുണ്ട്. സിറാജ് വാരാന്ത്യ പതിപ്പായിരുന്ന ഫ്രൈഡേ ഫീച്ചറിന്റെ ചുമതല വഹിച്ചിരുന്നപ്പോഴും ഒരു ടി പി ടച്ച് ഫ്രൈഡേ ഫീച്ചറിലും കൊണ്ടുവരാന്‍ അദ്ദേഹത്തിനായിരുന്നു. ഓരോ ആഴ്ചയിലും മലയാളി വായിക്കാന്‍ കാത്തിരുന്നവയായിരുന്നു ടി പി ഒരുക്കിവെച്ചിരുന്നത്. മത്സരത്തിന്റെയും ആധുനികതയുടെയും കാലത്ത് വാരാന്ത്യപ്പതിപ്പുകളുടെ കെട്ടും മട്ടും വേഗത്തില്‍ മാറുമ്പോള്‍ ആ വേഗത്തിനൊപ്പം നില്‍ക്കാന്‍ വെള്ളലശ്ശേരിക്കുമായിരുന്നു.
ജോലിയുടെ ഇടവേളകളിലും പുസ്തകങ്ങളുടെ സാന്നിധ്യത്തിലായിരുന്നു എപ്പോഴും ടി പി. ഇതിനിടയില്‍ കടന്നുവരുന്ന ആര്‍ക്കും തെളിച്ചമുള്ളൊരു ചിരി സമ്മാനിക്കാനും അദ്ദേഹം മറന്നിരുന്നില്ല. തന്റെ ചിന്തകളും പത്ര മാനേജ്‌മെന്റിന്റെ നിലപാടുകളും പരസ്പരം ഏറ്റുമുട്ടാതെ, എന്നാല്‍ താന്‍ പറയാന്‍ ഉദ്ദേശിച്ചത് ഒന്നും ബാക്കിവെക്കാതെ അവതരിപ്പിക്കാന്‍ സഖാഫിക്ക് എന്നുമായിട്ടുണ്ട്.

 

Latest