Connect with us

Malappuram

മാതിക്ക് അന്തിയുറങ്ങാം, ചോര്‍ന്നൊലിക്കാത്ത വീട്ടില്‍

Published

|

Last Updated

കാളികാവ്: അടക്കാകുണ്ട് പട്ടാണിത്തരിശിലെ പുള്ളിമാന്‍ തരിശ് മാതിയിപ്പോള്‍ നിറഞ്ഞ ആഹ്ലാദത്തിലാണ്. മഴ പെയ്താല്‍ അകം മുഴുവന്‍ വെള്ളത്തിലാവുന്ന വീടിന് പകരം മോടിയുള്ള കോണ്‍ക്രീറ്റ് വീട് കിട്ടിയതിന്റെ ആഹ്ലാദം എണ്‍പതിനടുത്ത് പ്രായമുള്ള മാതിയുടെ മുഖത്ത് തെളിഞ്ഞ് കാണാം. ആദിവാസി കാട്ടുനായ്ക്ക വിഭാഗത്തിലെ ഈ വൃദ്ധയുടെ വീട് ആറ് മാസം മുമ്പ് വരെ മേല്‍ക്കൂര പൊട്ടിത്തകര്‍ന്ന് ചോര്‍ന്നൊലിക്കുന്ന വിധത്തിലായിരുന്നു. ചുമര്‍ പലയിടത്തും പൊളിഞ്ഞ് വിണ്ട്കീറിയിരുന്നു. മാതിയുടെ ദുരിതത്തെക്കുറിച്ച് സിറാജ് അടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചതോടെ കാളികാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആലിപ്പറ്റ ജമീല ഇവരുടെ വീട് സന്ദര്‍ശിച്ച് മാതിക്ക് പുതിയ വീട് ലഭ്യമാക്കാനുള്ള നടപടിയെടുക്കുമെന്ന് അറിയിക്കുകയായിരുന്നു.
പട്ടികവര്‍ഗ വകുപ്പ് പി വി ടി ജി പദ്ധതിയില്‍ മൂന്നര ലക്ഷം അനുവദിച്ചാണ് നിര്‍മ്മാണം നടത്തിയത്. നിലമ്പൂര്‍ പട്ടിവര്‍ഗ വകുപ്പ് സെക്ടറല്‍ ഓഫീസര്‍ വിപിന്‍ദാസ് പദ്ധതി നടപ്പാക്കാന്‍ രംഗത്തിറങ്ങുകയായിരുന്നു. ഇതോടെ ഇനി മുതല്‍ മാതിക്കും മാതിയുടെ വീട്ടിലെ അമ്പതിലധികം വരുന്ന മല ദൈവങ്ങള്‍ക്കും ചോര്‍ന്നൊലിക്കാത്ത വീട്ടില്‍ അന്തിയുറങ്ങാം.
വീടകം മുഴുവന്‍ വെള്ളം നിറയുമ്പോഴും മാതിയെ കൂടുതല്‍ സങ്കടപ്പെടുത്തിയരുന്നത് തന്റ രക്ഷകരായ ദേവന്‍മാരുടെ പ്രതിമകളും പൂജാ വസ്തുക്കളുമെല്ലാം വെള്ളം നനഞ്ഞ് നശിച്ച് പോവുമല്ലോ എന്ന ചിന്തയായിരുന്നു. അങ്ങനെയായായാല്‍ മലദൈവങ്ങള്‍ കോപിക്കുമെന്നും മാതി ഭയപ്പെട്ടു. പട്ടിണി കിടന്ന് അവശയായ മാതിയുടെ ദുരിതങ്ങളും മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. എല്ലാം ദൈവങ്ങളുടെ കോപം കാരണമാണെന്നാണ് മാതി പറയുന്നത്. മറ്റുള്ളവരെ ആശ്രയിച്ച് മാത്രം പട്ടിണിയകറ്റുന്നതിനിടയിലും തന്റ പാരമ്പര്യ ദൈവങ്ങള്‍ക്കായി മാത്രം വീട്ടിലെ ഒരു കൊച്ച് മുറി നീക്കിവെച്ചിരിക്കുകയാണ് ഈ വൃദ്ധ. അടുത്ത ദിവസം വൈദ്യുതിയും എത്തും. വീട് കിട്ടിയെങ്കിലും കുടിവെള്ളത്തിന് സംവിധാനമില്ലാത്തത് മാതിയെ അലട്ടുന്നുണ്ട്. വീട്ട് മുറ്റത്തുണ്ടായിരുന്ന കിണര്‍ മണ്ണിടിച്ചിലില്‍ തകര്‍ന്നതോടെ പുഴ വെള്ളം മാത്രമാണ് കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും ആശ്രയം.