ദേവയാനിക്കെതിരെ ശക്തമായ നടപടികളുമായി അമേരിക്ക

Posted on: January 12, 2014 7:45 am | Last updated: January 13, 2014 at 1:33 am

devyani

വാഷിംഗ്ടണ്‍/ന്യൂഡല്‍ഹി: ദേവയാനി ഖോബ്രഗഡേ വിഷയത്തില്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് അമേരിക്ക. വിസാ കേസില്‍ കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ദേവയാനിയെ രക്ഷപ്പെടുത്താനും ഇന്ത്യയിലെത്തിക്കാനും സാധിച്ചെങ്കിലും തുടര്‍നടപടികള്‍ വഴി കുരുക്കൊരുക്കാനാണ് അമേരിക്കയുടെ ശ്രമം. ഇന്ത്യയിലേക്ക് സ്ഥലം മാറ്റിയതോടെ അവരുടെ നയതന്ത്ര പരിരക്ഷ ഇല്ലാതായിരിക്കുകയാണ്. ഇതോടെ അവരുടെ പേര് ലുക്ക് ഔട്ട് സിസ്റ്റത്തില്‍ ഉള്‍പ്പെടുത്തിയെന്നും ഉടന്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്നും യു എസ് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. അമേരിക്കയില്‍ ഇറങ്ങിയാല്‍ അറസ്റ്റ് ചെയ്യാവുന്ന നിലയിലാണ് നിയമപരമായ നടപടികള്‍ കൈക്കൊള്ളുന്നത്.
യു എന്നിന്റെ സ്ഥിരം സമിതിയിലേക്ക് ദേവയാനിയെ മാറ്റിയതോടെ അവര്‍ക്ക് പൂര്‍ണ നയതന്ത്ര പരിരക്ഷ ലഭിച്ചിരുന്നു. ഈ നീക്കം അമേരിക്കന്‍ പദ്ധതികള്‍ പൊളിച്ചു. തുടര്‍ന്ന് തന്റെ വിചാരണാ നടപടികള്‍ നീട്ടി വെക്കണമെന്നാവശ്യപ്പെട്ട് ദേവയാനി നല്‍കിയ ഹരജി തള്ളണമെന്ന് യു എസ് അറ്റോര്‍ണി കോടതിയില്‍ വാദിച്ചു. ഈ ഹരജി തള്ളിയെങ്കിലും അറസ്റ്റിനും കോടതിയില്‍ ഹാജരാക്കുന്നതിനും നയതന്ത്ര പരിരക്ഷ തടസ്സമായി. ഈ ഘട്ടത്തിലാണ് രാജ്യം വിടണമെന്ന് ദേവയാനിക്ക് നിര്‍ദേശം നല്‍കിയതെന്ന് യു എസ് വിദേശകാര്യ മന്ത്രാലയ വക്താവ് ജെന്‍ സാകി പറഞ്ഞു. എന്നാല്‍ ദേവയാനിക്കെതിരെ ചുമത്തിയ കുറ്റം നിലനില്‍ക്കുമെന്നും കോടതിയില്‍ ഹാജരാകാനല്ലാതെ അമേരിക്കയില്‍ പ്രവേശിക്കാനാകില്ലെന്നും അവര്‍ വ്യക്തമാക്കി.
അതിനിടെ, ദേവയാനി വിഷയം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ദീര്‍ഘകാല ബന്ധത്തിന് വിഘാതമാകില്ലെന്ന് വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ശിദ് പ്രത്യാശ പ്രകടിപ്പിച്ചു. വിസാ ചട്ടങ്ങള്‍ ലംഘിച്ചു, വ്യാജ സത്യപ്രസ്താവന നല്‍കി എന്നീ കുറ്റങ്ങളാണ് ദേവയാനിക്കെതിരെ ചുമത്തിയിട്ടുള്ളത്. അമേരിക്കയില്‍ പതിനഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ. ദേവയാനിയോട് രാജ്യം വിടാന്‍ യു എസ് ആവശ്യപ്പെട്ട സാഹചര്യത്തില്‍ അവരുടെതിന് സമാനമായ റാങ്കിലുള്ള യു എസ് എംബസിയിലെ ഉദ്യോഗസ്ഥനോട് ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു.
1999 ബാച്ചിലെ ഐ എഫ് എസ് ഉദ്യോഗസ്ഥയായ ദേവയാനിയെ കഴിഞ്ഞ ഡിസംബര്‍ പന്ത്രണ്ടിനാണ് യു എസില്‍ അറസ്റ്റ് ചെയ്തത്. വീട്ടുജോലിക്കാരിയുടെ വിസാ രേഖയില്‍ കൃത്രിമം കാണിച്ചുവെന്നാണ് കേസ്.