Connect with us

Ongoing News

കാലിക്കടത്ത്: നിരോധം ഭാഗികമായി പിന്‍വലിച്ചെങ്കിലും പ്രതിസന്ധി തീരുന്നില്ല

Published

|

Last Updated

പാലക്കാട്: കന്നുകാലികളെ കൊണ്ടുവരുന്നതിന് ഏര്‍പ്പെടുത്തിയ നിരോധം ഭാഗികമായി പിന്‍വലിച്ചെങ്കിലും പ്രതിസന്ധി തീരുന്നില്ല. വാളയാര്‍, മുതലമട ചെക്ക്‌പോസ്റ്റുകളില്‍ മാത്രമാണ് ഇപ്പോള്‍ കാലികളെ കടത്തിക്കൊണ്ടുവരാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. സംസ്ഥാനത്തേക്ക് ഓരോ മാസവും 10 ലക്ഷത്തിലധികം കാലികളെ കടത്തുന്നുണ്ട്. ഇതില്‍ഭൂരിഭാഗവും ജില്ലയിലെ ചെക്ക്‌പോസ്റ്റുകള്‍ വഴിയാണ്. മൂവായിരത്തിലധികം ലോഡ് കാലികള്‍ പാലക്കാട് വഴി കടന്നുവരുമ്പോള്‍ ഇതിന് രണ്ട് ചെക്ക ്‌പോസ്റ്റുകള്‍ മതിയാകില്ല. മൃഗഡോക്ടറുടെ പരിശോധന കര്‍ശനമാക്കിയതിനാല്‍ ഒരു ദിവസം വരുന്ന ലോഡുകള്‍ ആ ദിവസം തന്നെ പരിശോധിച്ച് വിടാന്‍ കഴിയില്ല. ബാക്കി കാലികളെ ചെക്ക്‌പോസ്റ്റുകളില്‍ നിര്‍ത്തേണ്ടിവരും. ഇത് കാലികളുടെ ആരോഗ്യത്തെ ബാധിക്കും.
വ്യാപാരികള്‍ക്ക് കൂടുതല്‍ പണച്ചെലവും ഉണ്ടാകും. വാഹനത്തില്‍ നിന്ന് കാലികളെ ഇറക്കി വെള്ളവും തീറ്റയും കൊടുക്കാന്‍ ചെക്ക് പോസ്റ്റുകളില്‍ സൗകര്യമില്ലാത്തതും വലക്കുകയാണ്. കുളമ്പുരോഗത്തെ തുടര്‍ന്ന് ഡിസംബര്‍ അഞ്ചിനാണ് കാലികടത്തും കാലിച്ചന്തയും നിരോധിച്ചത്.
എന്നാല്‍ ബീഫ് സ്റ്റാളുകള്‍ പതിവുപോലെ പ്രവര്‍ത്തിച്ചു. തമിഴ്‌നാട്ടിലെ ഒട്ടംഛത്രം, ഉദുമല്‍പേട്ട എന്നിവിടങ്ങളില്‍ നിന്ന് എല്ലാ വെള്ളിയാഴ്ചയും കൊണ്ടുവരുന്ന കാലികളെ അടുത്ത ദിവസം പാലക്കാട് കുഴല്‍മന്ദത്തെ ചന്തയിലെത്തിക്കണം. ചെക്ക്‌പോസ്റ്റില്‍ പരിശോധന വൈകിയാല്‍ അടുത്ത ദിവസം എത്തിക്കാന്‍ കഴിയില്ല. ഈ കാലികളെ അടുത്ത വ്യാഴാഴ്ച നടത്തുന്ന വാണിയംകുളം ചന്തയിലേ വില്‍ക്കാന്‍ കഴിയൂ. ഒരാഴ്ചയോളം ഇവക്ക് തീറ്റകൊടുക്കലും വാഹനവാടകയും അടക്കം വന്‍ സാമ്പത്തിക ബാധ്യതയാണ് വ്യാപാരികള്‍ക്കുണ്ടാകുക. നൂറ് കണക്കിന് ലോഡ് കന്നുകാലികളാണ് ചെക്ക്‌പോസ്റ്റുകളിലെ പരിശോധനയെത്തുടര്‍ന്ന് നടുറോഡില്‍ കഴിയേണ്ടിവരുന്നത്.
പരിശോധനക്ക് ചെക്ക് പോസ്റ്റില്‍ കൂടുതല്‍ സൗകര്യം ഉണ്ടാക്കണമെന്നും ജില്ലയിലെ മറ്റ് ചെക്ക് പോസ്റ്റുകളില്‍ കൂടി കാലികടത്തിന് അനുവാദം നല്‍കണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം