Connect with us

Eranakulam

14 കക്ഷികളുടെ കൂട്ടായ്മക്ക് മൂന്നാഴ്ചക്കുള്ളില്‍ രൂപമാകും: സി പി എം

Published

|

Last Updated

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കും കോണ്‍ഗ്രസിനും ബദലായി 14 കക്ഷികളുടെ കൂട്ടായ്മക്ക് മൂന്നാഴ്ചക്കുള്ളില്‍ പ്രാഥമിക രൂപമാകുമെന്ന് സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഈ കക്ഷികളുമായി ചേര്‍ന്ന് ഒരു ബദല്‍ മുന്നണിയായി പ്രവര്‍ത്തിക്കുന്നതിനുള്ള ഒരു സാഹചര്യം രൂപപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം കൊച്ചിയില്‍ മീറ്റ് ദി പ്രസ് പരിപാടിയില്‍ പറഞ്ഞു.
ഒക്ടോബര്‍ 13ന് ഡല്‍ഹിയില്‍ നടത്തിയ സമ്മേളനത്തിനു ശേഷം ഈ പാര്‍ട്ടികളുമായി നിരന്തരമായ ചര്‍ച്ചകള്‍ നടന്നുവരികയാണ്. ബി ജെ പിയെയും കോണ്‍ഗ്രസിനെയും അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താനുള്ള സഖ്യത്തിന് രൂപം നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മൂന്നാം മുന്നണി രൂപപ്പെടുന്നതിന് സാധ്യതയില്ലെന്നും എല്ലാ കാലത്തും മൂന്നാം മുന്നണി രൂപപ്പെട്ടിട്ടുള്ളത് തിരഞ്ഞെടുപ്പിന് ശേഷമാണെന്നും കാരാട്ട് ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ബി ജെ പിയെയും നരേന്ദ്രമോദിയെയും നേരിടാനുള്ള ശേഷി നഷ്ടമായിരിക്കയാണ്. നിലനില്‍പ്പിനായുള്ള പോരാട്ടമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ നടത്തുന്നത്. നരേന്ദ്രമോദിയെയും ബി ജെ പിയെയും ഫലപ്രദമായി നേരിടാന്‍ കോണ്‍ഗ്രസ് ഇതര മതേതര ശക്തികളുടെ കൂട്ടായ്മക്ക് മാത്രമേ ഇനി കഴിയൂ. ഈ അടിസ്ഥാനത്തിലാണ് ബി ജെ പി ഇതര കോണ്‍ഗ്രസ് ഇതര കക്ഷികളുമായി വിശാലമായ ധാരണക്ക് സി പി എമ്മും ഇടതുപക്ഷവും ശ്രമിക്കുന്നത്.
ആം ആദ്മി പാര്‍ട്ടിയുമായി ധാരണയുണ്ടാക്കുന്ന കാര്യം ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമേ പരിഗണിക്കൂവെന്ന് കാരാട്ട് പറഞ്ഞു. ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടി അവരുടെ അസ്തിത്വം രൂപപ്പെടുത്താനുള്ള ശ്രമത്തിലാണ്. അവരുടെ അടിസ്ഥാന നയപരിപാടികള്‍ എന്തൊക്കെയാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതിനു വേണ്ടി ഇടതു പക്ഷം കാത്തിരിക്കുകയാണ്. ആം ആദ്മി പാര്‍ട്ടി സി പി എമ്മിനോ ഇടതു പാര്‍ട്ടികള്‍ക്കോ പകരം വെക്കാവുന്ന സംഘടനയല്ല. അത് ചില ബൂര്‍ഷ്വാ പാര്‍ട്ടികള്‍ക്കുള്ള ബദലാണ്.
അഴിമതിക്കെതിരായ അവരുടെ നിലപാട് സ്വാഗതാര്‍ഹമാണെങ്കിലും ഉന്നത തലങ്ങളിലെ അഴിമതിക്ക് കാരണമാകുന്ന ആഗോളവത്കരണ ഉദാരവത്കരണ നയങ്ങളോടുള്ള അവരുടെ നിലപാട് എന്താണെന്ന് വ്യക്തമല്ല. ബി ജെ പിക്കെതിരെ പൊരുതുമ്പോഴും അവര്‍ വര്‍ഗീയതക്കെതിരെ പൊരുതുന്നില്ല. ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാറിന്റെ പ്രകടനം വിലയിരുത്താറായിട്ടില്ല. ഒരു വശത്ത് അവര്‍ കുടിവെള്ളത്തിന് വില കുറക്കുന്നതു പോലുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്. എന്നാല്‍ ഡല്‍ഹിയില്‍ പാവപ്പെട്ട 30 ശതമാനത്തോളം പേര്‍ക്ക് കുടിവെള്ള കണക്ഷനില്ല. ദരിദ്രവിഭാഗങ്ങള്‍ക്ക് പ്രയോജനമില്ലാത്ത നടപടിയാണ് ഇത്. രാഷ്ട്രീയത്തില്‍ ഇടപെടാതെ മാറി നിന്നിരുന്ന മധ്യവര്‍ഗക്കാരാണ് ആം ആദ്മി പാര്‍ട്ടിയിലേക്ക് വന്നുകൊണ്ടിരിക്കുന്നതെന്നും അത് അത്രത്തോളം നല്ല കാര്യമാണെന്നും കാരാട്ട് പറഞ്ഞു.
ആധാര്‍ നിര്‍ബന്ധിതമാക്കുന്നത് സബ്‌സിഡികള്‍ വെട്ടിക്കുറക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് കാരാട്ട് പറഞ്ഞു. എല്‍ പി ജിക്ക് ആധാര്‍ നിര്‍ബന്ധിതമാക്കിയതിന് പിന്നാലെ പൊതുവിതരണ സംവിധാനമടക്കമുള്ള മറ്റ് സേവനമേഖലകളിലും ആധാര്‍ നിര്‍ബന്ധിതമാക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. നിയമപരമായ അടിത്തറയില്ലാത്തതാണ് ആധാര്‍ കാര്‍ഡ്. ആധാറിന് പാര്‍ലിമെന്റിന്റെ അംഗീകാരം ലഭിച്ചിട്ടില്ല. പാര്‍ലിമെന്ററി കമ്മിറ്റി ആധാര്‍ നടപ്പാക്കാനുള്ള ശിപാര്‍ശ തള്ളുകയാണുണ്ടായത്. ആധാറിനെ സി പി എം തുടക്കം മുതലേ എതിര്‍ത്തുവരികയാണെന്നും ഈ എതിര്‍പ്പ് ശക്തമായി തുടരുമെന്നും കാരാട്ട് വ്യക്തമാക്കി.

Latest