പ്രൊഫഷനലുകള്‍ക്ക് സാമൂഹിക പ്രതിബദ്ധത അനിവാര്യം: കാന്തപുരം

Posted on: January 12, 2014 12:39 am | Last updated: January 12, 2014 at 12:39 am

കോഴിക്കോട്: പ്രൊഫഷനല്‍ മികവിനൊപ്പം സാമൂഹിക പ്രതിബദ്ധത കൂടി ചേരുമ്പോഴാണ് വിദ്യാഭ്യാസം ലക്ഷ്യം കൈവരിക്കുന്നതെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍. കോഴിക്കോട് പന്തീരാങ്കാവ് ഹിദായ ക്യാമ്പസില്‍ നടക്കുന്ന എസ് എസ് എഫ് സംസ്ഥാന പ്രൊഫഷനല്‍ വിദ്യാര്‍ഥി സമ്മേളനം പ്രൊഫ്‌സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിരുദധാരികളെ ഉത്പാദിപ്പിക്കുന്ന ഫാക്ടറികളായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാറിക്കൂടാ. സാമ്പത്തികമായ ലാഭചേതങ്ങളിലേക്ക് പഠനമികവിനെയും തൊഴിലിനെയും ചുരുക്കിക്കെട്ടുന്ന പ്രൊഫഷനലുകള്‍ സമൂഹത്തിന് ബാധ്യതയായി മാറുന്നതാണ് അനുഭവം. സേവന മനഃസ്ഥിതിയും അര്‍പ്പണബോധവുമുള്ള വിദ്യാര്‍ഥിത്വത്തെ രൂപപ്പെടുത്താന്‍ ക്യാമ്പസുകള്‍ക്കാകണം. രാഷ്ട്രനിര്‍മാണ പ്രക്രിയയില്‍ പ്രൊഫഷനലുകളെ പങ്കാളികളാക്കുന്ന വിധം പഠനമാധ്യമങ്ങള്‍ പരിഷ്‌കരിക്കണം. മലയാളികളായ വിദ്യാര്‍ഥികള്‍ക്ക് കേരളത്തില്‍തന്നെ പ്രൊഫഷനല്‍ വിദ്യാഭ്യാസം നേടുന്നതിന് സംവിധാനങ്ങളൊരുക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യത്തെ ജയിലുകളില്‍ തീവ്രവാദമാരോപിച്ചും വ്യജകുറ്റങ്ങള്‍ ചുമത്തിയും അടച്ചിരിക്കുന്ന നിരപരാധരുടെ മോചനം വേഗത്തിലാക്കണം. കുറ്റം ചെയ്യാത്തവര്‍ ശിക്ഷയനുഭവിക്കുന്നത് നമ്മുടെ നീതിന്യയ സംവിധാനത്തിന്റെ അന്തസ്സ് കളങ്കപ്പെടുത്തും. അന്യായമായി തടവിലിട്ടവരെ മോചിപ്പിക്കാനുള്ള നിര്‍ദേശം ന്യൂനപക്ഷപ്രീണനമായി അവതരിപ്പിച്ച് നിരാകരിക്കപ്പെട്ട സാഹചര്യം ആവര്‍ത്തിക്കപ്പെടരുത്. സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സയ്യിദ് അലി ബാഫഖി പ്രാര്‍ഥന നിര്‍വഹിച്ചു. എന്‍ വി അബ്ദുര്‍റസാഖ് സഖാഫി അധ്യക്ഷത വഹിച്ചു. ഡോ. കെ മൊയ്തു, സി പി മൂസ ഹാജി, സി അന്‍വര്‍ സ്വാദിഖ് സംബന്ധിച്ചു. തുടര്‍ന്ന് കവാടം, ബോധനം, ആദര്‍ശം, ചരിത്രപഥം, ചിന്തനം, ഇസ്‌ലാം സെഷനുകള്‍ക്ക്് പേരോട് അബ്ദുര്‍റഹ്്മാന്‍ സഖാഫി, കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, എം മുഹമ്മദ് സ്വാദിഖ്, എന്‍ എം സ്വാദിഖ് സഖാഫി, കെ അബ്ദുല്‍ കലാം, ഡോ. റിയാസ് നേതൃത്വം നല്‍കി. സമ്മേളനത്തിന്റെ സമാപന ദിവസമായ ഇന്ന് കാലത്ത് 7.30ന് നടക്കുന്ന സുഭാഷിതം സെഷനില്‍ സയ്യിദ് ഇബ്്‌റാഹിം ഖലീല്‍ ബുഖാരി, പേരോട് അബ്ദുര്‍റഹ്്മാന്‍ സഖാഫി സംസാരിക്കും. ഒമ്പത് മണിക്ക് സാമൂഹ്യവിചാരം സെഷന്‍ മന്ത്രി എം കെ മുനീര്‍ ഉദ്ഘാടനം ചെയ്യും. പതിനൊന്ന് മണിക്ക് നടക്കുന്ന കര്‍മശാസ്ത്ര ചര്‍ച്ചയില്‍ മഞ്ഞപ്പറ്റ ഹംസ മുസ്്‌ലിയാര്‍, ജലീല്‍ സഖാഫി ചെറുശ്ശോല പ്രതിനിധികളുടെ സംശയങ്ങള്‍ക്ക് മറുപടി പറയും. ഉച്ചക്ക് 12.30ന് സമാപന സംഗമത്തില്‍ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി സന്ദേശ പ്രഭാഷണം നിര്‍വഹിക്കും.