ബി ജെ പി എല്ലാ മണ്ഡലങ്ങളിലും മത്സരിക്കും: വി മുരളീധരന്‍

Posted on: January 12, 2014 12:34 am | Last updated: January 12, 2014 at 12:34 am

മലപ്പുറം: ലോക്്‌സഭാ തിരഞ്ഞെടുപ്പില്‍ ഇരുപത് മണ്ഡലങ്ങളിലും ബി ജെ പി മത്സരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍. ഒ രാജഗോപാലും സി കെ പത്മനാഭനുമടക്കം മുതിര്‍ന്ന നേതാക്കള്‍ മത്സര രംഗത്തുണ്ടാകുമെന്നും അദ്ദേഹം മലപ്പുറത്ത് മീറ്റ് ദ പ്രസ് പരിപാടിയില്‍ പറഞ്ഞു.
ഫെബ്രുവരി ഒമ്പതിന് തിരുവനന്തപുരത്ത് മോദി പങ്കെടുക്കുന്ന ബി ജെ പിയുടെ മഹാറാലി നടക്കും. ഇതിനു മുമ്പ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടക്കും. സംസ്ഥാനത്ത് പലവിഷയങ്ങളിലും എല്‍ ഡി എഫും യു ഡി എഫും ഒത്തുകളിക്കുകയാണ്. ഇതിനെതിരെയായിരിക്കും സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേയും വിധിയെഴുത്ത്.
സാമുദായിക സംഘടനകളല്ല തിരഞ്ഞെടുപ്പിന്റെ ഫലം നിര്‍ണയിക്കുന്നത്. മാര്‍കിസ്റ്റ് ജീര്‍ണതയില്‍ മനം മടുത്തവരാണ് സംസ്ഥാനത്ത്് ആം ആദ്മിയിലേക്ക് പോകുന്നത്. കണ്ണൂരില്‍ ബി ജെ പിയില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നും അവ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബി ജെ പി വോട്ട് കച്ചവടം നടത്താറില്ല. എന്നാല്‍ വോട്ട് നഷ്ടപ്പെടലുകള്‍ ഉണ്ടായിട്ടുണ്ട്. സംസ്ഥാന ഭരണത്തിലെ ലീഗ് വത്കരണത്തില്‍ അസംതൃപ്തരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരടക്കം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ പിന്തുണക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.