ലാവ്‌ലിന്‍: സി ബി ഐ ഒത്തുകളിച്ചോഎന്ന് സംശയം: യൂത്ത് കോണ്‍ഗ്രസ്‌

Posted on: January 12, 2014 12:33 am | Last updated: January 12, 2014 at 12:33 am

ആലപ്പുഴ: സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ സി ബി ഐ കോടതിയുടെ വിധിക്കെതിരെ രണ്ട് മാസമായിട്ടും അപ്പീല്‍ നല്‍കാത്ത സി ബി ഐ നടപടി ദുരൂഹമാമാണെന്ന് യൂത്ത് കോണ്‍ഗ്രസ്.
അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് പറയുന്ന പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍, സംസ്ഥാനത്തിന് കോടികളുടെ നഷ്ടമുണ്ടാക്കിയ എസ് എന്‍ സി ലാവ്‌ലിന്‍ അഴിമതിക്കേസില്‍ പോരാട്ടം അവസാനിപ്പിച്ചോയെന്ന് വ്യക്തമാക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. രണ്ട് കോടിയുടെ പാമോലിന്‍ കേസില്‍ സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിക്കുന്ന വി എസ്, ലാവ്‌ലിന്‍ കേസില്‍ മൗനം പാലിക്കുന്നത് ഇരട്ടത്താപ്പാണെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കുറ്റപ്പെടുത്തി.
പിണറായി അഴിമതിയുടെ ചാമ്പ്യനാണെന്നും കേരളീയ സമൂഹത്തിന് മുന്നില്‍ അദ്ദേഹം ഒരിക്കലും കുറ്റവിമുക്തനാകില്ലെന്നും കേസ് തേച്ചുമായ്ച്ചുകളയാന്‍ സി ബി ഐയുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും അഡ്ജസ്റ്റ്‌മെന്റ് ഉണ്ടായിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.
യു ഡി എഫ് ഘടകകക്ഷികള്‍ മുന്നണി ശക്തിപ്പെടുത്തുന്നതിന് പകരം നേതാക്കളുടെ സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന സ്ഥിതിയാണുള്ളത്. ഇത്തരം ഘടകകക്ഷികളെ നിലക്കുനിര്‍ത്താന്‍ കോണ്‍ഗ്രസ് ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ ്പ്രസിഡന്റ് സി ആര്‍ മഹേഷ്, സംസ്ഥാന ജനറല്‍ സെക്രട്ടറി ആദം മുല്‍സി, എസ് ദീപു, ഗീതാ അശോകന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.