Connect with us

Malappuram

ഉദിനൂര്‍ മെഗാ ഒപ്പനക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചില്ല

Published

|

Last Updated

തൃക്കരിപ്പൂര്‍: ഉദിനൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 151 മൊഞ്ചത്തിമാരെ അണി നിരത്തി ഡല്‍ഹിയില്‍ റിപ്പബ്ലിക്ദിന പരേഡില്‍ അവതരിപ്പിക്കാനിരുന്ന മെഗാ വിസ്മയ ഒപ്പനക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ ഉടക്ക്. ചരിത്രം രചിച്ച മെഗാ ഒപ്പന ഇന്ദ്രപ്രസ്ഥത്തിലെ രാജവീഥിയില്‍ അവതരിപ്പിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയപ്പോഴാണ് അവസാന നിമിഷം ഒപ്പനയിലെ കുട്ടികളെയും അണിയറ പ്രവര്‍ത്തകരെയും അധ്യാപകരേയുംവിഷമിപ്പിക്കുന്ന കേന്ദ്ര തീരുമാനം വന്നത്.
ഒരു നാട് മുഴുവന്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങിയ സ്വപ്‌നവും ഏറെ ദിവസങ്ങള്‍ നീണ്ട പരിശ്രമവുമെല്ലാമാണ് ഇതോടെ അസ്തമിച്ചത്. പി കരുണാകരന്‍ എം പി അടക്കമുള്ള ജനപ്രതിനിധികള്‍ ഇടപെട്ട് ചര്‍ച്ചകള്‍ നടത്തിയെങ്കിലും പ്രതിരോധ മന്ത്രാലയം തീരുമാനം മാറ്റാന്‍ തയ്യാറായിട്ടില്ല. റിപ്പബ്ലിക്ക് ദിന പരേഡില്‍ ഒപ്പന അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു മാസം മുമ്പ് പരിശോധനക്കും വിലയിരുത്താനും എത്തിയ വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ടാണ് ഉദിനൂരിലെ ഒപ്പന സംഘത്തിന് പ്രതികൂലമായത്.
ഒപ്പന എന്ന കലാരൂപം എന്താണെന്നു പരിചയം പോലും ഇല്ലാത്തവരാണ് അവതരണ അനുമതി നല്‍കാനുള്ള പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നതെന്ന് അന്ന് തന്നെ ആരോപണം ഉയര്‍ന്നിരുന്നു.
സംഘത്തിന്റെ സന്ദര്‍ശനം വിനോദ സഞ്ചാരമായിരുന്നുവെന്നും ആക്ഷേപമുയര്‍ന്നിരുന്നു. ബേക്കല്‍ കോട്ട കാണാനും ഹൗസ് ബോട്ടില്‍ യാത്ര ചെയ്യാനുമാണ് കേന്ദ്ര സംഘം സമയമത്രയും ചെലവഴിച്ചതെന്നും നാട്ടുകാര്‍ പറയുന്നു. സംഘത്തിന്റെ ഒരു ദിവസത്തെ ഭക്ഷണത്തിനും താമസത്തിനുമുള്ള ബില്‍ തുക 28,000 രൂപയാണ് നിലേശ്വരത്തെ ഒരു സ്വകാര്യ റിസോര്‍ട്ടില്‍ സ്‌കൂള്‍ അധികൃതര്‍ അടച്ചത്. പരേഡില്‍ ഒപ്പനയിലെ മണവാട്ടി ഇരിക്കാന്‍ പാടില്ല, വേഷം അണിഞ്ഞു കളിക്കാന്‍ പറ്റില്ല, പരേഡില്‍ മറ്റുള്ളവരോടൊപ്പം നടക്കാന്‍ മാത്രമേ പാടുള്ളൂ തുടങ്ങിയ നിര്‍ദേശങ്ങള്‍ അന്ന് തന്നെ ഈ സംഘം മുന്നോട്ടുവെച്ചിരുന്നു.
ചുരുക്കത്തില്‍ ഇവിടെ നിന്നും പോകുന്ന കുട്ടികള്‍ക്ക് തനിമ ചോരാതെ ഡല്‍ഹിയില്‍ ഒപ്പന അവതരിപ്പിക്കാന്‍ കഴിയുന്നതല്ല എന്ന് തെളിയിക്കുന്നതായിരുന്നു പ്രാഥമിക വിലയിരുത്തലുണ്ടായത്. എന്നിട്ടും പ്രതീക്ഷ കൈവിടാതെ ഒപ്പന സംഘം പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്നാല്‍ ഈ സംഘം നല്‍കിയ അന്തിമ റിപ്പോര്‍ട്ട് പ്രകാരമാണ് ഇപ്പോള്‍ പ്രതിരോധ മന്ത്രാലയം അനുമതി നിഷേധിച്ചത്. ഈ തീരുമാനം കലയെ സ്‌നേഹിക്കുന്നവര്‍ക്ക് വലിയ സങ്കടമായിപ്പോയെന്ന് ഫോക്‌ലോര്‍ അക്കാദമി സെക്രട്ടറി എം പ്രദീപ്കുമാര്‍ പറഞ്ഞു. വിധികര്‍ത്താക്കളുടെ ഉടക്കാണ് ഇതിനു കാരണമായതെന്നും അന്തിമ തീരുമാനം പ്രതിരോധ മന്ത്രലയത്തിന്റെതാണെന്നും അദ്ദേഹം പറഞ്ഞു.
ലോക റെക്കാര്‍ഡിനു വേണ്ടി നേരത്തെ ചിട്ടപ്പെടുത്തിയ 121 പേരുടെ ഒപ്പനക്ക് പകരം പുതിയ ചുവടുകളുമായി അണിനിരന്ന 151 നാരിമാര്‍ കേന്ദ്രസംഘത്തിനു മുന്നില്‍ ഇശലുകളുടെ പൂമഴ പെയ്യിച്ചിരുന്നു. തിങ്ങി നിറഞ്ഞ കലാസ്വാദകരെയും നാട്ടുകാരെയും സാക്ഷി നിര്‍ത്തിയാണ് കുട്ടികള്‍ ഒപ്പനക്ക് ചുവടുവെച്ചത്. ഡല്‍ഹിയില്‍നിന്നും തഞ്ചാവൂരില്‍നിന്നുമുള്ള ഏഴംഗ സംഘമാണ് സ്‌കൂളില്‍ എത്തിയത്.
നര്‍ത്തകി ഗീത മഹാലിക്, ഒഡീസി നര്‍ത്തകി ഗുരു രഞ്ജന ഗൗഹര്‍, ഗുരു സരോജ വൈദ്യനാഥന്‍, ജയലക്ഷ്മി ഈശ്വര്‍(ഭരതനാട്യം), രസിഹാര്‍ മേത്ത, പ്രതിരോധ സേനയിലെ ഉദ്യോഗസ്ഥന്‍ രാജേന്ദ്ര സിന്ഹ, പ്രോഗ്രാം യൂനിറ്റ് ചീഫ് തഞ്ചാവൂര്‍ രവീന്ദ്രന്‍ എന്നിവരാണ് ഒപ്പന വിലയിരുത്തിയത്.
ആടയാഭരണങ്ങള്‍ അണിഞ്ഞു മുഴുവന്‍ വേഷത്തോടെയാണ് കുട്ടികള്‍ ഇവര്‍ക്ക് മുമ്പില്‍ ഒപ്പന അവതരിപ്പിച്ചത്. വേഷങ്ങള്‍ ഒഴിവാക്കിയുള്ള ഒപ്പന വീണ്ടും കണ്ടതിനുശേഷമാണു സംഘം മടങ്ങിയത്. തഞ്ചാവൂര്‍ ദക്ഷിണേന്ത്യന്‍ സാംസ്‌കാരിക കേന്ദ്രത്തിന്റെ ശിപാര്‍ശപ്രകാരം കേരള ഫോക്‌ലോര്‍ അക്കാദമിയുടെ സഹകരണത്തോടെയാണ് ഒപ്പന അവതരിപ്പിച്ചത്.