ഇന്ത്യ – യു എസ് ബന്ധം

Posted on: January 12, 2014 6:00 am | Last updated: January 12, 2014 at 12:25 am

SIRAJ.......ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ എംബസിയിലെ ഡപ്യൂട്ടി കോണ്‍സല്‍ ജനറലായിരുന്ന ദേവയാനി ഖോബ്രഗഡെ വെള്ളിയാഴ്ച രാത്രി ന്യൂഡല്‍ഹിയില്‍ തിരിച്ചെത്തി. വീട്ടുവേലക്കാരിയുടെ വിസാ രേഖകളിലെ ക്രമക്കേടിന് കഴിഞ്ഞ ഡിസംബര്‍ 12ന് അറസ്റ്റിലായ ദേവയാനിക്കെതിരെ കോടതിയില്‍ കുറ്റം ചുമത്തിയ ദിവസം തന്നെയാണ് അവര്‍ പൂര്‍ണ നയതന്ത്ര പരിരക്ഷയോടെ നാട്ടിലേക്ക് വിമാനം കയറിയത്. അമേരിക്ക ആവശ്യപ്പെട്ട പ്രകാരം ഇന്ത്യ അവരെ തിരികെ വിളിക്കുകയായിരുന്നു. ഇതിനുള്ള തിരിച്ചടിയെന്നോണം ദേവയാനിയുടെ സമാന റാങ്കിലുള്ള ഒരു അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ തിരികെ വിളിക്കാന്‍ ഇന്ത്യയും ആവശ്യപ്പെട്ടിട്ടുണ്ട്.
വീട്ടുവേലക്കാരിയായ സംഗീത റിച്ചാര്‍ഡിന്റെ വിസ അപേക്ഷയില്‍ കാണിച്ചപ്രകാരം ശമ്പളം നല്‍കിയില്ല, വിശ്രമം അനുവദിച്ചില്ല, ജോലിസ്ഥലത്ത് പീഡിപ്പിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് ഐ എഫ് എസ് ഓഫീസറായ ദേവയാനിയെ ഡിസംബര്‍ 12ന് യു എസ് അധികൃതര്‍ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന്, രണ്ടര ലക്ഷം ഡോളര്‍ ജാമ്യത്തുക ഒടുക്കിയാണ് അവര്‍ പുറത്തിറങ്ങിയത്. കേസ് പിന്‍വലിച്ച് മാപ്പുപറയണമെന്ന നിലപാടില്‍ ഇന്ത്യ ഉറച്ചുനിന്നപ്പോള്‍ ലോകാഭിപ്രായം ഇന്ത്യക്കനുകൂലമായി ഉയര്‍ന്നു. ഇതോടെ അമേരിക്കനധികൃതര്‍ അല്‍പ്പം അയഞ്ഞിരുന്നു. നയതന്ത്രതലത്തില്‍ ചില നീക്കങ്ങളും നടത്തിയിരുന്നു. എന്നാല്‍ അതിനിടയില്‍ തനിക്കെതിരായ കേസിലെ വാദം കേള്‍ക്കല്‍ ജനുവരി 13ല്‍ നിന്നും 30 ദിവസം നീട്ടണമെന്ന ദേവയാനിയുടെ അപേക്ഷ യു എസ് കോടതി തള്ളി. ഇത് പ്രശ്‌നം വീണ്ടും സങ്കീര്‍ണമാക്കി.
അമേരിക്കന്‍ വിമാനത്താവളങ്ങളില്‍ മുന്‍ രാഷ്ട്രപതി, കലാകാരന്മാര്‍ തുടങ്ങി മഹാന്മാരായ ഇന്ത്യന്‍ പൗരന്മാര്‍ ഇതിനുമുമ്പും അപമാനിക്കപ്പെട്ടിട്ടുണ്ട്. ഏറ്റവും ഒടുവില്‍ നയതന്ത്രജ്ഞതന്നെ അപമാനിക്കപ്പെട്ടപ്പോള്‍ സംഭവത്തിന് കൂടുതല്‍ ഗൗരവംവന്നുപെട്ടു എന്നത് നേര്. അമേരിക്കയില്‍ താമസിക്കുമ്പോള്‍ അവിടുത്തെ നിയമത്തിന് വിധേയരാകണമെന്നത് സാമാന്യ മര്യാദയാണെന്ന് ഇന്ന് ആരേയും വിളിച്ചുണര്‍ത്തി ബോധിപ്പിക്കേണ്ട കാര്യമല്ല. ഇനിയുള്ള കാര്യങ്ങള്‍ കണ്ടറിയണം. ഇന്ത്യ ആവശ്യപ്പെട്ടപ്രകാരം അമേരിക്ക തെറ്റ് ഏറ്റു പറയുമോ? അതല്ല ഇന്ത്യ കാര്‍ക്കശ്യം ഉപേക്ഷിക്കുമോ?. ഏതായാലും ദേവയാനി നാട്ടില്‍ തിരിച്ചെത്തിയതോടെ പ്രശ്‌നം മുള്ളിനും ഇലക്കും കേടില്ലാതെ പരിഹൃതമാകുമെന്ന് കരുതാം. കേന്ദ്ര സര്‍ക്കാറും യു എസ് ഭരണകൂടവും അതാണ് ആഗ്രഹിക്കുന്നത്.
നയതന്ത്ര പരിരക്ഷ വകവെക്കാതെ ന്യൂയോര്‍ക്കില്‍ അറസ്റ്റ് ചെയ്യപ്പെടുകയും, പരസ്യമായി വിലങ്ങ് വെക്കുകയും, വിവസ്ത്രയാക്കി ദേഹപരിശോധനക്ക് വിധേയയാക്കുകയും ചെയ്ത ദേവയാനി ഒരു മാസത്തിന് ശേഷമാണ് ഡല്‍ഹിയില്‍ തിരിച്ചെത്തിയത്. നയതന്ത്ര പ്രതിനിധിയോടുള്ള കാര്‍ക്കശ്യമാര്‍ന്ന നിലപാട് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഒരു നയതന്ത്ര യുദ്ധത്തിലേക്ക് നീങ്ങിയേക്കാമെന്ന അവസ്ഥയായിരുന്നു. ഇന്ത്യന്‍ ഭരണകൂടവും ഇന്ത്യയിലുള്ള അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ കര്‍ക്കശ നിലപാടെടുത്തപ്പോഴാണ് അമേരിക്ക ഒന്നയഞ്ഞത്. ഇന്ത്യയില്‍ നാട്ടുകാര്‍ക്ക് ലഭിക്കാത്ത എണ്ണമറ്റ ആനുകൂല്യങ്ങളും സൗജന്യങ്ങളും ഇളവുകളുമാണ് അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നത്. തന്ത്രപ്രധാന റോഡുകളില്‍ എല്ലാ വാഹനങ്ങളും നിര്‍ത്തി പരിശോധനക്ക് വിധേയമാക്കുമ്പോള്‍, അമേരിക്കന്‍ എംബസി വാഹനങ്ങള്‍ക്ക് തടസ്സമേതുമില്ലാതെ പറപറക്കാം. വിമാനത്താവളങ്ങളില്‍ ഏതവസരത്തിലും കടന്നുചെല്ലാനും യാത്രാ സൗകര്യം നേടിയെടുക്കാനും സഹായകമായ പാസുകള്‍, സുരക്ഷാ സന്നാഹത്തിന്റെ പേരില്‍ കനത്ത ബന്തബസ്സ് തുടങ്ങിയവക്ക് പുറമെ, അമേരിക്കന്‍ എംബസിയില്‍, അമേരിക്കന്‍ കമ്മ്യൂണിറ്റി സപ്പോര്‍ട്ട് അസോസിയേഷന്റെ കീഴില്‍ സമാന്തര വാണിജ്യ സംവിധാനം. നികുതി ഇവിടെ ബാധകമല്ല. ഭക്ഷണശാലകള്‍, വീഡിയോ ക്ലബ്, ബ്യൂട്ടി പാര്‍ലര്‍, നീന്തല്‍ക്കുളം, വിശാലമായ മൈതാനങ്ങള്‍, ജിം തുടങ്ങിയ സംവിധാനങ്ങള്‍ ഇവിടെയുണ്ട്. നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് മാത്രമല്ല, അമേരിക്കന്‍ പൗരന്മാരായവര്‍ക്കെല്ലാം ഈ സൗകര്യങ്ങള്‍ അനുഭവിക്കാം. ലോകരാജ്യങ്ങളോട് അന്താരാഷ്ട്ര പോലീസ് ചമയുകയും തങ്ങള്‍ക്ക് വഴിപ്പെടാത്തവര്‍ക്കെതിരെ ആക്രമണത്തിന് മുതിരുകയും ചെയ്യുന്ന അമേരിക്കന്‍ ഭരണകൂടത്തോട് ഇന്ത്യ അല്‍പ്പം കര്‍ക്കശ നിലപാട്തന്നെ സ്വീകരിച്ചുവെന്ന് പറയാം. ഏതാനും ദിവസം കണ്ണുരുട്ടിയും മസില് പിടിച്ചും ഞെട്ടിച്ച് നോക്കിയെങ്കിലും അതേ നാണയത്തില്‍ തന്നെ ഇന്ത്യ തിരിച്ചടിക്കുകയും ഇളവുകളും സൗജന്യങ്ങളും ഓരോന്നായി നിര്‍ത്തലാക്കുകയും ചെയ്തപ്പോള്‍ അമേരിക്കക്ക് വഴങ്ങേണ്ടിവന്നിരിക്കുകയാണ്.