Connect with us

Articles

തുര്‍ക്കിയില്‍ എന്താണ് ചീഞ്ഞുനാറുന്നത്

Published

|

Last Updated

ഒരു ദശകക്കാലമായി തുര്‍ക്കിയുടെ ഭരണം കൈയാളുന്നത് എ കെ പാര്‍ട്ടിയാണ്. പാശ്ചാത്യ മാധ്യമങ്ങളുടെ പ്രയോഗമനുസരിച്ച് യഥാസ്ഥിതിക ഇസ്‌ലാമിക് പാര്‍ട്ടിയാണ് ഇത്. നീതിയുടെയും വികസനത്തിന്റെയും പാര്‍ട്ടിയെന്നാണ് തുര്‍ക്കി ഭാഷയില്‍ എ കെ പിയുടെ പൂര്‍ണരൂപമെടുത്താല്‍ കിട്ടുന്ന അര്‍ഥം. റജബ് ത്വയ്യിബ് ഉര്‍ദുഗാനാണ് പ്രധാനമന്ത്രി. 2003ന് ശേഷം നടന്ന ഒരു തിരഞ്ഞെടുപ്പിലും ഉര്‍ദുഗാന്റെ പാര്‍ട്ടി പരാജയം രുചിച്ചിട്ടില്ല. ദേശീയ തലത്തിലും പ്രാദേശിക തലത്തിലും ഏഴ് തിരഞ്ഞെടുപ്പുകളാണ് ഇക്കാലയളവില്‍ നടന്നത്. തുര്‍ക്കിയുടെ ചരിത്രപരമായ പ്രധാന്യവും സവിശേഷതയും ഉള്‍ക്കൊണ്ടുള്ള നിലപാടുകള്‍ കൈക്കൊള്ളാന്‍ ഉര്‍ദുഗാന്‍ ഭരണകൂടത്തിന് സാധിക്കുന്നുണ്ടെന്ന് വേണം വിലയിരുത്താന്‍. അത്താത്തുര്‍ക്ക് കാലത്തെ ഭീകര മതേതരത്വം തുടച്ചുനീക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. സ്‌കൂളുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും അടക്കം പൊതു സ്ഥലങ്ങളില്‍ ഇപ്പോള്‍ ശിരോവസ്ത്രം ധരിക്കാം. മതം അനുഷ്ഠിക്കാം. മതമൂല്യങ്ങള്‍ക്ക് ഭരണകൂടം വില കല്‍പ്പിക്കുന്നുണ്ട്. ഉദാര ജനാധിപത്യത്തിന്റെ സകല സാധ്യതകളും ഉര്‍ദുഗാന്‍ ഉപയോഗിക്കുന്നു. കീറാമുട്ടിയായിരുന്ന കുര്‍ദ് ദേശീയതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് വലിയൊരളവ് പരിഹാരം കാണാന്‍ അദ്ദേഹത്തിന് സാധിച്ചു. കുര്‍ദ് ഭാഷയെ ഔദ്യോഗികമായി അംഗീകരിച്ചുകൊണ്ടാണ് അത് സാധിച്ചത്. സാമ്പത്തിക രംഗത്തും വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞു. സൈന്യത്തിന്റെ അമിതാധികാരങ്ങള്‍ എടുത്തു കളഞ്ഞു. നിയമ സംവിധാനം ഉടച്ചു വാര്‍ത്തു. ഇസ്താംബുളിലെ പ്രധാന ചത്വരമായ തക്‌സിമിനോട് ചേര്‍ന്നുള്ള ഗസി പാര്‍ക്കിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പേരില്‍ തുടങ്ങുകയും പിന്നീട് നിരവധി വിഷയങ്ങളിലേക്ക് പടരുകയും ചെയ്ത പ്രക്ഷോഭം പോലും ഉര്‍ദുഗാന്‍ ഭരണകൂടത്തിന്റെ “നേട്ടമായാണ്” വിലയിരുത്തപ്പെട്ടത്. രാജ്യത്ത് പൗരാവകാശങ്ങള്‍ക്ക് വിലയുണ്ടെന്നതിനും പ്രതിഷേധിക്കാനുള്ള സാധ്യത കൈവന്നുവെന്നതിനും തെളിവായാണ് പ്രക്ഷോഭത്തെ അന്താരാഷ്ട്ര നിരീക്ഷകര്‍ കണ്ടത്. പ്രക്ഷോഭം നേരിടുന്നതില്‍ സര്‍ക്കാര്‍ അങ്ങേയറ്റത്തെ സംയമനം പാലിക്കുകയും ചെയ്തു.
ഈ പൊന്‍തൂവലുകള്‍ക്കിടയില്‍ എഴുന്നു നില്‍ക്കുന്ന മുള്ളുകളും കാണാതിരുന്നു കൂടാ. ഈജിപ്തിലെ ഇഖ്‌വാനുല്‍ മുസ്‌ലിമീനുമായി ത്വയ്യിബ് ഉര്‍ദുഗാനുള്ള ആശയപരമായ ബന്ധം വലിയ ബാധ്യതയാകുന്നുണ്ട് അദ്ദേഹത്തിന്. തുര്‍ക്കിയുടെ അന്താരാഷ്ട്ര പ്രതിച്ഛായ നിറം കെട്ടതാക്കുന്നതില്‍ ഈ ആശയ ബാധ്യത വലിയ പങ്ക് വഹിക്കുന്നു. ഇറാന്‍, സിറിയ, ഇറാഖ് വിഷയങ്ങളിലെല്ലാം ഉര്‍ദുഗാന്‍ പാശ്ചാത്യരുടെ കൂടെയാണ്. ഇസ്‌റാഈലിനെ നേര്‍ക്കു നേര്‍ വെല്ലുവിളിച്ച് ഗാസയിലേക്ക് കപ്പല്‍ക്കൂട്ടമയച്ച ഉര്‍ദുഗാന്‍ ഭരണകൂടം സിറിയയിലെത്തുമ്പോള്‍ യാതൊരു തത്വദീക്ഷയുമില്ലാതെ പക്ഷം പിടിക്കുന്നു. ഈജിപ്ത് വിഷയത്തില്‍ അവധാനതയില്ലാതെ ഇടപെട്ട് നാണം കെടുന്നു. യൂറോപ്പിന്റെ രോഗിയെന്നു വിളിച്ച് അധിക്ഷേപിക്കപ്പെടുന്ന, തുര്‍ക്കി എ കെ പിയുടെ കാലത്തും യൂറോപ്യന്‍ യൂനിയന്‍ അംഗത്വത്തിന് വേണ്ടി എന്ത് വിട്ടുവീഴ്ചക്കും തയ്യാറാകുന്നുവെന്നതാണ് യാഥാര്‍ഥ്യം. ഈ യാഥാര്‍ഥ്യങ്ങള്‍ക്ക് ഇടയിലേക്കാണ് അഴിമതിയാരോപണങ്ങള്‍ പെയ്തിറങ്ങുന്നത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഉര്‍ദുഗാന്റെ പാര്‍ട്ടിയെ തറപറ്റിക്കാനുള്ള ഗൂഢാലോചനയാണ് അഴിമതിക്കഥകളെന്ന് ഭരണ പക്ഷം വാദിക്കുന്നു. ദീര്‍ഘകാലം അധികാരം നുണയുന്ന ഏത് സംഘത്തിനും നേതാവിനും വന്നു ഭവിക്കുന്ന ഇടര്‍ച്ചയുടെ ഭാഗമാണ് പുതിയ സംഭവവികാസങ്ങളെന്ന് മറുഭാഗവും.
മക്കള്‍ വാഴ്ച
മൂന്ന് കാബിനറ്റ് മന്ത്രിമാരുടെ മക്കള്‍ സ്വര്‍ണ കള്ളക്കടത്ത്, കള്ളപ്പണം സൂക്ഷിക്കല്‍, കൈക്കൂലി വാങ്ങല്‍ തുടങ്ങിയ വമ്പന്‍ കുറ്റങ്ങള്‍ക്ക് അകത്തായതോടെയാണ് സര്‍ക്കാറിനെ പിടിച്ചുലക്കുന്ന അഴിമതിക്കഥകള്‍ പുറത്തുവന്നത്. ശതകോടികളുടെ അഴിമതിയാണ് നടന്നത്. രണ്ട് വര്‍ഷമായി പോലീസ് നടത്തുന്ന അന്വേഷണത്തിനൊടുവില്‍ ഇവരെ കൈയോടെ പിടികൂടുകയായിരുന്നുവെന്നാണ് അര്‍ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ അനാദൊലു റിപ്പോര്‍ട്ട് ചെയ്യുന്നത്. അവിടെ നിന്നില്ല. നിരവധി പോലീസ് ഉദ്യോഗസ്ഥര്‍, മുതിര്‍ന്ന റവന്യൂ ഉദ്യോഗസ്ഥര്‍, ബിസിനസ് പ്രമുഖര്‍ തുടങ്ങിയവരും അറസ്റ്റിലായി. ഉദ്യോഗസ്ഥരെ മുഴുവന്‍ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഡിസംബറില്‍ തുടങ്ങിയ നടപടികള്‍ ജനുവരിയിലും തുടരുകയാണ്. അഴിമതിയുടെ വ്യാപ്തി വിശാലമാകുകയാണ്. രാജ്യത്തെ പ്രമുഖ പൊതു മേഖലാ ബേങ്ക് കള്ളപ്പണ ഇടപാടില്‍ പങ്ക് ചേര്‍ന്നുവെന്നാണ് തെളിയുന്നത്. അമേരിക്ക അടിച്ചേല്‍പ്പിച്ചതും തുര്‍ക്കി പിന്താങ്ങുന്നതുമായ ഉപരോധം നിലനില്‍ക്കുമ്പോള്‍ ഈ ബേങ്ക് ഇറാനുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നും തെളിഞ്ഞിരിക്കുന്നു. വെറും ഇടപാടല്ല കള്ളപ്പണ കൈമാറ്റം തന്നെയാണ് നടന്നത്. ബേങ്കിന്റെ മേധാവി രാജിവെച്ചിട്ടുണ്ട്. കുറേ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ പുറത്താക്കുകയും ചെയ്തു. ഇപ്പറഞ്ഞതൊക്കെ സ്വാഭാവികമായ കാര്യങ്ങളാണ്. ഏത് രാജ്യത്തും നടക്കാവുന്ന താത്കാലികമായ പ്രതിഭാസങ്ങള്‍. അഴിമതി നടന്നു; ഉത്തരവാദപ്പെട്ട പ്രോസിക്യൂഷന്‍ അധികാരികള്‍ നടപടിയെടുക്കുന്നു.
പക്ഷേ, മക്കള്‍ പ്രശ്‌നം മറ്റൊരു തലത്തിലേക്ക് വളര്‍ന്നിരിക്കുന്നു. നഗരവത്കരണ- പരിസ്ഥിതി മന്ത്രി ഉര്‍ദുഗാന്‍ ബെയ്‌റാക്തര്‍, സാമ്പത്തികകാര്യ മന്ത്രി സാഫര്‍ കഗ്‌ലയാന്‍, ആഭ്യന്തര മന്ത്രി മുഅമ്മര്‍ ഗുലര്‍ എന്നിവരുടെ മക്കളാണ് അറസ്റ്റിലായത്. മക്കള്‍ കുടുങ്ങിയതോടെ സംശയത്തിന്റെ നിഴലിലായ മന്ത്രിമാരുടെ രാജി പ്രധാനമന്ത്രി ഉര്‍ദുഗാന്‍ ആവശ്യപ്പെട്ടു. കഗ്‌ലയാനും ഗുലറും വലിയ മുറുമുറുപ്പില്ലാതെ രാജിവെച്ചു. ബെയ്‌റാക്തര്‍ ഇടഞ്ഞു നിന്നു. ഉര്‍ദുഗാന്‍ നിലപാട് കടുപ്പിച്ചതോടെ അദ്ദേഹവും വഴങ്ങിയെങ്കിലും ഉഗ്ര ശേഷിയുള്ള ബോംബ് പൊട്ടിച്ചാണ് അദ്ദേഹം ഇറങ്ങിപ്പോയത്. “ഈ വിഷയത്തില്‍ ഞാന്‍ രാജി വെക്കണമെങ്കില്‍ പ്രധാനമന്ത്രി ഉര്‍ദുഗാനും രാജിവെക്കണം. കൂടുതലൊന്നും ഇപ്പോള്‍ പറയുന്നില്ല”- ഇതായിരുന്നു ബെയ്‌റാക്തറുടെ വാക്കുകള്‍. ഈ ഒരൊറ്റ വാചകം ശക്തമായ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് വഴി വെച്ചിരിക്കുകയാണ്. അഴിമതി വിഷയം ഉര്‍ദുഗാനിലേക്ക് എത്തിക്കാനുള്ള സുവര്‍ണാവസരമാണ് പ്രതിപക്ഷത്തിന് കൈവന്നിരിക്കുന്നത്.
“വൃത്തികെട്ട
കളികള്‍”
മന്ത്രിപുത്രന്‍മാര്‍ക്കെതിരായ കേസുകളും അതിനോടുള്ള പ്രതികരണങ്ങളും തന്റെ സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള “വൃത്തികെട്ട” കളികളുടെ ഭാഗമാണെന്ന് ഉര്‍ദുഗാന്‍ ആരോപിച്ചതോടെ വിഷയത്തിന് അന്താരാഷ്ട്ര മാനം കൈവന്നു. ഒരു കാലത്ത് ഉര്‍ദുഗാന്റെ കൂട്ടാളിയായിരുന്ന ബ്രദര്‍ഹുഡ് അടക്കമുള്ള സംഘടനകളുമായി അദ്ദേഹത്തിനുള്ള ബന്ധത്തിന്റെ പേരില്‍ തെറ്റിപ്പിരിഞ്ഞ ഫത്ഹുല്ലാ ഗുലനിലേക്കാണ് വിശകലനങ്ങള്‍ നീങ്ങിയത്. ഇപ്പോള്‍ യു എസിലെ പെന്‍സില്‍വാനിയയിലുള്ള ഫത്ഹുല്ല എ കെ പിയുടെ കടുത്ത വിമര്‍ശകനാണ്. ഗസി പാര്‍ക്ക് പ്രക്ഷോഭത്തിന്റെ പിന്നില്‍ അദ്ദേഹമാണെന്ന് ആരോപിക്കപ്പെട്ടിരുന്നു. താമസം അമേരിക്കയിലാണെങ്കിലും തുര്‍ക്കിയിലെ ബിസിനസ് സമൂഹത്തില്‍ നല്ല സ്വാധീനമുണ്ട് അദ്ദേഹത്തിന്. പോലീസിലെയും നീതിന്യായ വിഭാഗത്തിലെയും ഉന്നതര്‍ അദ്ദേഹത്തിന്റെ അനുയായികളാണ്. രാജ്യത്തെ ഏറ്റവും പ്രചാരമുള്ള പത്രത്തിന്റെ ഉടമസ്ഥരില്‍ ഒരാളാണ്. തുര്‍ക്കിയിലെ ഏറ്റവും വലിയ സ്‌കൂള്‍ ശൃംഖല നടത്തുന്നത് അദ്ദേഹം സ്ഥാപിച്ച സന്നദ്ധ സംഘടനയാണ്. ഈ വസ്തുതകളെല്ലാം നിലനില്‍ക്കുമ്പോഴും രാജ്യത്ത് ഇത്രമേല്‍ ജനസമ്മതിയുള്ള ഒരു സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ പുറത്തു നിന്ന് ഇടപെടല്‍ നടത്തി ഒരു കേസ്, അതും മന്ത്രിമാരെ വരെ ലക്ഷ്യം വെക്കുന്ന കേസ്, കെട്ടിച്ചമക്കാന്‍ സാധിക്കുകയെന്നത് അവിശ്വസനീയമാണ്. ഇത്രയും ഉന്നത കേന്ദ്രങ്ങളില്‍ വരെ അറസ്റ്റും നടപടികളും നടക്കുന്നത് ഒരു കെട്ടിച്ചമച്ച കേസിലാണെന്ന് വന്നാല്‍ രാജ്യത്തിന്റെ രാഷ്ട്രീയ സംവിധാനത്തിന് എന്ത് അര്‍ഥമാണുള്ളത്? ഇവിടെയാണ് ഉര്‍ദുഗാന്‍ തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധത്തിലേക്കാണ് സഞ്ചരിക്കുന്നതെന്ന് പറയേണ്ടി വരുന്നത്. ഗുലനുമായി ബന്ധമുള്ള മുഴുവന്‍ പേരോടും ശത്രുതാപരമായി പെരുമാറുകയാണ് അദ്ദേഹം. അഴിമതി തുടച്ചു നീക്കാനെന്ന പേരില്‍ നടക്കുന്ന നടപടികള്‍ പലതും ഈ വൈരനിര്യാതനത്തിലേക്ക് അധഃപതിച്ചിരിക്കുന്നു.
എന്നാല്‍, പ്രധാനമന്ത്രി പറയുന്നതില്‍ നേരിയ ശരിയെങ്കിലും ഉണ്ടെങ്കില്‍ അത് അഴിമതിയാരോപണങ്ങള്‍ പുറത്തു വന്ന സമയ കാര്യത്തില്‍ മാത്രമാണ്. അടുത്ത മാര്‍ച്ചില്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണ്. പൊതു തിരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ ആണത്. അങ്കാറാ, ഇസ്താംബുള്‍ തുടങ്ങിയ നഗര ഭരണകൂടങ്ങളില്‍ സ്വാധീനം നിലനിര്‍ത്തുകയെന്നത് എ കെ പാര്‍ട്ടിക്ക് അനിവാര്യമാണ്. സര്‍ക്കാറിനോടുള്ള ജനങ്ങളുടെ മനോഭാവം വ്യക്തമാക്കുന്ന തിരഞ്ഞെടുപ്പായിരിക്കും അത്. ആഗസ്റ്റില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പും നടക്കും. ഉര്‍ദുഗാനായിരിക്കും എ കെ പിയുടെ സ്ഥാനാര്‍ഥിയെന്നുറപ്പാണ്. ഇപ്പോഴത്തെ പ്രസിഡന്റ് അബ്ദുല്ലാ ഗുലിനെ പ്രധാനമന്ത്രിയാക്കാനാണ് പരിപാടി. അപ്പോള്‍ വളരെ നിര്‍ണായകമായ സമയത്താണ് ഈ അഴിമതിയാരോപണങ്ങള്‍ ചൂട് പിടിക്കുന്നതെന്നര്‍ഥം.
കേസ് യാഥാര്‍ഥ്യം തന്നെയാണ്. രണ്ട് വര്‍ഷമായി നടക്കുന്ന അന്വേഷണമാണ് ഇത്. ഭരണത്തിന്റെ ശീതളിമയില്‍ തഴച്ചു വളരുന്ന അധോലോക ഇടപാടുകള്‍ മുളയിലേ നുള്ളാന്‍ ഉര്‍ദുഗാനോ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കോ സാധിച്ചില്ലെന്നതാണ് സത്യം. സമാന്തര സമ്പദ്‌വ്യവസ്ഥയായി അത് ആഭ്യന്തരമായും അന്താരാഷ്ട്രീയമായും പടര്‍ന്ന് പന്തലിച്ചു. എതിരാളികള്‍ക്ക് ഈ അധോലോകത്തെ കുറിച്ച് നല്ല അറിവുണ്ടായിരിക്കുമല്ലോ. പോലീസിലും നീതിന്യായ വിഭാഗത്തിലും അവര്‍ക്കുള്ള സ്വാധീനം ഉപയോഗിച്ച് തിരഞ്ഞെടുപ്പിന്റെ കേളികൊട്ടുയരുന്ന ഈ ഘട്ടത്തില്‍ തന്നെ അവ എടുത്ത് പുറത്തിട്ടിരിക്കുന്നു. മാത്രമല്ല, അഴിമതിയാരോപണത്തിന്റെ മുന ഉര്‍ദുഗാനിലേക്ക് തിരിച്ചുവെക്കുന്നതിലും അവര്‍ വിജയിച്ചു. കടുത്ത രാഷ്ട്രീയ പ്രഹരമാണ് ഉര്‍ദുഗാനെ കാത്തിരിക്കുന്നത്. തുര്‍ക്കിയിലെ അറസ്റ്റുകള്‍ക്കും പിരിച്ചുവിടലുകള്‍ക്കും വലിയ വാര്‍ത്താപ്രാധാന്യം കൈവരുന്നത് അതുകൊണ്ടാണ്.
ഒടുവില്‍ അമേരിക്കയും
അമേരിക്ക കൂടി കടന്നു വന്നതോടെ പ്രശ്‌നം മാരകമായിരിക്കുന്നു. കള്ളപ്പണം ഒഴുകിയത് ഇറാനിലേക്കാണെന്നും അതില്‍ തുര്‍ക്കിയിലെ പൊതുമേഖലാ ബേങ്കിനും പങ്കുണ്ടെന്നും യു എസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് വിലയിരുത്തിക്കഴിഞ്ഞു. അവരത് തുറന്നു പറയുകയും ചെയ്തു. സിറിയ, ഇറാന്‍, ഫലസ്തീന്‍ പ്രശ്‌നങ്ങളില്‍ അമേരിക്കന്‍ താത്പര്യം സംരക്ഷിക്കുകയും ഇടനിലക്കാരന്റെ വേഷം നിരന്തരം അണിയുകയും ചെയ്യുന്ന ഉര്‍ദുഗാന് ഇത് സഹിക്കാനാകില്ല. വല്ലാത്തൊരു ഒറ്റപ്പെടലിലേക്ക് അദ്ദേഹം കൂപ്പുകുത്തുകയാണ്. ഫത്ഹുല്ലാ ഗുലന്റെ പങ്കിനെക്കുറിച്ച് ഇനി മിണ്ടേണ്ടെന്നാണ് അദ്ദേഹത്തിന് കൂടെ നില്‍ക്കുന്നവര്‍ ഒടുവില്‍ നല്‍കിയ ഉപദേശം. അമേരിക്കയെ അത് കൂടുതല്‍ പിണക്കുമോയെന്നാണ് ഭയം.
അഴിമതിയും വോട്ടിംഗും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഈയിടെ ഒരു പഠനം നടന്നു. രാജ്യം സാമ്പത്തികമായി പുരോഗതി പ്രാപിക്കുന്നുണ്ടെങ്കില്‍ അഴിമതി കാര്യമായ ഭരണവിരുദ്ധ വികാരം ഉണ്ടാക്കില്ലത്രേ. രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്ന ഘട്ടത്തില്‍ അഴിമതി പൊടിപൊടിച്ചാല്‍ ജനം ശിക്ഷിക്കുമെന്നുറപ്പാണ്. തുര്‍ക്കിയില്‍ സാമ്പത്തിക വളര്‍ച്ച കുത്തനെ ഇടിയുകയാണ്. വലിയ വളര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്ന രാജ്യത്തിന് അത് നിലനിര്‍ത്താന്‍ സാധിക്കുന്നില്ല. അതുകൊണ്ട് ഇപ്പോള്‍ വീശുന്ന ഈ അഴിമതിക്കാറ്റ് കൊടുങ്കാറ്റാകും. അധികാര കേന്ദ്രങ്ങള്‍ നിലംപതിക്കും.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest