Connect with us

Ongoing News

തിരുവനന്തപുരത്ത് യു എ ഇ കോണ്‍സുലേറ്റ് പ്രഖ്യാപനമായി

Published

|

Last Updated

തിരുവനന്തപുരം: നയതന്ത്രരംഗത്ത് തിരുവനന്തപുരത്തിന്റെ പ്രാധാന്യം വര്‍ധിപ്പിച്ച് നഗരത്തില്‍ തുടങ്ങുന്ന യു എ ഇ കോണ്‍സുലേറ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. താജ് വിവാന്റയില്‍ യു എ ഇ എംബസി സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ യു എ ഇ അംബാസഡര്‍ മുഹമ്മദ് സുല്‍ത്താന്‍ അബ്ദുല്ല അല്‍ ഉവൈസിയാണ് ഔപചാരിക പ്രഖ്യാപനം നടത്തിയത്. മൂന്ന് മാസത്തിനുള്ളില്‍ കോണ്‍സലേറ്റിന്റെ പ്രവര്‍ത്തനം തുടങ്ങുമെന്ന് അദ്ദേഹം അറിയിച്ചു. നിലവില്‍ മാലി കോണ്‍സുലേറ്റ് മാത്രമാണ് തിരുവനന്തപുരത്തുള്ളത്. ശ്രീലങ്കന്‍ കോണ്‍സുലേറ്റ് തുടങ്ങുന്നതിനുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്.
യു എ ഇ കോണ്‍സുലേറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ കേരളവും യു എ ഇയും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകുമെന്നും അംബാസിഡര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. യു എ ഇ മലയാളികള്‍ക്ക് കോണ്‍സുലേറ്റ് വളരെ സഹായകമാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. വല്ലാര്‍പാടം, സ്മാര്‍ട്ട് സിറ്റി തുടങ്ങിയ പദ്ധതികളുടെ നടത്തിപ്പിനും നിരീക്ഷണത്തിനും ഗള്‍ഫ് മേഖലയില്‍ നിന്ന് കേരളത്തിലേക്കു കുടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനും കോണ്‍സുലേറ്റ് സഹായകരമാകും. കേരളത്തിലെ നിരവധി വ്യവസായ സംരംഭങ്ങളില്‍ യു എ ഇ സര്‍ക്കാറിനുള്ള പങ്കിനെ മുഖ്യമന്ത്രി ശ്ലാഘിച്ചു.
യു എ ഇയിലെ തൊഴില്‍- വ്യാപാര- സംരംഭക മേഖലകളിലെ സംഭാവനകളില്‍ മുക്കാല്‍ പങ്കും മലയാളികളുടേതാണെന്ന് ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ച കേന്ദ്ര മന്ത്രി ഡോ. ശശി തരൂര്‍ ഓര്‍മ്മിപ്പിച്ചു.
യു എ ഇയെ മലയാളികള്‍ സ്വന്തം നാടു പോലെയാണ് കാണുന്നത്. യു എ ഇ യിലുള്ള മലയാളികളുടെ പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കാന്‍ കോണ്‍സുലേറ്റ് പ്രവര്‍ത്തനം തുടങ്ങുന്നതോടെ സാധ്യമാകും. യു എ ഇ സര്‍ക്കാറിന്റെ തീരുമാനം മുഴുവന്‍ മലയാളികള്‍ക്കും സന്തോഷം പകരുന്നതാണ്.

---- facebook comment plugin here -----

Latest