Connect with us

Malappuram

ഉദ്യോഗസ്ഥനെ ആക്രമിച്ച കേസില്‍ പ്രതി മൂന്ന് വര്‍ഷത്തിന് ശേഷം പിടിയില്‍

Published

|

Last Updated

മഞ്ചേരി: ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥനെ അക്രമിച്ചു പണം കവര്‍ന്ന കേസിലെ പ്രതി മൂന്ന് വര്‍ഷത്തിന് ശേഷം പിടിയില്‍. മഞ്ചേരി ചെരണിയില്‍ ടി ബി ആശുപത്രിക്ക് സമീപം റോഡരികില്‍ ഇരുപത് അടി താഴ്ചയിലേക്ക് തള്ളിവീഴ്ത്തി കൈയും വായും കൂട്ടിക്കെട്ടി മര്‍ദിച്ചു 4100 രൂപയും എ ടി എം കാര്‍ഡും വിലപ്പെട്ട രേഖകളുമടങ്ങിയ പഴ്‌സും കവര്‍ച്ച നടത്തിയ കേസില്‍ പികിട്ടാപ്പുള്ളിയായ മഞ്ചേരി കോഴിക്കോട്ടുക്കുന്ന് അയ്യൂബി(30)നെയാണ് മഞ്ചേരി പോലീസ് പിടികൂടിയത്. കൂട്ടു പ്രതി പട്ടാമ്പി സ്വദേശി സന്തോഷ് എന്ന അപ്പക്കാള കോഴിക്കോട്ട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. 2011 മെയ് 26ന് വ്യാഴാഴ്ച വൈകുന്നേരം ഏഴരക്കായിരുന്നു കേസിനാസ്പദമായ സംഭവം. കെ എസ് ഇ ബിയില്‍ ക്യാഷറായിരുന്ന ചാത്തങ്ങോട്ടുപുറം പറപ്പൂരത്തൊടി ജയപ്രകാശിനെയാണ് പ്രതികള്‍ കവര്‍ച്ചക്കിരയാക്കിയത്. മറ്റൊരു കളവ് കേസില്‍ ശിക്ഷയനുഭവിച്ചു ജയിലില്‍ നിന്നിറങ്ങി വരികയായിരുന്നു പ്രതികള്‍. ജയപ്രകാശ് ക്വാര്‍ട്ടേഴ്‌സിലേക്ക് പോകാനായി ചെരണി ടി ബി ആശുപത്രിപ്പടിയില്‍ ബസ്സിറങ്ങിയ ഉടന്‍ പ്രതികളും പിന്തുടരുകയും കുശലങ്ങള്‍ പറഞ്ഞ ശേഷം ഇരുവരും ചേര്‍ന്ന് ജനവാസമില്ലാത്ത താഴ്ചയിലുള്ള കുറ്റിക്കാട്ടിലേക്ക് തള്ളിവീഴ്ത്തുകയുമായിരുന്നു.
പ്രതികരിച്ചപ്പോള്‍ ഉടുത്ത മുണ്ടഴിച്ചു കീറി കൈകള്‍ പിന്നില്‍ നിന്നും വായും മൂടിക്കെട്ടി മര്‍ദിക്കുകയും കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ബഹളം കേട്ട് അതുവഴി വന്ന ഓട്ടോ ഡ്രൈവര്‍ ആളെ കൂട്ടിയെത്തിയപ്പോഴേക്കും ആക്രമികള്‍ കുറ്റിക്കാട്ടില്‍ ഓടിയൊളിക്കുകയായിരുന്നു.
വിവരമറിഞ്ഞു കെ എസ് ഇ ബി അധികൃതര്‍ ജീപ്പുമായി എത്തി ജയപ്രകാശിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസില്‍ പരാതി നല്‍കി. എസ് ഐ ബാബു രാജും പാര്‍ട്ടിയും ചെരണിയിലെത്തി അന്വേഷണം നടത്തുന്നതിനിടയില്‍ ചെരണിയിലെ ഒരു വീട് ഗ്യാസ് പൊട്ടിത്തെറിച്ചു തീപ്പിടിക്കുകയും ചെയ്തതോടെ ജനശ്രദ്ധ ഇതുവഴി തിരിഞ്ഞതോടെ കര്‍വച്ചക്കാര്‍ രക്ഷപ്പെടുകയായിരുന്നു.