‘ഹോമിസൈഡല്‍ പ്രൈം മിനിസ്റ്ററി’ന്റെ ദയനീയ അന്ത്യം

Posted on: January 12, 2014 12:08 am | Last updated: January 12, 2014 at 12:08 am

article-1018604-03C00DEF0000044D-127_468x367ജറൂസലം: ചരിത്രത്തിന്റെ പ്രതികാരമെന്ന് അല്‍പ്പം കടന്ന് വിലയിരുത്തപ്പെട്ട അബോധാവസ്ഥക്കൊടുവില്‍ അന്ത്യശ്വാസം വലിക്കുന്ന ഏരിയല്‍ ഷാരോണിനെ മധ്യപൗരസ്ത്യ ദേശത്തിന്റെ ചോര മണക്കുന്ന ദിനങ്ങളോടൊപ്പമാകും സ്മരിക്കപ്പെടുക. ഏത് കൊടും തീരുമാനങ്ങള്‍ക്കും മനസ്സുറപ്പുള്ള ഭരണാധികാരി, ഒട്ടും അയവില്ലാത്ത സൈനികന്‍, ശരിയെന്ന് താന്‍ തീരുമാനിച്ചുറപ്പിച്ച ഒന്നിനു വേണ്ടി ഏത് മാര്‍ഗത്തിലൂടെയും സഞ്ചരിക്കുന്ന അതിസാഹസികന്‍, യുദ്ധോപാസകന്‍ തുടങ്ങിയ വിശേഷണങ്ങളാണ് ഷാരോണിന് മേല്‍ പതിക്കുക. അദ്ദേഹത്തെ അങ്ങേറ്റം ന്യായീകരിക്കുന്നവര്‍ വരെ മധ്യപൗരസ്ത്യ ദേശത്തെ പുനര്‍ നിര്‍ണയിച്ചയാള്‍ എന്നേ വിശേഷിപ്പിക്കുന്നുള്ളൂ. പിന്നെയുള്ളത് ചില കുമ്പസാരങ്ങള്‍ മാത്രമാണ്.

മോഷ്ടിച്ചെടുത്ത ഭൂവിഭാഗമായി 1948ല്‍ ഇസ്‌റാഈല്‍ രൂപം കൊള്ളുമ്പോള്‍ മുതല്‍ ഏരിയല്‍ ഷാരോണ്‍ സൈനിക കമാന്‍ഡറായുണ്ട്. 1982ല്‍ ലബനാന്‍ അധിനിവേശത്തിനിടെ അഭയാര്‍ഥി ക്യാമ്പ് ആക്രമിച്ച് നടത്തിയ കൂട്ടക്കൊലകളില്‍ ഷാരോണിന്റെ പങ്ക് വ്യക്തമായിരുന്നു. സബ്രയിലെയും ശാതിലയിലേയും ക്യാമ്പുകളില്‍ മരിച്ചു വീണ കുട്ടികളുടെയും സ്ത്രീകളുടെയും ചോര ഷാരോണിന്റെ അമിതഭാരമുള്ള ശരീരത്തില്‍ നിന്ന് കഴുകിക്കളയാനാകില്ല. 2001ലാണ് അദ്ദേഹം പ്രധാനമന്ത്രിയാകുന്നത്. 2005ല്‍ ലിക്കുഡ് പാര്‍ട്ടി വിട്ട് കദിമാ പാര്‍ട്ടിയുമുണ്ടാക്കി. അധികാരത്തിന്റെ ഉത്തുംഗത്തില്‍ നില്‍ക്കുമ്പോള്‍ തന്നെയാണ് 2006ല്‍ കോമയിലേക്ക് കൂപ്പുകുത്തുന്നത്.
പ്രധാനമന്ത്രിയെന്ന നിലയില്‍ ഇസ്‌റാഈല്‍- ഫലസ്തീന്‍ ചരിത്രത്തിലെ ഏറ്റവും രക്തപങ്കിലമായ നാളുകളാണ് അദ്ദേഹം ഒരുക്കിയത്. 2000ല്‍ ഫലസ്തീന്‍ ജനത നടത്തിയ ഇന്‍തിഫാദ അടിച്ചമര്‍ത്താന്‍ ഷാരോണ്‍ സൈന്യത്തെ കയറൂരിവിട്ടു. ഒരു വശത്ത് സമാധാന ചര്‍ച്ച നടക്കുമ്പോള്‍ തന്നെ സൈന്യം ആയിരങ്ങളെ കൊന്നൊടുക്കി. സിവിലിയനെന്നോ സൈനികനെന്നോ പ്രക്ഷോഭകനെന്നോ വ്യത്യാസമുണ്ടായിരുന്നില്ല അരും കൊലക്ക്. യാസര്‍ അറഫാത്തിലെ യഥാര്‍ഥ പോരാളിയെ ലോകം കണ്ട നാളുകളായിരുന്നു അത്.
1967ലെ അധിനിവേശത്തില്‍ പിടിച്ചെടുത്ത വെസ്റ്റ്ബാങ്കിലും ഗാസയിലും ജൂതന്‍മാരെ അധികാരത്തിന്റെയും ആയുധത്തിന്റെയും മുഷ്‌കില്‍ കുടിയിരുത്തുമ്പോള്‍ ഷാരോണ്‍ വിദേശകാര്യ മന്ത്രിയായിരുന്നു. ‘ആ ഭൂമിയിലേക്ക് അതിക്രമിച്ച് കടക്കുക. കഴിയുന്നത്ര കുന്നുകള്‍ കൈയടക്കുക. ഇന്ന് നാം കീഴടക്കുന്ന ഓരോ ഇഞ്ചും എക്കാലത്തും നമ്മുടേതായിരിക്കും’ എന്നാണ് അന്ന് ഷാരോണ്‍ ജൂതന്‍മാരോട് ആഹ്വാനം ചെയ്തത്. ലോകം ഒന്നാകെ എതിര്‍ത്തിട്ടും ഇന്നും ഇസ്‌റഈല്‍ പുതിയ ജൂത പാര്‍പ്പിട സമുച്ചയങ്ങള്‍ പണിത് ഫലസ്തീന്‍ മണ്ണ് കവര്‍ന്നെടുക്കുന്നുവെന്നത് ഷാരോണിന്റെ ‘ദീര്‍ഘദര്‍ശന’ത്തിന്റെ തെളിവായി മുന്നിലുണ്ട്.
‘ഇസ്‌റാഈല്‍ സൈന്യത്തെയോ പൗരന്‍മാരെയോ അലോസരപ്പെടുത്തുന്ന ഒരാളും രക്ഷപ്പെടാന്‍ പാടില്ല, അവര്‍ എവിടെയായാലും’ എന്ന തത്വം വികസിപ്പിച്ചെടുത്തുവെന്നതാണ് ഷാരോണിന്റെ മഹത്വമെന്ന്് ഇസ്‌റാഈല്‍ മുന്‍ പ്രതിരോധ മന്ത്രി യിത്സാക് മൊര്‍ഡേച്ചായി അനുസ്മരിക്കുന്നു.
കൃഷി മന്ത്രിയായിരുന്നപ്പോള്‍ പോലും തന്റെ വിധ്വംസക രാഷ്ട്രീയത്തിന് അവധി കൊടുക്കാത്തയാളായിരുന്നു ഏരിയല്‍ ഷാരോണ്‍. ഇസ്‌റാഈലില്‍ അറബ് ന്യൂനപക്ഷ വിഭാഗങ്ങളെ അവര്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളില്‍ നിന്ന് കൃഷി വ്യാപനത്തിന്റെ പേരില്‍ കുടിയിറക്കുന്നതില്‍ അദ്ദേഹം വ്യാപൃതനായി. അന്നാണ് ബുള്‍ഡോസര്‍ എന്ന വിളിപ്പേര് അദ്ദേഹത്തില്‍ പതിയുന്നത്. ബെഗിന്റെ കീഴില്‍ പ്രതിരോധ മന്ത്രിയായിരുന്നപ്പോഴാണ് 1982ല്‍ കുപ്രസിദ്ധമായ ലബനാന്‍ അധിനിവേശം നടക്കുന്നത്.
2000ല്‍ അഖ്്‌സാ പള്ളിയങ്കണം സന്ദര്‍ശിച്ച് വന്‍ പ്രതിഷേധത്തിന് വഴി മരുന്നിട്ടു ഷാരോണ്‍. ഒരു അന്താരാഷ്ട്ര ഏജന്‍സിയും ഇതുവരെ അംഗീകരിക്കാത്ത 1967 ലെ അധിനിവേശം ഊട്ടിയുറപ്പിക്കാനാണ് അദ്ദേഹം തന്റെ അധികാരം നിരന്തരം ചെലവിട്ടത്. അഖ്‌സാ പള്ളി സന്ദര്‍ശനമായിരുന്നു രണ്ടാം ഇന്‍തിഫാദക്ക് കാരണമായത്. പിന്നീട് നടന്നത് മനുഷ്യചരിത്രത്തിലെ ഏറ്റവും ക്രൂരമായ നരനായാട്ടായിരുന്നു. അന്നൊഴുകിയ ചോരപ്പുഴയെ സാക്ഷിയാക്കി ഷാരോണിനെ എഡ്വേര്‍ഡ് സെയ്ദ് വിളിച്ചു: ഹോമിസൈഡല്‍ പ്രൈം മിനിസ്റ്റര്‍- കൊലയാളി പ്രധാനമന്ത്രി. എല്ലാത്തിനും പരിഹാരമായി ഇസ്‌റാഈല്‍ ഔദ്യോഗിക ബുദ്ധിജീവികള്‍ ഒരു ഗാസാ പിന്‍മാറ്റം ഉയര്‍ത്തിക്കാട്ടുമ്പോഴും അവശേഷിക്കുന്നത് 2002ല്‍ എഡ്വേര്‍ഡ് സെയ്ദ് പറഞ്ഞ വാക്കുകള്‍ തന്നെയാണ്.