ജുമൈറ ലേക്ക് ടവേഴ്‌സില്‍ 1,200 ഫ്രീ പാര്‍ക്കിംഗ് സൗകര്യമൊരുക്കും

Posted on: January 11, 2014 7:47 pm | Last updated: January 11, 2014 at 7:47 pm

ദുബൈ: താമസക്കാരുടെ ബുദ്ധിമുട്ടിന് പരിഹാരമായി ജുമൈറ ലേക്ക് ടവേഴ്‌സില്‍ 1,200 ഫ്രീ പാര്‍ക്കിംഗ് സൗകര്യമൊരുക്കും. ഈ വര്‍ഷം പാര്‍ക്കിംഗ് സൗകര്യമൊരുക്കാനാണ് ദുബൈ മള്‍ട്ടി കമോഡിറ്റീസ് സെന്റര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ 25,000 ഓളം വരുന്ന മേഖലയിലെ താമസക്കാര്‍ക്ക് പാര്‍ക്കിംഗ് വിഷയത്തില്‍ ആശ്വാസമാവും. പെയ്ഡ് പാര്‍ക്കിംഗ് മേഖല ഇവിടങ്ങളില്‍ നിലവിലുണ്ടെങ്കിലും ആവശ്യത്തിന് മതിയാവുന്നില്ലെന്ന് താമസക്കാര്‍ പരാതിപ്പെടുകയായിരുന്നു. ആഡംബര കെട്ടിട സമുച്ഛയങ്ങളുടെ മേഖലയായ ഇവിടെ ഓരോ താമസക്കാരനും ഒന്നില്‍ അധികം വാഹനമുള്ളതും പാര്‍ക്കിംഗ് പ്രശ്‌നം അതിരൂക്ഷമാവാന്‍ ഇടയാക്കിയിരുന്നു. ഒന്നിലധികം വാഹനങ്ങളുള്ളവരില്‍ നിന്നും കെട്ടിട ഉടമകളായ റിയല്‍ എസ്‌റ്റേറ്റ് കമ്പനികള്‍ പാര്‍ക്കിംഗ് സ്‌ളോട്ടിനായി വര്‍ഷത്തേക്ക് ഒരു ലക്ഷം ദിര്‍ഹം വരെ വാങ്ങുന്ന സ്ഥിതിയായിരുന്നു. പല താമസക്കാരും അനുവദനീയമല്ലാത്ത ഇടങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രമുഖ നിര്‍മാണ കമ്പനിയും മേഖലയില്‍ കെട്ടിടങ്ങളുമുള്ള ഡമാസ് താക്കീത് നല്‍കിയിരുന്നു. താമസക്കാരുടെ പാര്‍ക്കിംഗ് പ്രശ്‌നത്തിന് പരിഹാരമായി 650 ഫ്രീ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ മുമ്പ് ഒരുക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് പുതിയ പാര്‍ക്കിംഗ് പദ്ധതി.