റേഡിയോ പരിപാടിയിലൂടെ യുവതിയുടെ ആത്മഹത്യാ ഭീഷണി

Posted on: January 11, 2014 7:46 pm | Last updated: January 11, 2014 at 7:46 pm

അജ്മാന്‍: റേഡിയോ സ്റ്റേഷന്റെ ഫോണ്‍ കോള്‍ പരിപാടിയില്‍ വിളിച്ചു യുവതിയുടെ ആത്മഹത്യാ ഭീഷണി. ഗൗരവതരമായ കുടുംബ പ്രശനങ്ങളാണ് തന്നെ ഇത്തരം ഒരു ചിന്തയിലേക്കെത്തിച്ചതെന്ന് 38 കാരിയായ സ്വദേശി യുവതി വെളിപ്പെടുത്തി.

അജ്മാന്‍ റേഡിയോയുടെ ഫോണ്‍ കോള്‍ പരിപാടിയിലാണ് യുവതിയുടെ ആത്മഹത്യാ ഭീഷണി. വിവാഹ മോചിതയായ താനും തന്റെ സഹോദരിമാരും പിതാവിനാല്‍ നിരന്തരം പീഡിപ്പിക്കപ്പെടുന്നതാണ് പ്രശ്‌നമെന്ന് യുവതി.
ഒരു വാതിലും എന്റെ മുമ്പില്‍ തുറക്കപ്പെടുന്നില്ല. പിതാവില്‍ നിന്നുള്ള സ്ഥിരമായ പീഡനം കാരണം പലപ്പോഴും അലക്ഷ്യമായി വീടു വിട്ടിറങ്ങി പുറത്ത് കഴിയേണ്ടി വന്നിട്ടുണ്ട്. ആത്മഹത്യയല്ലാതെ തന്റെ മുമ്പില്‍ ഒരു വഴിയുമില്ല. യുവതി റേഡിയോ സ്റ്റേഷനില്‍ വിളിച്ചു പറഞ്ഞതായി പ്രമുഖ അറബ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
റേഡിയോ പരിപാടി അവതാരകന്‍ യുവതിയെ ആശ്വസിപ്പിക്കാനും ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിക്കാനും ശ്രമം നടത്തി. ഉത്തരവാദപ്പെട്ടവര്‍ പ്രശ്‌ന പരിഹാരത്തിനായി സമീപിക്കുമെന്നും ഉറപ്പ് നല്‍കി.
പരിപാടി ശ്രവിച്ച അജ്മാന്‍ പോലീസിലെ ഉദ്യോഗസ്ഥര്‍ യുവതിയുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് യുവതിയുമായി ബന്ധപ്പെട്ടു. പ്രാഥമികാന്വേഷണത്തില്‍ റാസല്‍ ഖൈമ സ്വദേശിയാണ് യുവതി എന്ന് വ്യക്തമായി. ഇത്തരം ഒരു സംഭവുമായി ബന്ധപ്പെട്ട ഒരു പരാതിയും പോലീസ് വകുപ്പിന് ലഭിച്ചിട്ടില്ലെന്ന് റാസല്‍ ഖൈമ പോലീസ് വ്യക്തമാക്കി.
മുഐരിള് കടലോരത്ത് ആത്മഹത്യാ ശ്രമം നടത്തുന്ന ഒരു യുവതിയുണ്ടെന്ന ഒരു പരാതി റാസല്‍ ഖൈമ പോലീസിന് ഈയിടെ ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കടലോരത്തെത്തി യുവതിയെ കണ്ടെത്തിയെങ്കിലും എന്റെ വ്യക്തിപരമായ വിഷയം പരിഹരിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും ആരും അതില്‍ ഇടപെടേണ്ടതില്ലെന്നും യുവതി പോലീസിനോട് പറഞ്ഞ് ഒഴിഞ്ഞു മാറിയതായും പോലീസ് പറഞ്ഞു.