ദുബൈ സിലികോണ്‍ ഓയാസിസില്‍ 300 കിടക്കകളുള്ള ആശുപത്രി വരുന്നു

Posted on: January 11, 2014 7:40 pm | Last updated: January 11, 2014 at 7:40 pm

ദുബൈ: വര്‍ഷം തോറും ഏഴു ലക്ഷം രോഗികള്‍ക്ക് വൈദ്യ സഹായം ലഭ്യമാക്കാന്‍ ഉതകുന്ന 300 കിടക്കകളോട് കൂടിയ ആശുപത്രി ദുബൈ സിലികോണ്‍ ഒയാസിസില്‍ വരുന്നു. മൂന്നു വര്‍ഷത്തിനകമാണ് ആശുപത്രി പൂര്‍ത്തിയാക്കുക. ഇതോടൊപ്പം മെഡിക്കല്‍ കോളജും പണിയും.
രാജ്യാന്തര നിലവാരത്തിലുള്ള മെഡിക്കല്‍ സ്ഥാപനങ്ങളുമായി സഹകരിച്ചാവും ആശുപത്രിയുടെ സമീപത്ത് മെഡിക്കല്‍ കോളജ് പണിയുക. ആറു വര്‍ഷം എടുത്താവും പണി പൂര്‍ത്തീകരിക്കുക. 100 കോടി ദിര്‍ഹം മുടക്കി രണ്ടു ഘട്ടങ്ങളായാവും ആശുപത്രിയുടെ നിര്‍മാണം പൂര്‍ത്തീകരിക്കുക. സഊദി കേന്ദ്രമായുള്ള പ്രമുഖ ആതുര സേവന സ്ഥാപനമായ ഡോ. സുലൈമാന്‍ ഫഖീഹ് ഹോസ്പിറ്റല്‍ ഗ്രൂപ്പാണ് പദ്ധതിക്ക് പിന്നില്‍.
സ്ഥാപനം ഷാര്‍ജ യൂണിവേഴ്‌സിറ്റി, റോചസ്റ്റര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി, ദുബൈ അക്കാഡമിക് സിറ്റി, അല്‍ ഐന്‍ യൂണിവേഴ്‌സിറ്റി എന്നിവയുമായി സഹകരിച്ചാവും പൂര്‍ത്തീകരിക്കുക.