സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ച ആദ്യ സ്വദേശി വനിതക്ക് നഗരസഭയുടെ ആദരം

Posted on: January 11, 2014 7:40 pm | Last updated: January 11, 2014 at 7:40 pm

ദുബൈ: മൈക്രോസോഫ്റ്റ് കമ്പനിയില്‍ നിന്ന് പ്രോഗ്രാം വികസിപ്പിച്ചതിന് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയ ആദ്യ സ്വദേശി വനിതയെ ദുബൈ നഗരസഭ ആദരിച്ചു. ദുബൈ സ്വദേശിയായ ഫാതിമ അല്‍ സആബിയാണ് ഈ അപൂര്‍വ്വ ബഹുമതിക്ക് അര്‍ഹയായത്. ദുബൈ നഗര സഭയില്‍ എഞ്ചിനിയറായി ജോലി ചെയ്യുകയാണ് ഇവര്‍.
നഗരസഭ ഡയറക്ടര്‍ ജനറല്‍ എഞ്ചി. ഹുസൈന്‍ നാസര്‍ ലൂതാ നഗരസഭയുടെ ആദര ഫലകം ഇവര്‍ക്ക് കൈമാറി. രാജ്യത്തിന് പൊതുവിലും ദുബൈ നഗരസഭക്ക് പ്രത്യേകിച്ചും അഭിമാനകരമാണ് ഫാത്തിമ അല്‍ സആബിയുടെ നേട്ടമെന്ന് ആദരിക്കല്‍ ചടങ്ങില്‍ നഗരസഭാ ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂതാ പറഞ്ഞു.
നഗര സഭയിലെ എഞ്ചിനിയര്‍മാരും സാങ്കേതിക വിദഗ്ധരും ഉള്‍പ്പെടുന്ന സദസ്സിനു മുമ്പില്‍ ഫാതിമ അല്‍ സആബി താന്‍ വികസിപ്പിച്ച സോഫ്റ്റ് വെയര്‍ പ്രദര്‍ശിപ്പിച്ചു. പ്രോഗ്രാമിനെക്കുറിച്ചുള്ള വിശദമായ ചര്‍ച്ചക്കും അവര്‍ നേതൃത്വം നല്‍കി.
രാജ്യത്തെ ഭരണാധികാരികള്‍ വിദ്യാഭ്യാസ പരുരോഗതിക്കും വളര്‍ച്ചക്കും നല്‍കുന്ന പ്രോത്സാഹനങ്ങളെ ഫാത്തിമ അല്‍ സആബി പ്രശംസിച്ചു.