Connect with us

International

ദ. സുഡാന്‍: വിമത കേന്ദ്രങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു

Published

|

Last Updated

ജുബ: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ദക്ഷിണ സുഡാനില്‍ വിമതരുടെ നിയന്ത്രണത്തലുള്ള ബെന്‍തിയുവില്‍ അന്തിമ പോരാട്ടത്തിന് സര്‍ക്കാര്‍ സൈന്യം തയ്യാറാടെക്കുന്നു. ഇതിന്റെ ഭാഗമായി ബെന്‍തിയുവില്‍ നിന്ന് മുഴുവന്‍ സാധാരണക്കാരോടും ഒഴിഞ്ഞു പോകാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു.
എണ്ണ സമ്പന്നമായ യൂണിറ്റി പ്രവിശ്യയിലെ പ്രധാന നഗരമായ ബെന്‍തിയുവിന്റെ പ്രാന്ത പ്രദേശത്ത് സൈന്യം എത്തിയിട്ടുണ്ടെന്നും ഏത് നിമിഷവും ശക്തമായ ആക്രമണം ഉണ്ടാകുമെന്നും സൈനിക വക്താവ് ഫിലിപ് ഓഗര്‍ പറഞ്ഞു. ബോറിന് പുറമേ വിമതര്‍ പിടിച്ചടക്കിയ പ്രധാനനഗരമായ ബെന്‍തിയുവില്‍ നിന്ന് ആയിരക്കണക്കനാളുകള്‍ ഇതിനകം പലായനം ചെയ്തിട്ടുണ്ട്. ഡിസംബര്‍ 15ന് ആഭ്യന്തര സംഘര്‍ഷം തുടങ്ങിയത് മുതല്‍ 1000 പേര്‍ മരിച്ചുവെന്നാണ് കണക്ക്.
രാജ്യത്താകെ രണ്ട് ലക്ഷത്തിലധികം പേര്‍ അഭയാര്‍ഥികളായതായി യു എന്‍ വ്യക്തമാക്കി. പോരാട്ടം രൂക്ഷമായ ലേക്‌സ് പ്രവിശ്യയിലെ മിംഗ്കാമാനിലും പരിസര പ്രദേശങ്ങളിലും മാത്രം 85,000 പേര്‍ ഭവനരഹിതരായെന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന യു എന്‍ സമിതി വക്താവ് ഫര്‍ഹാന്‍ ഹഖ് പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നത് സ്ഥിതിഗതികള്‍ വഷളാക്കുകയാണ്. ഭക്ഷണം, ഔഷധമടക്കമുള്ള ആരോഗ്യ രക്ഷാ ഉപകരണങ്ങള്‍, വെള്ളം, ശുചിത്വസൗകര്യങ്ങള്‍ തുടങ്ങിയവയുടെ ദൗര്‍ലഭ്യം രൂക്ഷമാണ്. വിമത വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള ബോറിലേക്ക് പറന്ന ദുരിതാശ്വാസ വിമാനങ്ങള്‍ക്ക് അവിടെ ഇറങ്ങാനായില്ലെന്നും ഹഖ് പറഞ്ഞു.
ദക്ഷിണ സുഡാനിലെ യു എസ് ദൗത്യ സേനയിലേക്ക് 5,500 സൈനികരെയും 440 പോലീസ് ഉദ്യോഗസ്ഥരെയും അയക്കാന്‍ രക്ഷാസമിതി കഴിഞ്ഞ ദിവസം പ്രമേയം പാസ്സാക്കിയിരുന്നു. സുഡാനില്‍ നിന്ന് വേര്‍പെട്ട് 2011ലാണ് ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ ദക്ഷിണ സുഡാന്‍ നിലവില്‍ വന്നത്. ഇപ്പോഴത്തെ പ്രസിഡന്റ് സല്‍വാ കിറും പുറത്താക്കപ്പെട്ട വൈസ് പ്രസിഡന്റ് റീക് മച്ചറും തമ്മിലുള്ള വടംവലിയാണ് ആഭ്യന്തര സംഘര്‍ഷത്തിന്റെ അടിസ്ഥാന കാരണം. സല്‍വാ കിര്‍ ഉള്‍പ്പെട്ട ദിങ്കാ ഗോത്രവും മച്ചറുടെ നുവര്‍ ഗോത്രവും തമ്മിലുള്ള ഏറ്റുമുട്ടലായി സംഘര്‍ഷം വളരുകയായിരുന്നു. നിരവധി സ്വകാര്യ സേനകളുടെ പിന്തുണയോടെയാണ് മച്ചര്‍ വിഭാഗം സര്‍ക്കാറിനെതിരെ ആഞ്ഞടിക്കുന്നത്. വെടിനിര്‍ത്തല്‍ ശ്രമങ്ങള്‍ വിജയിച്ചിട്ടില്ല.

Latest