സിറിയയില്‍ വിമതര്‍ തമ്മില്‍ രൂക്ഷ ഏറ്റുമുട്ടല്‍; 482 മരണം

Posted on: January 11, 2014 7:51 am | Last updated: January 11, 2014 at 7:51 am

_72200961_72197780ദമസ്‌കസ്: സിറിയന്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദിനെതിരെ പ്രക്ഷോഭം നടത്തുന്ന വിമത സംഘടനകള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്നതായി റിപ്പോര്‍ട്ട്. വടക്കന്‍ സിറിയയില്‍ വിമതരിലെ അല്‍ഖാഇദയുമായി ബന്ധമുള്ള സായുധ സംഘവും യാഥാസ്ഥിതിക വിമതരും മിതവാദി വിഭാഗങ്ങളും ചേരിതിരിഞ്ഞ് ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും കഴിഞ്ഞയാഴ്ചയില്‍ മാത്രം രാജ്യത്ത് അഞ്ഞൂറോളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയുടെ വക്താക്കള്‍ അറിയിച്ചു.

വടക്കന്‍ സിറിയയില്‍ വിമതര്‍ ആധിപത്യം പിടിച്ചെടുത്ത മേഖലകളില്‍ കനത്ത ഏറ്റുമുട്ടലുകള്‍ നടക്കുകയാണ്. അല്‍ഖാഇദയുമായി ബന്ധമുള്ള ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ്, ലെവെന്റ് (ഐ എസ് ഐ എസ്) എന്നീ സായുധ സംഘങ്ങളുടെ പ്രക്ഷോഭ മേഖലകളില്‍ സ്വാധീനം ചെലുത്താന്‍ തുടങ്ങിയതോടെയാണ് ഏറ്റുമുട്ടലുകള്‍ ആരംഭിച്ചത്.
നാല് പ്രവിശ്യകളിലെ പ്രധാന നഗരങ്ങളില്‍ നടന്ന ആക്രമണങ്ങളിലും സ്‌ഫോടനങ്ങളിലുമായി 482 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ പുറത്തിറിക്കിയ റിപ്പോര്‍ട്ടിലുള്ളത്. ഇവരില്‍ 240 പേര്‍ സിറിയന്‍ വിമതരും 157 പേര്‍ ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖില്‍ നിന്നും ഉള്ളവരാണ് ഏറ്റുമുട്ടലിനിടെ 85 സാധാരണക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിറിയന്‍ സര്‍ക്കാറിനെതിരെ വിവിധ സംഘങ്ങളായാണ് പ്രക്ഷോഭം നടക്കുന്നത്. വിമത, പ്രതിപക്ഷ സംഘടനകളെ ഏകോപിപ്പിക്കാന്‍ അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളുടെ നേതൃത്വത്തില്‍ ശ്രമം നടന്നിരുന്നെങ്കിലും വിജയിച്ചില്ല. ഫ്രീ സിറിയന്‍ ആര്‍മി എന്ന പേരില്‍ വിമത സഖ്യം രൂപവത്കരിച്ചെങ്കിലും നിരവധി സംഘങ്ങള്‍ സഖ്യത്തില്‍ ചേര്‍ന്നതുമില്ല. അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ സഹായങ്ങളുണ്ടായിട്ടും മൂന്ന് വര്‍ഷം മുമ്പ് ആരംഭിച്ച പ്രക്ഷോഭം വിജയിക്കാത്തതിന്റെ പ്രധാന കാരണവും വിമത സംഘടനകള്‍ക്കിടയിലെ ഭിന്നിപ്പാണെന്ന് മാധ്യമങ്ങള്‍ വിലയിരുത്തുന്നു.
അതിനിടെ അലെപ്പോയിലെ ജയില്‍ തകര്‍ത്ത് 42 തടവുകാരെ ഐ എസ് ഐ എസ് തീവ്രവാദികള്‍ കൊലപ്പെടുത്തിയതായി ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.