കേരളം ആഗോള ട്രാവല്‍ ബ്ലോഗര്‍മാരുടെ തലസ്ഥാനമാകുന്നു

Posted on: January 11, 2014 7:46 am | Last updated: January 11, 2014 at 7:46 am

blogതിരുവനന്തപുരം: ട്രാവല്‍ ബ്ലോഗര്‍മാരുടെ തലസ്ഥാനമായി കേരളം മാറുന്നു. കേരള ടൂറിസത്തിന്റെതാണ് നൂതന ഓണ്‍ലൈന്‍ പ്രചരണ പദ്ധതി. ലോകത്തെ മികച്ച ബ്ലോഗര്‍മാര്‍ക്ക് കേരളത്തിലെ യാത്രാനുഭവം നല്‍കുകയാണ് കേരള ബ്ലോഗ് എക്‌സ്പ്രസ് എന്ന പ്രചാരണ പരിപാടിയുടെ ലക്ഷ്യം. ആഡംബര ബസില്‍ തെക്കു നിന്ന് വടക്കോട്ട് രണ്ടാഴ്ച നീളുന്ന റോഡ് യാത്ര മാര്‍ച്ച് ഒന്നിന് ആരംഭിക്കും. കേരള ടൂറിസം ഈ പരിപാടിക്ക് വേണ്ടി തയ്യാറാക്കിയ www.keralablog express.com എന്ന വെബ്‌സൈറ്റ് മുഖേന നടത്തിയ വോട്ടിംഗിലൂടെ തിരഞ്ഞെടുത്ത 25 മികച്ച ബ്ലോഗര്‍മാരാണ് യാത്രയില്‍ പങ്കെടുക്കുക.

അടുത്തിടെ ആരംഭിച്ച ഈ സൈറ്റ് ഇതിനകം ലക്ഷത്തിലധികം ആളുകള്‍ സന്ദര്‍ശിച്ചു. ഇതില്‍ രാജ്യത്തും പുറത്തുമുള്ള മികച്ച ട്രാവല്‍ ബ്ലോഗര്‍മാരുമുണ്ട്. സഞ്ചാര സാഹിത്യകാരന്മാര്‍, ഫോട്ടോഗ്രാഫര്‍മാര്‍, നിലവില്‍ സ്വന്തം ബ്ലോഗുള്ള ബ്ലോഗര്‍മാര്‍ എന്നിവര്‍ യാത്രയില്‍ പങ്കെടുക്കുന്നതിന് അപേക്ഷിക്കാന്‍ യോഗ്യരായിരുന്നു. ഇന്നലെ രജിസ്‌ട്രേഷന്‍ അവസാനിച്ചു. പങ്കെടുക്കുന്ന ബ്ലോഗര്‍മാരുടെ പ്രൊഫൈല്‍ പൊതുജനങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ കേരള ബ്ലോഗ് എക്‌സ്പ്രസ് സൈറ്റില്‍ ലഭിക്കും. ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ചവര്‍ക്ക് കേരള ബ്ലോഗ് എക്‌സ്പ്രസില്‍ പങ്കെടുക്കാം.

നമ്മുടെ ഭൂമിശാസ്ത്രവും സംസ്‌കാരവും മനസ്സിലാക്കുന്നതിനുവേണ്ടി രാജ്യത്ത് തന്നെ നടത്തുന്ന ആദ്യ സംരംഭമാണ് ഇതെന്ന് ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ പറഞ്ഞു. യു എസ്, യു കെ, പോളണ്ട്, സ്‌പെയിന്‍, ജര്‍മനി, ഇന്തോനേഷ്യ എന്നിവ ഉള്‍പ്പെടെ 80 രാജ്യങ്ങളില്‍ നിന്ന് അപേക്ഷകള്‍ ലഭിച്ചു. വെനിസ്വേല സ്വദേശി മാര്‍സെല്ലോ അരാംബിദേ തുടങ്ങിയ ലോകോത്തര ബ്ലോഗര്‍മാരുമുണ്ട് ഇക്കൂട്ടത്തില്‍. നാഷനല്‍ ജിയോഗ്രഫിക്, നാസ്റ്റ് ട്രാവലര്‍, ലോണ്‍ലി പ്ലാനറ്റ് എന്നിവയില്‍ യാത്രാനുഭവങ്ങള്‍ പങ്ക് വെക്കുന്നവരാണ് ഇവര്‍. രണ്ടാഴ്ച നമ്മുടെ സംസ്ഥാനം ട്രാവല്‍ ബ്ലോഗര്‍മാരുടെ തലസ്ഥാനമായി മാറുമെന്ന് ടൂറിസം സെക്രട്ടറി സുമന്‍ ബില്ല പറഞ്ഞു.

ആലപ്പുഴ, കോവളം, വര്‍ക്കല, കുമരകം, തേക്കടി, മൂന്നാര്‍, കൊച്ചി, വയനാട്, ബേക്കല്‍ എന്നിവിടങ്ങളില്‍ കേരള ബ്ലോഗ് എക്‌സ്പ്രസ് സഞ്ചരിക്കും. കായലിലെ ബോട്ട് യാത്ര, ആയുര്‍വേദ ചികിത്സ, കഥകളി തുടങ്ങിയവയും യാത്രികര്‍ക്കായി ഒരുക്കും. ദശലക്ഷക്കണക്കിന് ബ്ലോഗ് സന്ദര്‍ശകരിലേക്ക് എത്തുന്നതാണ് ഇവരുടെ ബ്ലോഗ് കുറിപ്പുകളെന്ന് ടൂറിസം ഡയറക്ടര്‍ എസ് ഹരി കിഷോര്‍ ചൂണ്ടിക്കാട്ടി. യാത്രാനുഭവക്കുറിപ്പുകളുടെ കാര്യത്തില്‍ ഇവരുടെ വാക്കുകള്‍ക്ക് ആധികാരികത ഏറെയാണ്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സ്ഥലങ്ങള്‍ കണ്ടും അനുഭവിച്ചും കേരളത്തിന്റെ തനതു ഭക്ഷണങ്ങള്‍ ആസ്വദിച്ചും അവര്‍ നടത്തുന്ന രണ്ടാഴ്ചത്തെ യാത്രയെക്കുറിച്ച് എഴുതുന്ന ബ്ലോഗുകള്‍ നമുക്ക് ഗുണകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. യാത്ര തുടങ്ങുന്നതിന് മുമ്പേ തന്നെ അപേക്ഷകരില്‍ പലരും കേരളത്തിലെ യാത്രാനുഭവത്തെക്കുറിച്ച് പ്രതീക്ഷ പങ്കുവെക്കുന്ന കുറിപ്പുകള്‍ സ്വന്തം ബ്ലോഗില്‍ എഴുതിക്കഴിഞ്ഞു. ട്രാവല്‍ ബ്ലോഗര്‍മാര്‍ക്ക് കേരളത്തിലൂടെയുള്ള യാത്ര ജീവിതത്തിലെ നാഴികക്കല്ലായിരിക്കുമെന്നാണ് അമേരിക്കയില്‍ നിന്നുള്ള ബ്ലോഗര്‍മാരായ വെറോണിക്ക ആന്‍ഡ് ഡേവിഡ് അവരുടെ പോസ്റ്റില്‍ അഭിപ്രായപ്പെട്ടത്.