ലോക്‌സഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കും എസ് എന്‍ ഡി പി

Posted on: January 11, 2014 12:28 am | Last updated: January 11, 2014 at 12:28 am

ഗൂഡല്ലൂര്‍: ഈഴവ-തിയ സമുദായങ്ങള്‍ക്ക് ബി സി സംവരണം ഏര്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് എസ് എന്‍ ഡി പി നേതാക്കള്‍ ഗൂഡല്ലൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നീലഗിരിയില്‍ പത്തായിരത്തോളം ഈഴവ-തിയ സമുദായങ്ങളുണ്ട്. 25 വര്‍ഷമായി നിഷേധിച്ച ബി സി സംവരണം പുനസ്ഥാപിക്കണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ എ ഐ എ ഡി എം കെ അധികാരത്തിലെത്തിയാല്‍ ഈഴവ-തിയ സമുദായങ്ങള്‍ക്ക് ബി സി സംവരണം ഏര്‍പ്പെടുത്തുമെന്ന് ജയലളിത ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ അധികാരത്തിലെത്തി വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും വാക്ക് പാലിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഈഴവ-തിയ സമുദായങ്ങള്‍ക്ക് ബി സി സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ പഠിക്കുന്ന സമുദായങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, ബേങ്ക്, വായ്പ, ജോലി തുടങ്ങിയവയൊന്നും ലഭിക്കുന്നില്ലെന്നും നേതാക്കള്‍ ആരോപിച്ചു. പ്രസിഡന്റ് വി എം ജയരാജന്‍, സെക്രട്ടറി കെ വി അനില്‍, എം കെ ചന്ദ്രബോസ്, ഹരിദാസ്, വി എം സുധാകരന്‍, ഷെറിന്‍ എരുമാട്, വി കെ മോഹന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.