മുളക് പൊടിയെറിഞ്ഞ് വ്യാപാരിയില്‍ നിന്ന് പണം തട്ടാന്‍ ശ്രമം

Posted on: January 11, 2014 12:27 am | Last updated: January 11, 2014 at 12:27 am

കല്‍പറ്റ: മുഖത്ത് മുളക് പൊടിയെറിഞ്ഞ് വ്യാപാരിയില്‍ നിന്ന് പണം തട്ടാന്‍ ശ്രമം. കൈപഞ്ചേരി റോഡില്‍ കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയാണ് സംഭവം.സുല്‍ത്താന്‍ ബത്തേരി എം ടി ട്രേഡേഴ്‌സ് ഉടമയില്‍ നിന്നാണ് അജ്ഞാത സംഘം മുളക് പൊടിയെറിഞ്ഞ് പണം തട്ടാന്‍ ശ്രമം നടത്തിയത്. കടയടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഉടമ പത്മനാഭനെ വീടിന് സമീപത്ത് വെച്ച് രണ്ട് പേര്‍ തടഞ്ഞ് നിര്‍ത്തി കൈയിലുണ്ടായിരുന്ന പണമടങ്ങുന്ന ബാഗും സാധനങ്ങളും പിടിച്ചെടുക്കുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയെങ്കില്‍ സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെടുന്നതിനിടെ പണമടങ്ങുന്ന ബാഗ് കൈയില്‍ വീണതിനാല്‍ പണം നഷ്ടപ്പെട്ടില്ല. കവര്‍ച്ച സംഘത്തിന്റേതെന്ന് കരുതുന്ന ഇരുചക്ര വാഹനവും കണ്ടെത്തിയിട്ടുണ്ട്. അതെ സമയം സംഘം പോലീസ് കസ്റ്റഡിയിലായതായും സൂചനയുണ്ട്. ബത്തേരി പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഒരാഴ്ച മുമ്പ് ഇതിന് സമാനമായ സംഭവം പുല്‍പള്ളി ഗ്യാരേജിന് സമീപവമുണ്ടായി. ഇവിടെ നിന്ന് കലക്ഷന്‍ കഴിഞ്ഞ പോവുകയായിരുന്നയാളില്‍ നിന്ന് ഒന്നര ലക്ഷത്തോളം രൂപയാണ് അജ്ഞാതസംഘം കവര്‍ന്നത്.