Connect with us

Wayanad

നരേന്ദ്രമോഡി്ക്ക് മതേതരത്വ മുഖമില്ല: ദീപക് ബാബ്രിയാജി

Published

|

Last Updated

കല്‍പറ്റ: ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിക്ക് മതേതരത്വ മുഖമില്ലെന്നും അദ്ദേഹത്തിന് വര്‍ഗീയതയുടെ മുഖം മാത്രമാണെന്നും എ ഐ സി സി സെക്രട്ടറി ദീപക് ബാബ്രിയാജി പറഞ്ഞു. ഇന്ത്യയുടെ പ്രധാന മന്ത്രി മതനിരപേക്ഷനായിരിക്കണം.
ഗുജറാത്തില്‍ വന്‍കിട കുത്തകകള്‍ക്ക് രണ്ട് രൂപ നിരക്കില്‍ ഭൂമി പതിച്ചുനല്‍കുമ്പോള്‍ ലക്ഷക്കണക്കിന് ആളുകള്‍ ഭവന രഹിതരായി തുടരുന്നു. ഗുജറാത്തില്‍ തൊഴില്‍ നിയമങ്ങള്‍ ഇല്ല. വ്യവസായികള്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നു. 33000 കോടി രൂപയുടെ സബ്‌സിഡി ടാറ്റയ്ക്ക് ഗുജറാത്തില്‍ നല്‍കി. യുവാക്കള്‍ക്കും സാധാരണക്കാര്‍ക്കും സാമൂഹിക സുരക്ഷക്ക് വേണ്ട ഒരു നടപടിയും സര്‍ക്കാര്‍ എടുക്കുന്നില്ല. രണ്ടായിരം ആള്‍ കൊല്ലപ്പെട്ട വര്‍ഗ്ഗീയ കലാപത്തിന് നേതൃത്വം കൊടുത്ത നതേന്ദ്രമോഡി പ്രധാന മന്ത്രിയായാല്‍ ഇന്ത്യയുടെ മതേതരത്വം നശിക്കും. വിഭാഗീയ രാഷ്ട്രീയമാണ് അദ്ദേഹം നടത്തുന്നത്. സ്വന്തം പാര്‍ട്ടിയില്‍പോലും വിഭാഗീയത നടത്തുന്നു. മതേതരത്വ സ്വഭാവമുള്ള കുടുംബമാണ് നെഹ്‌റു കുടുംബം. വയനാട് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലയെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ എഐ സി സി സെക്രട്ടറിക്ക് മുമ്പില്‍ നേതാക്കള്‍ അറിയിച്ചു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ വയനാട് പാക്കേജ്, രാത്രികാല യാത്രാ നിരോധനം, എന്നിവയൊക്കെ കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. യോഗത്തില്‍ പങ്കെടുത്ത മണ്ഡലം തലം വരെയുള്ള മുഴുവന്‍ നേതാക്കള്‍ക്കും ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. ഡി സി സി പ്രസിഡന്റ്് കെ എല്‍ പൗലോസ് അധ്യക്ഷത വഹിച്ചു. എം ഐ ഷാനവാസ് എം പി, മന്ത്രി പി കെ ജയലക്ഷ്മി, എംപി ജാക്‌സന്‍, സജീവ് ജോസഫ്, ഐ സി ബാലകൃഷ്ണന്‍ എംഎല്‍ എ , അഡ്വ: കെ ജയന്ത്, പി എം സക്കീര്‍ ഹുസൈന്‍, നെയ്യാറ്റിന്‍ കര സനല്‍, കെ കെ അബ്രഹാം, എം എസ് വിശ്വനാഥന്‍, പി വി ബാലചന്ദ്രന്‍, എന്‍ഡി അപ്പച്ചന്‍, പ്രൊഫ. കെ പി തോമസ്, അഡ്വ. ടി ജെ ഐസക് എന്നിവര്‍ പ്രസംഗിച്ചു.

Latest