പുകയില നിയന്ത്രണം: പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി

Posted on: January 11, 2014 12:26 am | Last updated: January 11, 2014 at 12:26 am

കല്‍പറ്റ: പുകയില നിയന്ത്രണ പരിപാടിയുടെ ഭാഗമായി ആരോഗ്യവകുപ്പ് അധികൃതര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. പൊരുന്നന്നൂര്‍, തരിയോട്, മീനങ്ങാടി, പുല്‍പ്പള്ളി, മേപ്പാടി തുടങ്ങിയ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ക്ക് കീഴിലുള്ള വിവിധ പ്രദേശങ്ങളിലാണ് പരിശോധന നടന്നത്.
56 സ്‌കൂളുകളില്‍ പുകയില നിരോധിത മേഖലയെന്ന നിയമാനുസൃത ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. 121 സ്‌കൂളുകളില്‍ മാത്രമാണ് വിദ്യാലയസംരക്ഷണ സമിതികള്‍ സ്ഥാപിച്ചിട്ടുള്ളത്. 15 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. തൊള്ളായിരത്തിലധികം സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. ഇതില്‍ 27 കച്ചവട സ്ഥാപനങ്ങളില്‍ നിയമംലഘിച്ച് പുകയില ഉല്‍പ്പന്നങ്ങല്‍ വില്‍ക്കുന്നതായി കണ്ടെത്തി. അരലക്ഷം രൂപയുടെ സിഗരറ്റ് പാക്കറ്റുകളും ബിഡികളും 21 പാന്‍ ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു. 600 കിലോഗ്രാം മറ്റു പുകയില ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു. 248 പേര്‍ക്കായി 51,950 രൂപ പിഴചുമത്തി. 12 കേസുകളില്‍ നിയമ നടപടികള്‍ സ്വീകരിച്ചു. 450 ഓളം പരസ്യബോര്‍ഡുകളും സ്റ്റിക്കറുകളും നീക്കം ചെയ്തു. ഇതുമായി ബന്ധപ്പെട്ട് 77 കച്ചവട സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.