വൈദ്യുതി ലൈനുകള്‍ ഭൂമിക്കടിയിലൂടെയാക്കുന്നു

Posted on: January 11, 2014 12:23 am | Last updated: January 11, 2014 at 12:23 am

കോഴിക്കോട്: വൈദ്യുത വിതരണരംഗത്ത് ജില്ല സമൂല മാറ്റത്തിന് ഒരുങ്ങുന്നു. പ്രസരണ-വിതരണ-വാണിജ്യ നഷ്ടം കുറച്ച് ഗുണമേന്മയുള്ള വൈദ്യുതി മുഴുവന്‍ ഉപഭോക്താക്കള്‍ക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പുനരാവിഷ്‌കൃത ഊര്‍ജിത ഊര്‍ജ വികസനപരിഷ്‌ക്കരണ പദ്ധതിയാണ് ജില്ലക്ക് വൈദ്യുതരംഗത്ത് പുതിയ മുഖം നല്‍കുന്നത്. ഇത് നടപ്പാക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ ജില്ലയാണ് കോഴിക്കോട്. പദ്ധതി നടപ്പിലാക്കുന്നതോടെ നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും വൈദ്യുത വിതരണം വൈദ്യുതഭവനില്‍ നിന്നും നിയന്ത്രിക്കുന്ന ‘ഓട്ടോമാറ്റിക് സംവിധാനത്തിലേക്ക് മാറുമെന്ന് ജില്ലാ ഇലക്ട്രിസിറ്റി ബോര്‍ഡ് അസി. എന്‍ജിനീയര്‍ ഉണ്ണികൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിലവിലുള്ള ഒ എച്ച് ലൈനുകള്‍ ഒഴിവാക്കി ഭൂമിക്കടിയിലൂടെ കേബിള്‍ സംവിധാനം നടപ്പാക്കും. നൂതന സാങ്കേതിക വിദ്യകളായ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ,കമ്മ്യൂണിക്കേഷന്‍, എന്നിവ സമന്വയിപ്പിച്ച പദ്ധതി വഴി പ്രസരണ നഷ്ടം 23.1ല്‍ നിന്നും 15 ശതമാനമായി കുറക്കാന്‍ കഴിയും. 200 കോടിയോളം രൂപ മുതല്‍ മുടക്കി നടപ്പിലാക്കുന്ന പദ്ധതിയില്‍ ഏകദേശം 286 കി. മി ദൂരം 11 കെ വി ഭൂഗര്‍ഭ കേബിളുകള്‍ 600ഓളം റിംഗ് മെയിന്‍ യൂനിറ്റുകളാണ് സ്ഥാപിക്കുന്നത്. വൈദ്യുത ബില്ലിംഗ്, പരാതി പരിഹാരം തുടങ്ങിയവ പൂര്‍ണമായും കമ്പ്യൂട്ടര്‍വത്കരിക്കും. കോഴിക്കോട് ഇലക്ട്രിക്കല്‍ സര്‍ക്കിളിന്റെ പരിധിയില്‍ വരുന്ന 23 ഇലക്ട്രിക്കല്‍ സെക്ഷനുകളിലെ ഉപഭോക്താക്കള്‍ പദ്ധതിയുടെ ഗുണഭോക്താക്കളായിക്കും. കോഴിക്കോട് നോര്‍ത്ത്, സൗത്ത്, ബേപ്പൂര്‍ എന്നീ നിയോജകമണ്ഡലങ്ങളിലെ മുഴുവന്‍ ഭാഗങ്ങളും എലത്തൂര്‍, കുന്ദമംഗലം, കൊടുവള്ളി എന്നിവിടങ്ങളിലെ വിവിധ ഭാഗങ്ങളും ഇതിന്റെ പരിധിയില്‍ പെടും. എല്‍ ആന്‍ഡ് ടി കമ്പനിക്കാണ് കരാര്‍. 18 മാസം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. തെരുവ് വിളക്കുകള്‍ ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ ജനോപകാര പ്രദമായും കാര്യക്ഷമമായും പ്രവര്‍ത്തിപ്പിക്കുകയും പദ്ധതിയുടെ ലക്ഷ്യമാണ്. പദ്ധതി പ്രവര്‍ത്തിയുടെ നിര്‍മാണോദ്ഘാടനം വൈദ്യുത ഭവന്‍ അങ്കണത്തില്‍ നാളെ രാവിലെ 10 ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് നിര്‍വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗിരി വര്‍ഗീസ് തരകന്‍, സുനില്‍കുമാര്‍, സന്തോഷ്‌കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.