ഫേസ്ബുക്ക് പരാമര്‍ശം: യുവ അഭിഭാഷകയുടെ സസ്‌പെന്‍ഷന്‍ ശരിവെച്ചു; ബാര്‍ അസോസിയേഷന്‍ യോഗത്തില്‍ കൈയാങ്കളി

Posted on: January 11, 2014 12:22 am | Last updated: January 11, 2014 at 12:22 am

കോഴിക്കോട്: ഫേസ്ബുക്കില്‍ അഭിഭാഷകര്‍ക്കെതിരെ പരാമര്‍ശം നടത്തിയ യുവ അഭിഭാഷകയെ ബാര്‍ അസോസിയേഷന്‍ സസ്പന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ടു വിളിച്ചുചേര്‍ത്ത പ്രത്യേക യോഗത്തില്‍ കൈയാങ്കളിയും കസേരയേറും. മൂന്ന് മണിക്കൂര്‍ നീണ്ട യോഗത്തിനൊടുവില്‍ അഭിഭാഷകയെ ബാര്‍ അസോസിയേഷനില്‍ നിന്നും സസ്പന്‍ഡ് ചെയ്ത നടപടി ജനറല്‍ ബോഡിയും ശരിവെച്ചു.

ഇന്നലെ പകല്‍ ഒന്നര മുതല്‍ മൂന്നര വരെ കോഴിക്കോട് ബാര്‍ അസോസിയേഷനാണ് നാടകീയ രംഗങ്ങള്‍ക്ക് വേദിയായത്.
വടകര സ്വദേശിനി അഡ്വ എം അരുണിമക്കെതിരെയാണ് കോഴിക്കോട് ബാര്‍ അസോസിയേഷന്‍ നടപടി സ്വീകരിച്ചത്. കഴിഞ്ഞ മാസം അരുണിമ ഫേസ് ബുക്കില്‍ കോഴിക്കോട് ബാര്‍ അസോസിയേഷനിലെ അഭിഭാഷകര്‍ക്കെതിരെ പരാമര്‍ശം നടത്തിയിരുന്നു. തുടര്‍ന്ന് ഈ മാസം രണ്ടിന് ഇവരെ സസ്‌പെന്‍ഡ് ചെയ്തു.
തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് അരുണിമ ബാര്‍ അസോസിയേഷന് കത്തു നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ പ്രത്യേക ജനറല്‍ ബോഡിയോഗം വിളിച്ചു ചേര്‍ക്കുകയായിരുന്നു. യോഗത്തില്‍ പങ്കെടുത്ത 19 പേര്‍ ബാര്‍ അസോസിയേഷന്റെ സസ്പന്‍ഷന്‍ നടപടിയെ അനുകൂലിച്ചു. എന്നാല്‍ ഏഴ് പേര്‍ നടപടി ശരിയായില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നു. മൂന്ന് പേര്‍ പ്രശ്‌നം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നാണ് ആവശ്യപ്പെട്ടത്.
അതേസമയം യോഗം നടക്കുന്നതിനിടെ മുതിര്‍ന്ന വനിതാ അഭിഭാഷക വി എം ലീലാവതി അരുണിമയുമായി സംസാരിച്ചു. ഈ സംസാരത്തിനിടെ മോശമായി അരുണിമ പെരുമാറിയിരുന്നുവെന്നാണ് പറയുന്നത്. യോഗത്തില്‍ ഇക്കാര്യവും അരുണിമക്കെതിരെ ഉയര്‍ന്നു.
അതേസമയം മുതിര്‍ന്ന അഭിഭാഷകയോട് പെരുമാറിയതുമായി ബന്ധപ്പെട്ടു ഒരു സ്ത്രീയെന്ന പരിഗണന വെച്ചുകൊണ്ട് മാപ്പുപറയാമെന്ന് അരുണിമ യോഗത്തില്‍ വ്യക്തമാക്കി.
എന്നാല്‍ ‘ഫേസ്ബുക്ക് പരാമര്‍ശവുമായി ബന്ധപ്പെട്ട സംഭവത്തില്‍ ബാറിലെ പുരുഷ കേസരികളായ അഭിഭാഷകര്‍ താന്‍ മാപ്പു പറയുമെന്ന് ചിന്തിക്കുന്നുണ്ടെങ്കില്‍ അത് കേവലം പകല്‍ സ്വപ്‌നം മാത്രമായിരിക്കു’മെന്ന് അരുണിമ പരസ്യമായി പറഞ്ഞു. ഇതോടെയാണ് ബാര്‍ അസോസിയേഷന്‍ ഹാള്‍ സംഘര്‍ഷ പൂരിതമായത്.
അരുണിമയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ ഉന്തും തള്ളും കസേരയേറും വരെ ഉണ്ടായി. മണിക്കൂറുകള്‍ക്ക് ശേഷമാണ് സ്ഥിതിഗതികള്‍ ശാന്തമായത്.