Connect with us

Kasargod

അടക്കാ നിരോധം: ബി ജെ പി ഹര്‍ത്താല്‍ ഭാഗികം

Published

|

Last Updated

കാസര്‍കോട്: അടക്കാ നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ബി ജെ പി ജില്ലാ കമ്മിറ്റി കാസര്‍കോട്ട് ആഹ്വാനം ചെയ്ത ഉച്ചവരെയുള്ള ഹര്‍ത്താലിന് സമ്മിശ്ര പ്രതികരണം. രാവിലെ ആറുമുതല്‍ ഉച്ചക്ക് 12 വരെയായിരുന്നു ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നത്. സ്വകാര്യ ബസുകളും കെ എസ് ആര്‍ ടി സി ബസുകളും ഓടാതിരുന്നതൊഴിച്ചാല്‍ മറ്റു വാഹനങ്ങള്‍ നിരത്തിലിറങ്ങി.
സര്‍വീസ് നടത്തുകയായിരുന്ന സ്വകാര്യ ബസുകളെ ചിലേടങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ സര്‍വീസ് നടത്തുകയായിരുന്ന കെ എസ് ആര്‍ ടി സി ബസിനെ പ്രകടനമായെത്തിയ ഹര്‍ത്താലനുകൂലികള്‍ തടയുകയും യാത്രക്കാരെ ഇറക്കിവിടാന്‍ ശ്രമിക്കുകയും ചെയ്തു. ഇത് വാക്കേറ്റത്തിനു കാരണമായി. സര്‍ക്കാര്‍ ഓഫീസുകള്‍ പതിവുപോലെ പ്രവര്‍ത്തിച്ചുവെങ്കിലും ഹാജര്‍നില കുറവായിരുന്നു.
ഉച്ചക്കുശേഷം സ്വകാര്യ ബസുകളും കെ എസ് ആര്‍ ടി സി ബസുകളും പതിവുപോലെ സര്‍വീസ് നടത്തി. എന്നാല്‍ സ്വകാര്യ ബസുകളില്‍ ചിലത് സര്‍വീസ് നടത്തിയില്ല. കടകമ്പോളങ്ങള്‍ ഭൂരിഭാഗവും തുറന്നു പ്രവര്‍ത്തിച്ചു. പാല്‍, പത്രം, ആശുപത്രി, ശബരിമല തീര്‍ഥാടനം, കല്യാണം തുടങ്ങി അവശ്യസര്‍വീസുകളെയും വെള്ളരിക്കുണ്ടില്‍ നടക്കുന്ന കാര്‍ഷികമേളയെയും പങ്കെടുക്കാനെത്തുന്നവരെയും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിരുന്നു.
ഹര്‍ത്താലിനോടനുബന്ധിച്ച് അനിഷ്ട സംഭവങ്ങളുണ്ടാവാതിരിക്കാന്‍ പോലീസ് ജാഗ്രത പുലര്‍ത്തിയിരുന്നു.