Connect with us

Palakkad

നൊട്ടമല വളവുകള്‍ വയനാട് ചുരം മാതൃകയില്‍ നവീകരിക്കുന്നു

Published

|

Last Updated

മണ്ണാര്‍ക്കാട്: ദേശീയപാതയിലെ നൊട്ടമലവളവുകള്‍ വയനാടന്‍ചുരം മാതൃകയില്‍ നവീകരിക്കുന്നതിന് തുടക്കമായി. കോഴിക്കോട്പാലക്കാട് പാതയെ 2004ലാണ് ദേശീയപാതയായി പ്രഖ്യാപിച്ചത്. റോഡുതകര്‍ച്ച പതിവായതിനെത്തുടര്‍ന്ന നടന്ന ഒട്ടേറെ പ്രതിഷേധങ്ങള്‍ക്കും ജനകീയസമരങ്ങള്‍ക്കുമൊടുവിലാണ് പ്രശ്‌നത്തിന് പരിഹാരമാവുന്നത്.
വയനാട്ചുരം നവീകരിച്ച മാതൃകയില്‍ റോഡ് കോണ്‍ക്രീറ്റിട്ട് ഇന്റര്‍ലോക്കിംഗ് ടൈലുകള്‍ പതിച്ച് ഉപരിതലം ബലപ്പെടുത്തുന്ന പണി തുടങ്ങി. ഒന്നാംവളവില്‍ ഏഴ് മീറ്റര്‍ ഉയരത്തില്‍ സംരക്ഷണഭിത്തി കെട്ടിയശേഷം വളവ് പരമാവധി നിവര്‍ത്തിയിട്ടായിരിക്കും പണി നടത്തുക. കേന്ദ്രഫണ്ടില്‍നിന്ന് ഒന്നരവര്‍ഷം മുമ്പ് അനുവദിച്ച രണ്ടരക്കോടി ചെലവിലാണ് നൊട്ടമലയിലെ ഇരുവളവുകളും വീതികൂട്ടി ഗതാഗതയോഗ്യമാക്കുന്നത്. നൊട്ടമലവളവുകള്‍ ദേശീയപാതയില്‍ തുടര്‍ച്ചയായി ഗതാഗത സ്തംഭനങ്ങളും അപകടങ്ങളുമുണ്ടാക്കുന്ന കൊടുംവളവുകളാണ്. ഇവിടെ റോഡിനും സംരക്ഷണഭിത്തിക്കും അടിക്കടിയുണ്ടാകുന്ന തകര്‍ച്ചയാകട്ടെ ഈ വളവുകളില്‍ അപകടസാധ്യതയും വര്‍ധിപ്പിച്ചുകൊണ്ടിരുന്നു.
വയനാടന്‍ചുരത്തില്‍ ഇന്റര്‍ലോക്ക് സംവിധാനം ഏര്‍പ്പെടുത്തിയ കോഴിക്കോട് നാഥ് കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് നൊട്ടമല വളവുകളുടെയും നിര്‍മാണച്ചുമതല. രണ്ട് വാഹനങ്ങള്‍ക്ക് ഒരേസമയം കടന്നുപോകാവുന്ന വിധത്തില്‍ വീതികൂട്ടിയാണ് പ്രവൃത്തി. ഗതാഗതത്തിന് തടസ്സമുണ്ടാവുകയില്ലെന്ന് അധികൃതര്‍ പറഞ്ഞു. ഇരു വളവുകളിലും അഴുക്കുചാലുകളും കാല്‍നടയാത്രക്കാര്‍ക്ക് നടക്കാന്‍ പ്രത്യേക സംവിധാനവും ഒരുക്കിയാണ് നവീകരണം പൂര്‍ത്തിയാക്കുകയെന്ന് ദേശീയപാതാ വിഭാഗം അധികൃതര്‍ വ്യക്തമാക്കി.

 

Latest