യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിന് നേരെ സി പി എം അക്രമം

Posted on: January 11, 2014 12:15 am | Last updated: January 11, 2014 at 12:15 am

വടക്കഞ്ചേരി: അഴിമതിക്കെതിരെ കിഴക്കഞ്ചേരി പഞ്ചായത്ത് ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിന് നേരെ സി പി എമ്മിന്റെ അക്രമം. രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. കിഴക്കഞ്ചേരി വടക്കേത്തറ എം മണികണ്ഠന്‍ (37), കിഴക്കഞ്ചേരി എളങ്കാവ് രാജു (22) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരെ വടക്കഞ്ചേരി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയായിരുന്നു സംഭവം.
മണികണ്ഠന്റെ ബൈക്കും അക്രമികള്‍ കൊണ്ടുപോയി. എസ് സി, എസ് ടി കോളനികളിലെ തെരുവ് വിളക്കുകള്‍ കത്തിക്കാനായി അനുവദിച്ച തുക ചെലവഴിച്ചതില്‍ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനു നേരെയായിരുന്നു സി പി എമ്മിന്റെ അക്രമം. പ്രകടനത്തിനിടയില്‍ കയറിയായിരുന്നു അക്രമം. പ്രകടനത്തില്‍ പങ്കെടുത്ത പഞ്ചായത്ത് അംഗങ്ങളെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. പരാതിയെത്തുടര്‍ന്ന് വടക്കഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നടന്ന ധര്‍ണ കെ പി സി സി അംഗം ഫ്രാന്‍സിസ് കോമ്പാറ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം കെ ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു.
അംഗങ്ങളായ പി ഷണ്‍മുഖന്‍, ജിസു, വിജയന്‍, രമാദേവി, സുജ അനില്‍കുമാര്‍, ചന്ദ്രിക, സിജു എന്നിവര്‍ പ്രസംഗിച്ചു. പ്രകടനത്തിനു ശേഷം നടന്ന ധര്‍ണ കനത്ത പോലീസ് കാവലിലായിരുന്നു.