മോഷണം ആസൂത്രണം നടത്തുന്നതിനിടെ അഞ്ച് പേര്‍ പോലീസ് പിടിയില്‍

Posted on: January 11, 2014 12:13 am | Last updated: January 11, 2014 at 12:13 am

കൊണ്ടോട്ടി: മോഷണം ആസൂത്രണം നടത്തുന്നതിനിടെ നിരവധി കേസുകളില്‍ പ്രതികളായ അഞ്ച് പേര്‍ പോലീസ് പിടിയിലായി.
പെരകമണ്ണ മണക്കാട് ചാത്തല്ലൂര്‍ കുന്നുമ്മല്‍ റിയാസ് ബാബു (29) പെരുവള്ളൂര്‍ കൂമണ്ണ ഏറാട് വീട്ടില്‍ മുഹമ്മദ് സിയാദ് (23) മഞ്ചേരി കരുവമ്പ്രം പള്ളിയാളി വീട്ടില്‍ അബ്ദുല്‍ നിഷാല്‍(31) മഞ്ചേരി പയ്യനാട് ചാമക്കാപറമ്പ് ചക്കിയത്ത് വീട്ടില്‍ സുഹൈല്‍(22) മഞ്ചേരി പട്ടര്‍കുളം കൂളിമാട് വളപ്പില്‍ വീട്ടില്‍ അബ്ദുല്‍ റഫീഖ് (26) എന്നിവരാണ് പിടിയിലായത്.
കരിപ്പൂര്‍ കുമ്മിണിപറമ്പ് ഇഞ്ചിപ്പാറയില്‍ വെച്ചാണ് ഇവര്‍ പിടിയിലാകുന്നത്. ഇന്നലെ പുലര്‍ച്ചെ സി ഐ യുടെ നേതൃത്വത്തില്‍ പോലീസ് പട്രോളിംഗ് നടത്തുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. ബൊലേറോ കാറില്‍ ഇഞ്ചിപ്പാറയില്‍ നില്‍കുകയായിരുന്ന ഇവര്‍ പോലീസ് വാഹനം കണ്ടപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് വാഹനം മറികടന്ന് വിലങ്ങിട്ട് ഇവരെ പിടികൂടുകയായിരുന്നു.
ഇതിനിടെ വണ്ടി ഓടിച്ചിരുന്നയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് പിന്തുടര്‍ന്ന് പിടികൂടി. അതിനിടെ ഇയാള്‍ കല്ലുകൊണ്ട് പോലീസിനെ നേരിടുകയും ചെയ്തു. ഇത് പോലീസ് വിഫലമാക്കി. മുളക് പൊടി, സ്‌ക്രൂ ഡ്രൈവര്‍, മരക്കഷ്ണങ്ങള്‍ തുടങ്ങിയ വസ്തുക്കള്‍ കാറില്‍ നിന്നും കണ്ടെടുത്തു. ഇവരുടെ പോക്കറ്റില്‍ നിന്നും മുളക് പൊടി കണ്ടെടുത്തിരുന്നു.
മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി 30 ലധികം വാഹന മോഷണ കേസുകളില്‍ പ്രതിയാണ് റിയാസ്.
മലപ്പുറം, കരിപ്പൂര്‍, കുന്ദംകുളം, തേഞ്ഞിപ്പലം, മുക്കം എന്നീ പോലീസ് സ്‌റ്റേഷനുകളില്‍ വാഹന മോഷണ കേസുകളില്‍ പ്രതിയാണ് സിയാദ്. കുപ്രസിദ്ധ വാഹന മോഷ്ടാവ് വീരപ്പന്‍ റഹീമിന്റെ മകനാണ് ഇയാള്‍. നിഷാല്‍, സുഹൈല്‍, റഫീഖ് എന്നിവര്‍ക്കെതിരെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ കഞ്ചാവ് കേസ് നിലവിലുണ്ട്. ഈ കേസുകളില്‍ ജാമ്യത്തിലിറങ്ങിയവരാണിവര്‍.
സി ഐ എ പ്രേംജിത്ത്, എസ് ഐ കുഞ്ഞന്‍, എസ് സി പി ഒ അശ്‌റഫ് ചുക്കന്‍, സി പി ഒ മാരായ കെ അനില്‍, പി സാമി എന്നിവര്‍ ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. മലപ്പുറം കോടതില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഇവരെ കസ്റ്റഡിയില്‍ വാങ്ങും.