വരള്‍ച്ചാ പ്രതിരോധം: മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും

Posted on: January 11, 2014 12:12 am | Last updated: January 11, 2014 at 12:12 am

മലപ്പുറം: വരള്‍ച്ച നേരിടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കം. ഇതു സംബന്ധിച്ച മാസ്റ്റര്‍ പ്ലാന്‍ രണ്ടാഴ്ചയ്ക്കകം തയ്യാറാക്കുമെന്ന് ജില്ലാ കലക്ടര്‍ കെ ബിജു അറിയിച്ചു.
മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് മുന്നോടിയായി പ്രൊജക്റ്റ് സമര്‍പ്പിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. ഈമാസം 25നകം പ്രൊജക്റ്റ് നല്‍കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം കുടിവെള്ള ക്ഷാമം രൂക്ഷമായിടങ്ങളില്‍ പ്രത്യേക പരിഗണന നല്‍കും.
തീരദേശ മേഖലകളിലും ആദിവാസി കോളനികളിലും കുടിവെള്ളത്തിന്റെ ലഭ്യത ഉറപ്പു വരുത്തും. തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി കുളങ്ങളും തോടുകളും സംരക്ഷിക്കും. മുടങ്ങി കിടക്കുന്ന കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കാനും കലക്ടര്‍ നിര്‍ദേശം നല്‍കി.
ജലചൂഷണം നടത്തുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയും കണ്ടെത്തുന്നതിന് പ്രത്യേക റെയ്ഡ് നടത്താനും ജില്ലാ കലക്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.
എ ഡി എം പി മുരളീധരന്‍, കോട്ടക്കല്‍ നഗരസഭാ ചെയര്‍പേഴ്‌സന്‍ സുലൈഖാബി, ഡെപ്യൂട്ടി കലക്ടര്‍ കെ എം പങ്കജാക്ഷി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്റ്റര്‍ വി പി സുകുമാരന്‍, തഹസില്‍ദാര്‍മാര്‍ പങ്കെടുത്തു.